March 17, 2025 |
Share on

പലസ്തീനികളെ ​ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കണം; വിവാദ പരാമർശവുമായി വീണ്ടും ട്രംപ്

നിർദേശത്തെ തള്ളി ഈജിപ്തും ജോർദാനും

ഈജിപ്തിനോടും ജോർദാനോടും കൂടുൽ പലസ്തീനികളെ സ്വീകരിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം, യുഎസിന് ഇസ്രയേലിനോടുള്ള അനുഭാവത്തെ തുറന്നുകാണിക്കുന്നതായി വിമർശനം.Palestinians must be evicted from Gaza:Trump

പലസ്തീനികളോട് ​ഗാസ വിട്ട് പോകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ട്രംപിന്റെ പരാമർശം. ഇസ്രയേലിനോടുള്ള തന്റെ പിന്തുണ അറിയിക്കുകയാണ് ഇതുവഴി ട്രംപ് ചെയ്തിരിക്കുന്നത്.

ഗാസയെ പൊളിറ്റിക്കൽ സൈറ്റ് എന്ന് വിശേഷിപ്പിച്ച ട്രംപ്, പലസ്തീനികളെ ജോർദാനിലേക്കോ ഈജിപ്തിലേക്കോ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശിച്ചു. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായും ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായും വിഷയം ചർച്ച ചെയ്തുവെന്നും ട്രംപ് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

എന്നാൽ ഗാസയിലെ രണ്ട് ദശലക്ഷം നിവാസികളെ മാറ്റിപ്പാർപ്പിക്കണമെന്ന നിർദേശം ഈജിപ്തും ജോർദാനും നിരസിച്ചു. പലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് മാറ്റുന്നത് പ്രാദേശിക സ്ഥിരതക്ക് ഭീഷണിയാണെന്നും മേഖലയിൽ സംഘർഷം വർദ്ധിക്കാൻ കാരണമാകുമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പലസ്തീനികളെ കുടിയിറക്കുന്നതിനെതിരെയുള്ള എതിർപ്പ് ജോർദാനും അറിയിച്ചു. ജോർദാൻ ജോർദാനികൾക്കുള്ളതാണെന്നും പലസ്തീൻ പലസ്തീനികൾക്കുള്ളതാണെന്നും പ്രാദേശിക സ്ഥിരതക്ക് അത് അത്യന്താപേക്ഷിതമാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി പറഞ്ഞു. പലസ്തീന് രാഷ്ട്രപദവി നൽകുന്നതാണ് പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.

പലസ്തീനിലെ രണ്ട് പ്രധാന വിഭാഗങ്ങളായ ഹമാസും ഫതഹും കുടിയിറക്കമെന്ന ആശയത്തെ പൂർണമായി നിരസിച്ചു. തങ്ങളുടെ ഭൂമിയിൽ തുടരാൻ ​ഗാസയിലെ ജനങ്ങൾ വളരെയധികം യാതനകൾ സഹിച്ചു. പതിനഞ്ച് മാസത്തോളം അവർ തങ്ങളുടെ ഉറ്റവരുടെ മരണവും നാടിന്റെ തകർച്ചയും കണ്ടു. 21ാം നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ പതനമായിരുന്നു ​ഗാസ മുനമ്പിലേത്. ഇതെല്ലാം അവർ സഹിച്ചത് സ്വന്തം മണ്ണിൽ കഴിയാനാണ്. അതുകൊണ്ട് തന്നെ ട്രംപിന്റെ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അം​ഗം ബാസെം നയിം പറഞ്ഞു.

അതേസമയം, ട്രംപ് മുന്നോട്ട് വെച്ച ആശയത്തെ ഇസ്രയേലിലെ രാഷ്ട്രീയ തലവൻമാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പുതിയൊരിടത്ത് പുതിയ ജീവിതം ആരംഭിക്കാൻ പലസ്തീനികളെ സഹായിക്കുന്നതിനുള്ള മഹത്തായ ആശയമാണെന്നാണ് ഇസ്രയേൽ ധനകാര്യ മന്ത്രി ബെസാലെൽ സ്മോട്രിച്ച് പറഞ്ഞത്. പലസ്തീനികളെ ​ഗാസയിൽ നിന്നും മാറ്റിപാർപ്പിച്ച്, ഭാവിയിലെ ജൂത വാസസ്ഥലങ്ങൾക്കായി പ്രദേശം സുരക്ഷിതമാക്കാൻ സ്മോട്രിച്ച് വളരെക്കാലമായി പ്രയത്നിക്കുകയാണ്.

ദശലക്ഷക്കണക്കിന് പലസ്തീൻ അഭയാർത്ഥികൾ ജോർദാൻ, സിറിയ, ലെബനൻ എന്നിവിടങ്ങളിലും മറ്റ് അറബ് രാജ്യങ്ങളിലും ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. എന്നാൽ പുനരധിവാസത്തെ പലസ്തീനികളും അവരുടെ സഖ്യകക്ഷികളും ശക്തമായി എതിർക്കുന്നു. പലസ്തീൻ രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളെ ഇത് നശിപ്പിക്കുമെന്നാണ് പലസ്തീനികൾ പറയുന്നത്. ഈജിപ്തും ജോർദാനും പലസ്തീൻ രാഷ്ട്രത്വത്തെ ശക്തമായി പിന്തുണക്കുന്നു. കുടിയിറക്കമെന്ന നിർദേശം പരാജയമാകാൻ പോകുന്ന ഒരു ആശയമാണെന്ന് ഈജിപ്ഷ്യൻ പൊളിറ്റിക്കൽ അനലിസ്റ്റ് മഗെദ് മണ്ടൂർ പറഞ്ഞു.

പലസ്തീനികളെ തങ്ങളുടെ പ്രദേശത്തേക്ക് അനുവദിക്കുന്നത് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് ഈജിപ്ത് ഭയപ്പെടുന്നുണ്ട്. കാരണം, അഭയാർത്ഥികൾ ഈജിപ്ഷ്യൻ മണ്ണിൽ നിന്ന് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയാൽ ഇസ്രയേൽ കടുത്ത മാർഗങ്ങളിലൂടെയായിരിക്കും തിരിച്ചടിക്കുക. ഇത് 1979 ലെ സമാധാന ഉടമ്പടിയെ അപകടത്തിലാക്കുമെന്നും മിഡിൽ ഈസ്റ്റിലെ സ്ഥിരതക്ക് പ്രശ്നമാകുമെന്നും ഈജിപ്ത് നേരത്തെ തന്നെ അറിയിച്ചിരുന്നു.

നിലവിൽ ധാരാളം പലസ്തീനികൾ താമസിക്കുന്നുണ്ടെങ്കിലും കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കുന്നതിനെ ജോർദാനും ഭയക്കുന്നു. യുഎസ് ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുകയും ഈജിപ്തിനെയും ജോർദാനെയും കൂടുതൽ ഫലസ്തീനികളെ ഏറ്റെടുക്കാൻ നിർബന്ധിതരാകില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബൈഡനുൾപ്പെടെ ഉറപ്പുനൽകിയിരുന്നു. എന്നാൽ ട്രംപിൻ്റെ തിരിച്ചുവരവും യുഎസ് നയത്തിലെ മാറ്റങ്ങളും ഇരുരാജ്യങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

തങ്ങളുടെ മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുമോ എന്ന് പലസ്തീനികൾ ഭയപ്പെടുന്നു. ഗാസയിൽ 2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഏകദേശം 46,000 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് ദശലക്ഷത്തിലധികം പേർക്ക് പലായനം ചെയ്യേണ്ടതായും വന്നു. എന്നാൽ പലരും ഭയാനകമായ മാനുഷിക സാഹചര്യങ്ങൾക്കിടയിലും കുടിയിറക്കൽ ശ്രമങ്ങളെ ചെറുത്ത് തങ്ങളുടെ ഭൂമിയിൽ തുടരുമെന്ന് പ്രതിജ്ഞ ചെയ്തവരാണ്.Palestinians must be evicted from Gaza:Trump

Content summary: Palestinians must be evicted from Gaza; Trump again with controversial remarks
Donald trump Palestinians jordan egypt

×