അമേരിക്കയിലെ ലോസ് ആഞ്ചലസിനെ പിടിച്ച് കുലുക്കിയ കാട്ടുതീയിൽ കത്താതെ നിന്ന വീടുകൾ ഏതൊക്കെ എന്നത് സോഷ്യൽ മീഡിയ ചർച്ചയാവുകയാണ്. പസഫിക് പാലിസേഡിലുള്ള വീടുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീടിന്റെ ഇരു വശങ്ങളിലുണ്ടായിരുന്ന വീടുകളെല്ലാം കത്തിനശിച്ചിട്ടും പാലിസേഡിലെ ഈ വീട് മാത്രം കത്താതെ നിന്നു. വീടിന്റെയും മതിലിന്റെയും ഡിസൈനും, നിർമാണ വസ്തുക്കളുടെ പ്രത്യേകതയും ഭാഗ്യവുമൊക്കെക്കൊണ്ടാണ് വീട് കത്താതെ രക്ഷപെട്ടതെന്നാണ് ആർക്കിടെക്ട് ഗ്രെഗ് ചേസൻ പറയുന്നത്.
ചെടികൾ ഒന്നും തന്നെയില്ലാത്ത പരിസരവും, കോൺക്രീറ്റ് കൊണ്ട് നിർമിച്ച അരഭിത്തിയും ചുവരുകളും ലോഹനിർമിതമായ മേൽക്കൂരയും തീയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള സീലിങുമാണ് വീടിനെ കാട്ടുതീയിൽ നിന്ന് രക്ഷിച്ചത്. ഭാഗ്യം ഒരു വലിയ ഘടകം ആയിരുന്നെങ്കിലും ഈ പുതിയ വീട്ടിൽ മരത്തിനേക്കാൾ കൂടുതൽ കോൺക്രീറ്റ് ഉപയോഗിച്ചതും തീയെ ചെറുത്തതായാണ് ഗ്രെഗ് ചേസൻ വിലയിരുത്തുന്നത്. ലോസാഞ്ചലസിന്റെ പടിഞ്ഞാറൻ മേഖലയിലാണ് ഈ വീടുള്ളത്. മേൽക്കൂരയിൽ ക്ലാസ് എ കാറ്റഗറിയിലുള്ള മരമാണ് ഉപയോഗിച്ചത്.
ഈ വീടിന് പരിസരത്തുള്ള വീടുകൾ എല്ലാം കത്തിനശിച്ചിട്ടും ഈ വീടിനെ തീപിടിക്കാതിരുന്നത് നിർമ്മാണത്തിലെ വ്യത്യാസമാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിലും ചർച്ചയാവുന്നുണ്ട്. 12000 വീടുകളും കെട്ടിടങ്ങളും മറ്റ് കെട്ടിടങ്ങളുമാണ് കാട്ടുതീയിൽ കത്തിനശിച്ചത്. അമേരിക്കയുടെ പടിഞ്ഞാറൻ മേഖലയെ വലച്ചുകൊണ്ട് കാട്ടു തീ പതിവാകുന്ന സാഹചര്യത്തിൽ വീടുകളുടെ നിർമ്മാണ രീതിയിൽ മാറ്റം വേണമെന്നും നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. കെമിക്കലുകൾ ഉപയോഗിച്ചുള്ള സിന്തറ്റിക് പദാർത്ഥങ്ങൾ വീട് നിർമ്മാണത്തിന് ഉപയോഗിച്ചത് വലിയ രീതിയിൽ വീടുകൾ തീയിൽ നശിക്കാൻ മേഖലയിൽ കാരണമായിരുന്നു.
ലോസാഞ്ചലസിൽ പടർന്ന കാട്ടുതീ ഇനിയും പൂർണമായി നിയന്ത്രണ വിധേയമായിട്ടില്ല. 27 പേരാണ് ഇതിനോടകം കാട്ടുതീയിൽ കൊല്ലപ്പെട്ടത്. ജനുവരി 7 മുതൽ വലുതും ചെറുതുമായ 30 കാട്ടുതീയാണ് ലോസാഞ്ചലസ് മേഖലയെ സാരമായി ബാധിച്ചത്. ഇതിൽ പാലിസേഡ്, ഈറ്റൺ മേഖലയിലുണ്ടായ കാട്ടുതീയാണ് വലിയ രീതിയിലുള്ള നാശം വിതച്ചത്. മേഖലയിൽ അനുഭവപ്പെട്ട ശക്തമായ വരണ്ട കാറ്റ് കാട്ടുതീയുടെ വ്യാപനത്തിന് ശക്തി നൽകിയിരുന്നു.
content summary; passive house survives fire in los angeles how it avoided total destruction