March 15, 2025 |

പിറന്നാളാഘോഷവും ഫോണുമൊന്നും ഇപ്പോള്‍ വേണ്ട; ആദ്യമവര്‍ക്ക് വീടും സ്‌കൂളുമൊക്കെ പണിയട്ടെ

കൂടെയുണ്ട് കേരളം

ദുരന്തങ്ങളെ ഒറ്റകെട്ടായി അതിജീവിക്കുകയാണ് മലയാളി, കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിലും ഈ അതിജീവനത്തിനപ്പുറം കൂടെയുള്ള മനുഷ്യരെ ചേർത്ത് നിർത്തുന്നവരുടെ കഥയാണ് നമുക്ക് ചുറ്റും കേട്ടുകൊണ്ടിരിക്കുന്നത്. ചൂരൽ മലയിലുണ്ടായ ദുരന്തത്തിൽ ഉറ്റവരെയും, ഒരായുഷ്ക്കാലത്തിന്റെ സമ്പാദ്യവും നഷ്ട്ടപ്പെട്ട് നിരാലംബരായവർക്ക് വേണ്ടി പ്രതീക്ഷയുടെ തുരുത്ത് പോലെ കൈ കോർക്കുകയാണ് കേരളം.Wayanad landslide relief aid

നാളെ ആഗസ്റ്റ് 2 ന് ഫാത്തിമയുടെ പിറന്നാളാണ്. എല്ലാക്കൊല്ലവും മധുരവും, പുത്തൻ ഉടുപ്പുകളുമായി പ്രിയപെട്ടവർ അവളെ പൊതിഞ്ഞു പിടിക്കാറുണ്ട്. പക്ഷെ ഇത്തവണ പൊതിഞ്ഞു പിടിക്കേണ്ടത് മരണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട കുറെയധികം മനുഷ്യരെയാണെന്ന് ഫാത്തിമക്ക് തോന്നി. ഇതോടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം മാറ്റിവച്ച് വായനാട്ടിലേക്കുള്ള ദുരിതാശ്വാസത്തിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കത്തിലൂടെ കുഞ്ഞ് ഫാത്തിമ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ” ഉമ്മച്ചി കേക്ക് വാങ്ങാനും, ആഘോഷത്തിനും വച്ച പൈസയും, എന്റെ കുടുക്കയിലെ പൈസയും ഓൽക്ക് കൊടുക്കാ. ഓൽക്കല്ലേ ഇനി വീടും സ്കൂളും വേണ്ടത്.” കുഞ്ഞി ഫാത്തിമ ചോദിക്കുന്നു. ഫാത്തിമ മാതാപിതാക്കൾക്ക് എഴുതിയ കത്താണ് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന വാട്ട്സാപ്പ് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ ശ്രദ്ധേയമായിരുന്നു. സന്നദ്ധ പ്രവർത്തകർക്ക് ലഭിച്ച ഈ സന്ദേശം ഇരുകയ്യും നീട്ടിയാണ് കേരളക്കര ഏറ്റെടുത്തത്. ഇടുക്കി സ്വദേശിയായ സജിൻ ദുരന്തത്തിന്റെ ബാക്കിപത്രമായ ചൂരൽമലയിലെ കുരുന്നുകളെ ചേർത്തുപിടിക്കാമെന്ന ഉറപ്പുമായാണ് എത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികളെ പരിപാലിക്കാനും, മുലപ്പാൽ നൽകി സംരക്ഷിക്കാനും സന്നദ്ധത അറിയിച്ചിരിക്കുകയാണ്.
ബന്ധപ്പെടാനുള്ള നമ്പർ അടക്കം ഉൾപ്പെടുത്തിയാണ് സജിൻ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയോടെ കുടുംബസമേതം വയനാട്ടിലേക്ക് തിരിച്ചിരിക്കുകയാണ് സജിൻ. കുട്ടികളെ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയാണ് അറുപതികാരിയായ  സുബൈദ. പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാർഗം കണ്ടെത്തുന്നത്. അന്നന്നത്തെ ഉപജീവനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കേണ്ടി വരുന്ന സുബൈദക്ക് പക്ഷെ വയനാട്ടിലെ കണ്ണീർ കടൽ, കയ്യും കെട്ടി നോക്കിനായില്ല. തനിക്ക് കഴിയുന്ന രീതിയിൽ  സഹായമെത്തിച്ചിരിക്കുകയാണ് സുബൈദ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10000 രൂപയാണ് സംഭാവനയായി നൽകിയിരിക്കുന്നത്. ജില്ലാ കലക്ടർ എൻ ദേവിദാസിന് സുജിത്ത് വിജയൻപിള്ള എം.എൽ.എയുടെ സാന്നിധ്യത്തിൽ നേരിട്ട് കൈമാറുകയായിരുന്നു പണം.

ഈ നൊമ്പര കടലിൽ കുഞ്ഞ് ഐദിന് എന്തുചെയ്യണമെന്നറിയില്ല. പക്ഷെ ആ കുരുന്നും തന്നാലാവും വിധം തണലൊരുക്കുകയാണ്. കോട്ടയം ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്ററിൽ തന്റെ പക്കൽ സൂക്ഷിച്ചുവച്ചിരുന്ന നാണയത്തുട്ടുകളുമായാണ് ഐദിൻ എത്തിയത്. മാതാവിന് ഫോൺ വാങ്ങി നൽകാനായി ചേർത്തുവച്ച നാണയത്തുട്ടുകളായിരുന്നു അത്. ഈ ദുരന്തത്തിന്റെ അളവും, വ്യാപ്തിയും ഒരുപക്ഷെ ഐദിൻ അറിഞ്ഞിരിക്കില്ല. എന്നാൽ അവിടെ തോരാതെ പെയ്യുന്ന മഴയും, അതിൽ നിന്നുയിരുന്ന നിലവിളകളും ആ കുരുന്നിനെയും കണ്ണീരണിയിച്ചിരിക്കണം. സഹായത്തിനായി തങ്ങൾക്ക് ലഭിച്ച പണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പായമ്മൽ ദേവസ്വവും.

പതിനാറാമത് രാജ്യാന്തര ഡോക്യുമെൻററി-ഹ്രസ്വചിത്ര മേളയിലെ മികച്ച ഡോക്യുമെൻററിയായി തെരഞ്ഞെടുക്കപ്പെട്ടത് പ്രശസ്ത സംവിധായകൻ ആനന്ദ് പട്‍വർധന്റെ ‘വസുധൈവ കുടുംബകം’ ആണ്. പുരസ്കാര തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ആനന്ദ് പട്‍വർധൻ.

അതേസമയം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് സംഭാവന എത്തികൊണ്ടിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമൻ എന്നിവർ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും, കേരളാ ബാങ്ക് 50 ലക്ഷം രൂപയും നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

മുംബൈ സിറ്റി എഫ്സിയെ നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി കറുത്തആംബാൻഡ് അണിഞ്ഞാകും കളത്തിലിറങ്ങുക.Wayanad landslide relief aid

Content summary; People are contributing  funds to aid Wayanad landslide relief efforts

×