അധികാര കസേരയില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നയാളല്ല താനെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി പദം രാജിവയ്ക്കാത്തതിനു കാരണം ബിജെപിയ്ക്ക് മുന്നില്‍ തോല്‍ക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണെന്നും കെജ്‌രിവാള്‍. ഇന്ന് താന്‍ രാജിവച്ചാല്‍ അവര്‍ നാളെ പിണറായി വിജയന്‍ സര്‍ക്കാരിനെയും മമത ബാനര്‍ജി സര്‍ക്കാരിനെയും താഴെയിറക്കുമെന്നാണ് ബിജെപിക്കെതിരായ ആരോപണമായി കെജ്‌രിവാള്‍ പറയുന്നത്. ദ ഇന്ത്യന്‍സ് എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. arvind kejriwal, pinarayi vijayan and mamata governments
ഇന്ത്യയുടെ ചരിത്രത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കെ അധികാരത്തില്‍ തുടരുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്ത് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ ഇരിക്കെ അറസ്റ്റിലാകുന്നത് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനാണ്. അനധികൃത സമ്പാദനം ആരോപിച്ചാണ് സോറനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. സോറന് പിന്നാലെയാണ് ഇഡി മറ്റൊരു പ്രതിപക്ഷ മുഖ്യമന്ത്രിയായ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഹേമന്ദ് സോറന്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞെങ്കിലും ജയിലിലിരുന്ന് ഭരിക്കുന്ന മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ തുടരുകയാണ്.
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിന്റെ പേരില്‍ കെജ്‌രിവാള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഇതു പ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി തന്റെ നിലപാടിനു പിന്നിലെ കാരണങ്ങള്‍ കെജ്‌രിവാള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്; ‘ കസേരയ്ക്കു വേണ്ടിയോ പദവിക്കു വേണ്ടി അത്യാഗ്രഹം കാണിക്കുന്നൊരാളല്ല ഞാന്‍. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ സ്ഥാനം വിട്ടെറിഞ്ഞാണ് പത്തു വര്‍ഷത്തോളം ഡല്‍ഹിയിലെ ചേരികളില്‍ പ്രവര്‍ത്തിച്ചത്. ആദ്യ തവണ മുഖ്യമന്ത്രി സ്ഥാനം 49 ദിവസം കൊണ്ട് രാജിവച്ചു, എന്റെ നിലപാടുകള്‍ക്ക് അനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ഞാന്‍ രാജി വയ്ക്കുന്നില്ലെങ്കില്‍ അതെന്റെ പോരാട്ടത്തിന്റെ ഭാഗമാണ്. ആദ്യം ഞങ്ങള്‍ 67 സീറ്റുകള്‍ നേടി, അടുത്ത തവണ 62 നേടി, ബിജെപിക്ക് മനസിലായി ഡല്‍ഹിയില്‍ അവര്‍ക്ക് കെജ്‌രിവാളിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന്. അതുകൊണ്ടവര്‍ എനിക്കെതിരേ വ്യാജ കേസ് ചുമത്തി. അങ്ങനെ കെജ്‌രിവാള്‍ രാജിവയ്ക്കുമെന്നും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ താഴെ വീഴുമെന്നും കരുതി. ജനാധിപത്യത്തെ സംബന്ധിച്ച് ഇത് അപകടമാണ്. ഇന്ന് ഞാന്‍ രാജിവച്ചാല്‍ നാളെയവര്‍ മമത ബാനര്‍ജി സര്‍ക്കാരിനെയും പിണറായി വിജയന്‍ സര്‍ക്കാരിനെയും താഴെയിറക്കും. എവിടെയൊക്കെ ബിജെപി പരാജയപ്പെടുന്നു, അവിടുത്തെ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യാനും സര്‍ക്കാരിനെ താഴെയിറക്കാനും ശ്രമിക്കുകയാണ്. ഈ പോരാട്ടം തുടരേണ്ടതുണ്ട്. അവര്‍ ജനാധിപത്യത്തെ ജയിലില്‍ അടയ്ക്കുകയാണെങ്കില്‍ ജനാധിപത്യം അവിടെ കിടന്ന് അതിന്റെ ധര്‍മം പ്രവര്‍ത്തിക്കും. പല്ലും നഖവും ഉപയോഗിച്ച് ഞങ്ങള്‍ പൊരുതും’
റിമാന്‍ഡ് തടവ് അനുഭവിക്കുന്നൊരാള്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ നിയമപരമായ തടസം ഇല്ലേ എന്ന ചോദ്യത്തിന് കെജ്‌രിവാളിന്റെ മറുപടി ഇങ്ങനെയാണ്; ‘ എന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട പല പൊതുതാത്പര്യ ഹര്‍ജികളും ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ചെന്നതാണ്. സുപ്രിം കോടതി പറഞ്ഞത്, അവര്‍ക്ക് എന്നെ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നാണ്. അതുകൊണ്ട് ജയിലില്‍ കിടന്നുകൊണ്ട് എനിക്ക് മുഖ്യമന്ത്രിയായി തുടരാം. എനിക്ക് മുഖ്യമന്ത്രിയായി തുടരാമെങ്കില്‍ ജയിലിനുള്ളില്‍ നിന്ന് എന്റെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള സൗകര്യം കോടതി ഒരുക്കണം. ജയിലിനുള്ളില്‍ നിന്ന് ഭരണം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഞങ്ങള്‍ കോടതിയെ സമീപിക്കും’. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ജയിലില്‍ നിന്നും നയിക്കാന്‍ തനിക്ക് സാധിക്കുമെന്നും കെജ്‌രിവാള്‍ അഭിമുഖത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
ഇന്ത്യ വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. സാവധാനമാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ വളരെ വേഗത്തില്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ‘ ബിജെപി സര്‍ക്കാര്‍ ആദ്യം ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തു. പിന്നാലെ എന്നെയും. എന്റെ അറസ്റ്റിലൂടെ അവര്‍ മുന്നോട്ടു വയ്ക്കാന്‍ ശ്രമിച്ചൊരു ഭീഷണിയുണ്ട്; അരവിന്ദ് കെജ്‌രിവാളിനെ ഞങ്ങള്‍ക്ക് കള്ളക്കേസില്‍ അറസ്റ്റ് ചെയ്യാമെങ്കില്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അതിനാല്‍ എല്ലാവരും അവരെ ഭയപ്പെടണം, അവര്‍ പറയുന്നതുപോലെ ജനം കേള്‍ക്കണം. ഇതെല്ലാം ഏകാധിപത്യത്തിന്റെ അടയാളങ്ങളാണ്. ജനാധിപത്യത്തില്‍ ഭരണകൂടം ജനം പറയുന്നത് കേള്‍ക്കണം, ഇവിടെയവര്‍ ജനങ്ങളോട് പറയുന്നത് ഞങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്നാണ്. ഈ രാജ്യത്തെ രക്ഷിക്കാന്‍ സ്വാതന്ത്ര സമരകാലത്ത് നമ്മള്‍ പോരാടിയതുപോലെ ഇപ്പോഴും നമ്മള്‍ പോരാട്ടത്തിന് ഇറങ്ങണം. അഴിമതിക്കാരനായതുകൊണ്ടല്ല ഞാന്‍ ജയില്‍ പോയത്, ഈ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണ്. മനീഷ് സിസോദിയ തെറ്റായത് എന്തെങ്കിലും ചെയ്തിട്ടല്ല ജയില്‍ കഴിയുന്നത്. ഈ നാടിന്റെ സ്വാതന്ത്രത്തിനായി നീണ്ടകാലം ജയില്‍ ശിക്ഷ അനുഭവിച്ചവരുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ജയിലില്‍ കിടക്കുന്നതും രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഞാന്‍ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്; ഈ നാടിന് വേണ്ടി ജീവന്‍ ബലി നല്‍കാനും ഞാന്‍ തയ്യാറാണ്’.
Content Summary; Pinarayi vijayan and mamata banerjee’s governments will topple by bjp tomorrow if i resigned today says arvind kejriwal