നാലു വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ഇനി കൃത്യം ഒരു മാസം. ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി സ്‌റ്റേഡിയത്തിനു പുറത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ ജൂലൈ 26ന് പാരീസിലെ ഈഫല്‍ ടവറിനു മുന്‍വശത്തെ ഗാര്‍ഡന്‍ ഓഫ് ട്രൊകാഡറോയിലും അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റ് സെയ്ന്‍ നദിയില്‍ ഒഴുകുന്ന ബോട്ടുകളിലും വിസ്മയം തീര്‍ക്കും. ഇത്തവണ റെക്കോര്‍ഡ് മെഡല്‍കൊയ്ത് ലക്ഷ്യമിട്ടാണ് നമ്മുടെ ഇന്ത്യയും ഇറങ്ങുന്നത്. കഴിഞ്ഞ തവണ 2020 ടോക്കിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവും ഉള്‍പ്പെടെ ഏഴു മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതാണ് ഒളിംപിക്‌സില്‍ നിലവിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഇത്തവണ ഇത് മറികടക്കുകയാണ് ലക്ഷ്യം. ടോക്കിയോയില്‍ 124 അത്‌ലറ്റുകളെ അണിനിരത്തിയ ഇന്ത്യക്കായി ഇക്കുറിയും ഏറെക്കുറെ അത്രതന്നെ കായികതാരങ്ങള്‍ കളത്തിലിറങ്ങും. ഇതിനകം നൂറിനു മുകളില്‍ താരങ്ങള്‍ യോഗ്യത ഉറപ്പിച്ചു. ചില ഇനങ്ങളില്‍ ഇനിയും യോഗ്യത അവസരം ബാക്കി നില്‍ക്കേ പാരീസിലേക്കു പോകുന്ന ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന്റെ കൃത്യം എണ്ണം അറിയാനിരിക്കുന്നതേയുള്ളു. 200 ദേശങ്ങളില്‍ നിന്നായി 10500 കായികതാരങ്ങള്‍ ഇത്തവണ പാരീസില്‍ മറ്റുരയ്ക്കും.
നീരജ് ചോപ്ര
സ്വാഭാവികമായും ടോക്കിയോയില്‍ വിസ്മയം തീര്‍ത്ത നീരജ് ചോപ്രയില്‍ തന്നെയാണ് ഇന്ത്യ ഇക്കുറിയും ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്. ജാവലിന്‍ ത്രോയില്‍ സ്ഥിരത നിലനിര്‍ത്തുന്ന നീരജ് ഇക്കുറിയും മികച്ച ഫോമില്‍ തന്നെയാണ് പാരീസിലേക്ക് വിമാനം കയറുന്നത്. ഈ സീസണില്‍ ദോഹ ഡയമണ്ട് ലീഗില്‍ 88.36 മീറ്ററുമായി വെള്ളി നേടി മികച്ച തുടക്കമിട്ട നീരജ് ഇതുവരെ എത്തിപ്പിടിക്കാനാവാത്ത 90 മീറ്റര്‍ കടമ്പ പാരീസില്‍ മറികടക്കാനുള്ള പരിശ്രമത്തിലാണ്.
അന്തിം പങ്കല്‍
അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച താരമാണ് ഇന്ത്യയുടെ അന്തിം പംഗല്‍. അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാതാരം എന്ന റെക്കോഡുമായാണ് പംഗല്‍ ഒളിമ്പിക്‌സ് വേദിയിലേക്ക് പോവുന്നത്. ഹരിയാണയിലെ ഭഗാന ഗ്രാമത്തില്‍ ജനിച്ച പംഗല്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഒലീവിയ ആന്‍ഡ്രിച്ചിനെ അട്ടിമറിച്ചും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
പി വി സിന്ധു
2 ഒളിംപിക് മെഡലുകളും ഒട്ടേറെ ലോക ചാംപ്യന്‍ഷിപ് മെഡലുകളുമായാണ് ഇരുപത്തെട്ടുകാരി സിന്ധു ഇത്തവണ ലോകകായിക മാമാങ്ക വേദിയിലേക്ക് പോവുന്നത്. നിലവില്‍ ജര്‍മനിയില്‍ പരിശീലനത്തിലാണ് സിന്ധു.2016ല്‍ റിയോയില്‍ വനിതാ സിംഗിള്‍സില്‍ വെള്ളി നേടിയ സിന്ധു കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കലം സ്വന്തമാക്കിയത്.
മീര ബായ് ചാനു
2016ല്‍ റിയോ ഒളിംപിക്‌സില 48 കിലോ വിഭാഗം ഭാരോദ്വാഹന മത്സരത്തില്‍ ആറു ശ്രമങ്ങളില്‍ ഒരിക്കല്‍ മാത്രം ലക്ഷ്യം കണ്ട് കണ്ണീരോടെ മടക്കം. പിന്നാലെ വന്ന ടോക്യോ ഒളിമ്പിക്‌സില്‍ ആ കണ്ണീര്‍ പുഞ്ചിരിയാക്കി ഇന്ത്യയുടെ അഭിമാനമായ താരമാണ് മീര ബായ് ചാനു.49 കിലോ ഭാരദ്വോഹത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു കഴിഞ്ഞ തവണ ഉയര്‍ത്തിയത്. ആ ചരിത്രം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ചാനു.
ലക്ഷ്യ സെന്‍
രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളില്‍ ഇതിനകം വരവറിയിച്ച ബാഡ്മിന്റണ്‍ താരമാണ് ലക്ഷ്യ സെന്‍.
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ ഇരുപത്തിരണ്ടുകാരന്‍ ലോകവേദിയില്‍ എതിരാളികളുടെ നോട്ടപ്പുള്ളിയാണ്. ബെംഗളൂരുവിലെ പ്രകാശ് പദുക്കോണ്‍ രാഹുല്‍ ദ്രാവിഡ് സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് എക്‌സലന്‍സിന്റെ പ്രൊഡക്ടുകളിലൊന്ന് എന്ന വിശേഷണത്തിന് ഉടമയുമാണ്. കാനഡയിലും ഫ്രാന്‍സിലുമായി തീവ്രപരിശീലനത്തിന്റെ തിരക്കിലാണ് ലക്ഷ്യയിപ്പോള്‍.
English summary: Paris Olympics 2024: Tracking India’s top medal hopes