ഹോസ്റ്റലിലെ പത്താം നിലയിൽ നിന്ന് വീണ് ഐഐടി ബോംബെ വിദ്യാർത്ഥി മരിച്ചു. പവായ് ക്യാമ്പസിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് 22കാരനായ ഡൽഹി സ്വദേശി രോഹിത് സിൻഹ മരിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
മെറ്റാ സയൻസിൽ ബിടെക് പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയായിരുന്നു. അതേസമയം, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലായെന്നും പൊലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഐഐടി ബോംബെ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. സിൻഹയും സുഹൃത്തുക്കളും രാത്രി ഭക്ഷണം കഴിച്ച ശേഷം ടെറസിലേക്ക് പോവുകയായിരുന്നുവെന്നും മറ്റുള്ളവർ തിരിച്ചിറങ്ങി വന്നിട്ടും സിൻഹ മാത്രം ടെറസിൽ തുടരുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വീണയുടൻ തന്നെ ഹോസ്റ്റലിലുള്ളവർ രോഹിത് സിൻഹയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും രക്ഷിക്കാനായില്ല. രോഹിത് സിൻഹയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഉടൻ തന്നെ അവർക്ക് കൈമാറുമെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ചയുണ്ടായ ദാരുണമായ സംഭവത്തിൽ സ്ഥാപനത്തിലെ എല്ലാവരും അതീവ ദുഃഖിതരാണ്. എംഇഎംഎസ് ഡിപ്പാർട്ട്‌മെന്റിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിയായ രോഹിത് സിൻഹയാണ് അകാലത്തിൽ മരിച്ചത്. പവായ് പൊലീസ് ഈ വിഷയം അന്വേഷിക്കുന്നുണ്ട്, ഐഐടി ബോംബെ പ്രസ്താവനയിൽ പറഞ്ഞു. രോഹിത്തിന്റെ പെട്ടെന്നുള്ള മരണം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ഇത്രയും പ്രതീക്ഷയുള്ള ഒരു വിദ്യാർത്ഥിയെ നഷ്ടപ്പെട്ടത് ഹൃദയഭേദകമാണ്. മുഴുവൻ ഐഐടി ബോംബെ സമൂഹവും ഈ നഷ്ടത്തിൽ ദുഃഖിതരാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു, ഇൻസ്റ്റിറ്റ്യൂട്ട് കൂട്ടിച്ചേർത്തു.
അതേസമയം, ജോലി ലഭിക്കാത്തതിൽ രോഹിത് സിൻഹ അസ്വസ്ഥനായിരുന്നുവെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഐഐടി ബോംബെയിൽ ഡിസംബറിൽ മാത്രമേ നിയമനങ്ങൾ ആരംഭിക്കൂവെന്നാണ് ഇതിന് മറുപടിയായി ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി സിൻഹയ്‌ക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലായെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ അപകട മരണ റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും പ്രശ്‌നം സിൻഹയെ അലട്ടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് കുടുംബവുമായി സംസാരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Summary: Police investigating death of IIT Bombay student who fell from 10th floor of hostel building
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.