UPDATES

പ്രധാനമന്ത്രി താമസിച്ച വകയിലെ ബില്‍ ഒരു വര്‍ഷമായിട്ടും കൊടുത്തിട്ടില്ല; നിയമ നടപടിക്കൊരുങ്ങി ഹോട്ടല്‍

ബില്‍ തുക 80.6 ലക്ഷം, പലിശ 12.9; ലക്ഷം

                       

പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച വകയില്‍ മൈസൂരുവിലെ ഹോട്ടലിന് കൊടുക്കാനുള്ള പണം ഒരു വര്‍ഷമായിട്ടും നല്‍കിയിട്ടില്ലെന്ന് പരാതി. തങ്ങള്‍ക്ക് കിട്ടാനുള്ള 80.6 ലക്ഷം രൂപയുടെ ബില്‍ തീര്‍പ്പാക്കാത്തതിനെ തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മൈസൂരുവിലെ റാഡിസണ്‍ ബ്ലൂ പ്ലാസ. pm modi stay mysuru hotel bill due

വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയവും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറ്റിറ്റിയും(എന്‍ടിസിഎ) സംഘടിപ്പിച്ച ടൈഗര്‍ പ്രൊജക്ട് ഉദ്ഘാടനം ചെയ്യാനാണ് 2023 ഏപ്രിലില്‍ മോദി മൈസൂരുവില്‍ എത്തിയത്. അന്ന് താമസിച്ച ഹോട്ടലിലെ ബില്ലാണ് കേന്ദ്ര-സംസ്ഥാന തര്‍ക്കത്തില്‍ കുരുങ്ങി കുടിശ്ശികയായി കിടക്കുന്നതെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളുടെയും ഉത്തരവാദിത്തം കര്‍ണാടക വനം വകുപ്പിനെയായിരുന്നു ഏല്‍പ്പിച്ചത്. ഏപ്രില്‍ ഒമ്പതു മുതല്‍ 11 വരെ നടക്കുന്ന പരിപാടിക്കായി മൂന്നു കോടി രൂപയാണ് ചെലവ് നിശ്ചയിച്ചത്. ഈ തുകയുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രം ഉറപ്പു നല്‍കിയിരുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിശ്ചയിക്കപ്പെട്ടൊരു പരിപാടിയായിരുന്നു ഇത്. പെട്ടെന്നുള്ള നിര്‍ദേശമായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും എന്‍ടിസിഎയും സംസ്ഥാന വനം വകുപ്പിന് നല്‍കിയത്. പരിപാടി തീര്‍ന്നപ്പോള്‍ മൊത്തം ചെലവ് 6.33 കോടിയായി. മുന്‍ നിശ്ചയിച്ചതിന്റെ ഇരട്ടിയിലേറെ.

എന്നാല്‍, കേന്ദ്രത്തില്‍ നിന്നും നല്‍കിയത് ആദ്യം നിശ്ചയിച്ചതിന്‍ പ്രകാരമുള്ള മൂന്നു കോടി മാത്രമാണ്. ബാക്കി 3.33 കോടി രൂപ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതുമായി ബന്ധപ്പെട്ട് സംസ്ഥാന വനം വകുപ്പും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും അങ്ങോട്ടുമിങ്ങോട്ടും കത്തിടപാടുകള്‍ നടക്കുന്നതല്ലാതെ തീരുമാനം ഉണ്ടായിട്ടില്ല.

കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയവും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍ പരിശോധിച്ചതില്‍ പരിപാടിയുടെ ചെലവ് മൂന്നു കോടിയായി നിശ്ചയിച്ചിരുന്നുവെന്ന് കാണാമെന്നാണ് ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ആയതിനാല്‍, നിശ്ചയിക്കപ്പെട്ടതില്‍ നിന്നും കുറച്ചധികം പ്രവര്‍ത്തികള്‍ ചെയ്യാന്‍ എന്‍ടിസിഎ ആവശ്യപ്പെട്ടിരുന്നു. ചടങ്ങിന്റെ നടത്തിപ്പ് ഏറ്റെടുത്ത ഈവന്റ് മാനേജ്‌മെന്റ് കമ്പനി അധിക ചെലവിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ ക്വട്ടേഷന്‍ ഉണ്ടാക്കുകയും, വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലൂടെ പുതിയ ക്വട്ടേഷന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

റോസിയില്‍ നിന്ന് തുടങ്ങണം കാനില്‍ കണ്ട കനിയെ കുറിച്ച് പറയാന്‍

കര്‍ണാട ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍(വൈല്‍ഡ് ലൈഫ്) ന്യൂഡല്‍ഹിയിലെ എന്‍ടിസിഎ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന് 2023 സെപ്തംബറില്‍ എഴുതിയ കത്തില്‍ ബാക്കി കിട്ടാനുള്ള തുകയെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ 2024 ഫെബ്രുവരി 12 ന് എന്‍ടിസിഎ കര്‍ണാടകത്തിന് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നത് പ്രധാനമന്ത്രിയുടെ താമസ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് തിരികെ തരണമെന്നാണ്. 2024 മാര്‍ച്ച് 22 ന് നിലവിലെ കര്‍ണാടക പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുഭാഷ് കെ മല്‍ഖേഡെ എന്‍ടിസിഎയ്ക്ക് എഴുതിയ കത്തില്‍ തങ്ങള്‍ക്ക് തരാനുള്ള 3.33 കോടിയുടെ കാര്യം വീണ്ടും ഓര്‍മിപ്പിക്കുകയാണ്. ഇതേ കത്തില്‍ പ്രധാനമന്ത്രി ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ പ്ലാസയില്‍ താമസിച്ച വകയിലെ 80.6 ലക്ഷം രൂപയുടെ ബില്ലിന്റെ കാര്യവും പറയുന്നുണ്ട്. എന്നാല്‍ ഈ കത്തിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല.

ഇതിനിടയിലാണ് ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ പ്ലാസയുടെ ഫിനാന്‍സ് ജനറല്‍ മാനേജര്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അടയ്ക്കാത്ത ബില്ലിനെ കുറിച്ച് ഓര്‍മിപ്പിച്ച് 2024 മേയ് 21 ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബസവരാജുവിന് കത്തെഴുതിയിരിക്കുന്നത്. ബന്ധപ്പെട്ട ഓഫിസുകളെ തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടിട്ടും ഉദ്യോഗസ്ഥരെ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിട്ടും ഇതുവരെയും ബില്‍ അടയ്ക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ഹോട്ടല്‍ ആരോപിക്കുന്നത്. കുടിശ്ശിക തുകയ്ക്ക് ഒരു വര്‍ഷത്തെ പലിശയായി 12.09 ലക്ഷം അധികമായി നല്‍കണമെന്നും ഹോട്ടല്‍ ആവശ്യപ്പെടുന്നുണ്ട്. 2024 ജൂണ്‍ ഒന്നിനു മുമ്പായി മൊത്തം പണവും നല്‍കി ബില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നാണ് ഹോട്ടല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ തുക തിരിച്ചു നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സംസ്ഥാനത്തിന് അംഗീകരിക്കാനാകില്ലെന്നാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബസവുരാജു പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് എന്നതിനാല്‍ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനല്ലെന്നാണ് ബസവരാജു ഹിന്ദുവിനോട് പറയുന്നത്.

Content summary; pm narendra modi stayed mysuru hotel warns will take legal action for non settlement of bills

Share on

മറ്റുവാര്‍ത്തകള്‍