വിവാദമായി ‘ അന്ത്യത്താഴം ‘; മാപ്പ് പറഞ്ഞ് ഒളിമ്പിക്സ് കമ്മിറ്റി

ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കലാസംവിധായകൻ തോമസ് ജോളി

ഒളിമ്പിക്സിലെ അന്ത്യത്താഴം രംഗത്തിൻ്റെ  പാരഡി വിവാദമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് പാരീസ് ഒളിമ്പിക്സ് 2024 സംഘാടക സമിതി. ഉദ്ഘാടന ചടങ്ങിൽ ലിയോനാർഡോ ഡാവിഞ്ചിയുടെ ദി ലാസ്റ്റ് സപ്പർ രംഗത്തിൽ, ഡ്രാഗ് ക്വീൻസ്, ട്രാൻസ്‌ജെൻഡർ മോഡൽ, ഗ്രീക്ക് ദേവൻ്റെ വേഷം ധരിച്ച ഗായകൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. Last Supper parody

എന്നാൽ വീഞ്ഞിൻ്റെയും ഉല്ലാസത്തിൻ്റെയും നാടകത്തിൻ്റെയും ഗ്രീക്ക് ദേവനായ ഡയോനിസസിനെ പരിചയപ്പെടുത്താനും “മനുഷ്യർ തമ്മിലുള്ള അക്രമത്തിൻ്റെ വ്യാപ്തിയെ” കുറിച്ച് അവബോധം വളർത്താനും ഉദ്ദേശിച്ചുള്ളതാണെന്ന് സംഘാടകർ എക്‌സിൽ കുറിച്ചു. ഒരു മതവിഭാഗത്തോടും അനാദരവ് കാണിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. എന്ന് പാരീസ് ഒളിമ്പിക്സ് 2024 വക്താവ് ആൻ ഡെസ്കാംപ്സ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്രിസ്ത്യാനിത്വത്തെ പരിഹസിക്കുന്ന രംഗങ്ങൾ ഉൾപ്പെടുന്ന ചടങ്ങിനെ ഫ്രാൻസിലെ കത്തോലിക്കാ സഭ അപലപിച്ചു. വിവാദങ്ങൾ കാരണം ചില ഫ്രഞ്ച് അത്‌ലറ്റുകൾക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെന്ന് ഗെയിംസിനുള്ള ഫ്രഞ്ച് ബിഷപ്പുമാരുടെ പ്രതിനിധി മോൺസിഞ്ഞോർ ഇമ്മാനുവൽ ഗോബില്യാർഡ് പറഞ്ഞു.

മാൾട്ടയിൽ നിന്നുള്ള ആർച്ച് ബിഷപ്പും വത്തിക്കാനിലെ ഡോക്ട്രിനൽ ഓഫീസിലെ ഉദ്യോഗസ്ഥനുമായ ചാൾസ് സിക്ലൂന, ( ഉയർന്ന കത്തോലിക്കാ ഉദ്യോഗസ്ഥൻ), ചടങ്ങ് അനാവശ്യമായ അപമാനമാണെന്നും കാണിച്ച് ഫ്രാൻസ് അംബാസഡർക്ക് പരാതി നൽകിയിരുന്നു. ഫ്രഞ്ച് സംസ്കാരത്തെ ആഘോഷിക്കാനുള്ള പരിപാടി, തെറ്റുകളുടെയും ആശയങ്ങളുടെയും ഒരു പരമ്പരയായി മാറിയെന്ന് ഇറ്റാലിയൻ ബിഷപ്പുമാരുടെ സമ്മേളനം വ്യക്തമാക്കിയിരുന്നു.

കത്തോലിക്കാ സഭാ ചായ്‌വ് ഉള്ള ഇറ്റാലിയൻ പത്രമായ അവ്‌വെനിയറിലെ ലേഖനത്തിൽ, എല്ലാ പ്രധാന ഇവൻ്റുകളും, കായിക ഇനങ്ങളും പോലും എൽജിബിടിക്യൂ+ തീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉന്നയിച്ചു.

ഇറ്റലിയിലെ തീവ്ര വലതുപക്ഷ ലീഗ് പാർട്ടിയുടെ നേതാവ് മാറ്റിയോ സാൽവിനി, എൽജിബിടിക്യൂ+ വിഭാഗത്തെ ‘വൃത്തികെട്ട വിഭാഗം’ എന്ന് വിളിക്കുകയും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ അപമാനിക്കുന്നതിനെ കുറിച്ച് വിമർശിക്കുകയും ചെയ്തു. ഒളിമ്പിക്‌സ് ആരംഭിക്കുന്നത് തന്നെ വളരെ മോശപ്പെട്ട രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വൈവിധ്യങ്ങളെ ആഘോഷിക്കുകയും ആളുകളെ ഒരുമിച്ച് കൊണ്ടുവരികയുമായിരുന്നു തന്റെ ലക്ഷ്യമെന്നും ഉദ്ഘാടന ചടങ്ങിൻ്റെ കലാസംവിധായകൻ തോമസ് ജോളി പറഞ്ഞു. ഇത്രയും ലളിതമായ ഒരു കാര്യത്തെ വളച്ചൊടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

content summary; Paris Olympics organisers apologise to Christians for Last Supper parody

This post was last modified on July 29, 2024 4:31 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment