July 13, 2025 |

‘എന്‍എസ്എസിന് നല്‍കാമെങ്കില്‍ ഞങ്ങള്‍ക്കും വേണം’; കൗണ്‍സില്‍ അംഗീകരിച്ചാല്‍ സ്ഥലം നല്‍കുമെന്ന് നഗരസഭ

പാലക്കാട് പൊതുശ്മശാനത്തില്‍ ഭൂമി ആവശ്യപ്പെട്ട് കൂടുതല്‍ സംഘടനകള്‍

പാലക്കാട് നഗരസഭയ്ക്ക് കീഴില്‍ മാട്ടുമന്ത പൊതുശ്മശാനത്തില്‍ സംസ്‌കാരത്തിനായി എന്‍എസ്എസിന് ഷെഡ് പണിയാന്‍ പ്രത്യേക ഭൂമി അനുവദിച്ച പാലക്കാട് നഗരസഭയുടെ നടപടി വിവാദമായിരിക്കുകയാണ്. ശവസംസ്‌കാരത്തിന് ഷെഡ് പണിയാന്‍ എന്‍എസ്എസിന് അനുമതി നല്‍കിയതോടെ കൂടുതല്‍ ജാതി സംഘടനകള്‍ ഭൂമി ആവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിരിക്കുകയാണ്. കൗണ്‍സില്‍ യോഗത്തില്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്ഥലം അനുവദിക്കുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ അഴിമുഖത്തോട് പറഞ്ഞു.

‘ശ്മശാനത്തില്‍ ജാതിമതിലൊന്നും ആരും കെട്ടുന്നില്ല. എന്‍എസ്എസിന് 20 സെന്റ് സ്ഥലം കൗണ്‍സില്‍ അംഗീകാരത്തോടെ അനുവദിച്ച് കൊടുത്തതാണ്. സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തുന്നവര്‍ക്ക് കുളിക്കാന്‍ ഒരു ഷെഡും ബോര്‍വില്ലും പൈപ്പും ആണ് പണിയുന്നത്. ഇതിനായിരുന്നു നഗരസഭ അനുമതി നല്‍കിയത്. എന്നാല്‍ അവിടെ പുരോഗമിച്ചുവന്ന ചുറ്റുമതില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ എന്‍എസ്എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹികവിരുദ്ധരുടെ ശല്യത്തെ തുടര്‍ന്നായിരുന്നു എന്‍എസ്എസ് ചുറ്റുമതി കെട്ടിയത്. അതുകൊണ്ട് പാലക്കാട് നഗരസഭ തന്നെ സ്‌പോണ്‍സര്‍ഷിപ്പോടെ ചുറ്റുമതില്‍ പണി പൂര്‍ത്തിയാക്കും” ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

”ഈ പൊതുശ്മശാനം ഇന്ന് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കള്ള് കുപ്പികളും, സിറിഞ്ചുകളുമൊക്കെയാണ് അവിടെ കിടക്കുന്നത്. കൂടാതെ മരണപ്പെട്ട ആളുകള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളൊക്കെയും ശ്മശാനത്തിലാണ് കൊണ്ടുവന്ന് തള്ളുന്നത്. ഇത്തരത്തില്‍ ആളുകള്‍ അനധികൃതമായി ശ്മശാനത്തിലേക്ക് കടക്കാതിരിക്കാനാണ് ചുറ്റുമതില്‍ നഗരസഭ തന്നെ പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. മഴ വരുമ്പോള്‍ കയറി നില്‍ക്കാനും കര്‍മങ്ങള്‍ ചെയ്യാനുമൊക്കെയാണ് ഷെഡ് പണിയാന്‍ എന്‍എസ്എസിന് നഗരസഭ അനുമതി നല്‍കിയത്. നിലവില്‍ ബ്രാഹ്‌മണ സമുദായത്തിനും നെടുങ്ങാടി സമുദായത്തിനും അവിടെ ഷെഡുകള്‍ ഉണ്ട്. 15 ലക്ഷം രൂപ ചെലവില്‍ ഷെഡ് നിര്‍മിക്കാനാണ് നഗരസഭ എന്‍എസ്എസിന് അനുമതി നല്‍കിയത്” ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

”25 വര്‍ഷം മുമ്പ് ഹൗസിങ് ബോര്‍ഡിന് കെട്ടിടം നിര്‍മിക്കാനായി ഒന്നരഏക്കര്‍ ഭൂമി പാലക്കാട് നഗരസഭ വിട്ടുനല്‍കിയിട്ടുണ്ട്. ആറ് ഏക്കറോളം വരുന്ന ഈ സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യത്തിനെതിരെയാണ് മതില്‍ കെട്ടുന്നത്. അല്ലാതെ ജാതി വേര്‍തിരിച്ചിട്ടില്ല. അങ്ങനെ ജാതി വേര്‍തിരിക്കാന്‍ പറ്റിയ സ്ഥലമല്ല അത്. അവിടെ ജാതിയോ മതമോ ഒന്നുമില്ല. അതൊരു പൊതുശ്മശാനമാണ്. മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുന്നത്”ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അഴിമുഖത്തോട് വ്യക്തമാക്കി.

വലിയപാടം എന്‍എസ്എസ് കരയോഗത്തിന് നഗരസഭ 20 സെന്റ് ഭൂമി അനുവദിച്ച് നല്‍കിയത് വിവാദമായതോടെ, എസ്എസിന് കൊടുക്കാമെങ്കില്‍ തങ്ങള്‍ക്കും പ്രത്യേക ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് ഈഴവ, വിശ്വകര്‍മ സമുദായങ്ങളും നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

“പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 28 കൗണ്‍സിലര്‍മാരാണ് ഉള്ളത്. പലപ്പോഴും അജണ്ടകള്‍ വായിക്കാതെ പാസായി എന്ന് പറഞ്ഞ് ചെയര്‍പേഴ്‌സണ്‍ എഴുന്നേറ്റ് പോകുകയാണ് പതിവ്. പ്രതിപക്ഷം വിയോജിപ്പ് നഗരസഭാ സെക്രട്ടറിയെ അറിയിച്ചാലും ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ളത് കൊണ്ടുതന്നെ എല്ലാ ബില്ലുകളും പാസാക്കി എടുക്കും” യുഡിഎഫ് കൗണ്‍സിലര്‍ വിപിന്‍ അഴിമുഖത്തോട് പറഞ്ഞു.

സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനായി 2023 സെപ്തംബര്‍ 15 നാണ് എന്‍എസ്എസ് കരയോഗം നഗരസഭയോട് സ്ഥലം ആവശ്യപ്പെട്ടത്. വിവിധ ജാതി മത വിഭാഗങ്ങള്‍ക്ക് പൊതുശ്മശാനത്തില്‍ അതിര് തിരിച്ച് നല്‍കുന്നത് ജാതി സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്കിന് കാരണമാകുമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

“പൊതുശ്മശാനത്തില്‍ ഒരു ജാതി സംഘടനയ്ക്കും ഭൂമി അനുവദിക്കാന്‍ പാടില്ലാത്തതാണ്. തെറ്റായ നടപടിക്രമങ്ങള്‍ ഉണ്ടാക്കിയതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്. ഹെഡ്‌ഗേവാറിന്റെ പേരിടണം എന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചകളില്ലാതെ പാസാക്കി എടുത്ത തീരുമാനമാണ് എന്‍എസ്എസിന് പ്രത്യേക ഭൂമി എന്നത്. തീരുമാനവുമായി നഗരസഭ മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും” സിപിഎം ജില്ലാ കമ്മിറ്റിയംഗം സിപി പ്രമോദ് അഴിമുഖത്തോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 11 നായിരുന്നു പാലക്കാട് നഗരസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ബഡ്‌സ് സ്‌കൂളിന് ആര്‍എസ്എസ് നേതാവ് കെബി ഹെഡ്‌ഗേവാറിന്റെ പേരിടുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ അരങ്ങേറിയത്. തറക്കല്ലിടല്‍ ചടങ്ങില്‍ തന്നെ കെട്ടിടത്തിന് പേര് നിശ്ചയിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും വന്‍ പ്രതിഷേധമായിരുന്നു നഗരസഭയ്‌ക്കെതിരെ നടത്തിയത്. palakkad municipal corporation crematorium; more organizations demanding special land

Content Summary: palakkad municipal corporation crematorium; more organizations demanding special land

Leave a Reply

Your email address will not be published. Required fields are marked *

×