നോ അദര്‍ ലാന്‍ഡ് എന്ന ഡോക്യുമെന്ററിയിലൂടെ ഒസ്‌കാര്‍ പുരസ്‌കാരം നേടിയ പലസ്തീന്‍ സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ ഇസ്രയേലി കുടിയേറ്റക്കാര്‍ വീട് ആക്രമിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യത്തിന് കൈമാറുകയായിരുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന വെസ്റ്റ് ബാങ്കിന്റെ നാശം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ് നോ അദര്‍ ലാന്‍ഡ്. ഇതിന്റെ നാല് സംവിധായകരില്‍ ഒരാളാണ് ഹംദാന്‍. ഹെബ്രോണിന് തെക്ക് മസാഫര്‍ യാട്ട പ്രദേശത്തുള്ള സുസ്യയിസുള്ള ഹംദാന്റെ വീട് വളഞ്ഞാണ് 15 പേര് അടങ്ങുന്ന കുടിയേറ്റ സായുധ സംഘം ആക്രമണം നടത്തിയത്. ഹംദാന്‍ ബല്ലാലിന്റെ വീട് മുഖംമൂടി ധരിച്ച ഇസ്രായേലി കുടിയേറ്റക്കാര്‍ ആക്രമിക്കുകയായിരുന്നു, പലസ്തീനികള്‍ക്കെതിരെ കല്ലെറിയുകയും അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ഒരു വാട്ടര്‍ ടാങ്ക് തകര്‍ക്കുകയും ചെയ്തതുവെന്നാണ്, ഈ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷികളായ അഞ്ചു ജൂത-അമേരിക്കന്‍ ആക്ടിവിസ്റ്റുകളിലൊരാള്‍ ദി ഗാര്‍ഡിയനോടു വെളിപ്പെടുത്തിയത്. യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍.
ആദ്യത്തെ ആക്രമണത്തിന് ശേഷം സ്ഥലത്തേക്ക് ഇസ്രയേലി സൈനികര്‍ എത്തി. അവരോടൊപ്പം സൈനിക യൂണിഫോം ധരിച്ച വേറെയും ഇസ്രയേലി കുടിയേറ്റക്കാരുണ്ടായിരുന്നു. ഇവര്‍ ഹംദാനെ പിന്തുടര്‍ന്നു പിടികൂടി സൈന്യത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ ഹംദാന്റെ വീടിന്റെ ജനല്‍ ചില്ലുകളും വിന്‍ഡ് ഷീല്‍ഡുകളും തകര്‍ത്തു, അദ്ദേഹത്തിന്റെ വാഹനത്തിന്റെ ചില്ലുകളും, വണ്ടിയുടെ ടയറും കുത്തിപ്പൊട്ടിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ നിലയിലാണ് ഹംദാനെ ഇസ്രയേല്‍ സൈന്യത്തിന് കൈമാറുന്നത്.
അനിഷ്ട സംഭവങ്ങള്‍ക്കു ശേഷം തങ്ങള്‍ ഹംദാന്റെ വീട്ടിലേക്ക് ചെന്നിരുന്നു. അവിടെ തറയില്‍ രക്തം കിടപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തലയില്‍ അടിയേറ്റിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്, ആക്ടിവിസ്റ്റുകള്‍ പറയുന്നു. അവര്‍ സംഭവങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. സംവിധായകനൊപ്പം നാസര്‍(പൂര്‍ണമായ പേര് വ്യക്തമല്ല) എന്നൊരാളെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയി. എന്തിനാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഇസ്രയേല്‍ പൗരന്മാര്‍ക്ക് നേരെ ‘ഭീകരര്‍’ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് പലസ്തീനികളും ഇസ്രയേലികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി എന്നാണ ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഏറ്റുമുട്ടല്‍ പിരിച്ചുവിടാന്‍ ഐഡിഎഫും ഇസ്രയേലി പോലീസ് സേനയും എത്തി, ഈ സമയത്ത്, നിരവധി തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി എന്നും ഐഡിഎഫ് പ്രസ്താവനയില്‍ പറയുന്നു. തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതായി സംശയിക്കുന്ന മൂന്ന് പലസ്തീനികളെ സൈന്യം പിടികൂടി, അക്രമാസക്തമായ ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ഒരു ഇസ്രയേലി സിവിലിയനെയും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്തവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇസ്രയേല്‍ പോലീസ് കൊണ്ടുപോയി എന്നും ഐഡിഎഫ് പറയുന്നു.
‘ നോ അദര്‍ ലാന്‍ഡ്- ന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരവും പ്രശസ്തിയും ഇസ്രയേലി കുടിയേറ്റക്കാരുടെ ആക്രമണം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെന്നാണ് ഡോക്യുമെന്ററിയുടെ സംവിധായകരിലൊരാളായ ബാസല്‍ അദ്ര പ്രതികരിച്ചത്. ”ഗ്രാമത്തിലെ പലസ്തീനികള്‍ മിക്കവാറും എല്ലാ ദിവസവും കുടിയേറ്റക്കാരുടെ ശാരീരിക ആക്രമണത്തിന് വിധേയരാകുന്നുണ്ട്. ഇവിടെ കുടിയേറ്റക്കാരുടെ അക്രമം വര്‍ദ്ധിച്ചുവരികയാണ്. ഒരുപക്ഷേ ഇത് സിനിമയ്ക്ക് ഒസ്‌കാര്‍ ലഭിച്ചതിനുള്ള പ്രതികാരമായിരിക്കാം”; അദ്ര പറയുന്നു. സുസ്യയില്‍ നടന്ന ആക്രമണത്തിന് ദൃക്‌സാക്ഷിയാണ് അദ്ര. അക്രമത്തെ ‘ഭയാനകം’ എന്നാണ് അദ്ദേഹം വിവരിച്ചത്. ‘ഇസ്രയേല്‍ പട്ടാളക്കാര്‍ക്കൊപ്പം ഡസന്‍ കണക്കിന് കുടിയേറ്റക്കാരും ഉണ്ടായിരുന്നു, അവര്‍ ആയുധങ്ങള്‍ കാണിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു,’ സംവിധായകന്‍ വെളിപ്പെടുത്തുന്നു. തുടക്കം മുതല്‍ പോലീസ് അവിടെ ഉണ്ടായിരുന്നു, അവര്‍ ഇടപെട്ടില്ല. പട്ടാളക്കാര്‍ ഞങ്ങളെ ആയുധങ്ങള്‍ ചൂണ്ടി ഭീഷണിപ്പെടുത്തി. ഈ സമയത്താണ് ഇസ്രയേലി കുടിയേറ്റക്കാര്‍ പലസ്തീനികളുടെ വീടുകള്‍ ആക്രമിക്കാന്‍ തുടങ്ങിയത്’ – അദ്ര തുടരുന്നു.
‘ഹംദാന്‍ തന്റെ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. കുടിയേറ്റക്കാര്‍ അദ്ദേഹത്തെ ആക്രമിച്ചുകൊണ്ടിരുന്നു. ഹംദാനെ സഹായിക്കാന്‍ ആരും വരാതിരിക്കാന്‍ പട്ടാളക്കാര്‍ ആകാശത്തേക്ക് വെടിവച്ചുകൊണ്ടിരുന്നു. സഹായത്തിനായി അദ്ദേഹം നിലവിളിച്ചു. ഹംദാനെ ആക്രമിക്കാന്‍ കുടിയേറ്റക്കാരെ അനുവദിക്കുകയായിരുന്നു സൈന്യം. തുടര്‍ന്നു സൈന്യം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി’, ബാസല്‍ അദ്ര പറയുന്നു. Palestinian Director of Oscar-Winning Documentary Attacked, Arrested
Content Summary; Palestinian Director of Oscar-Winning Documentary Attacked, Arrested
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.