UPDATES

പൊട്ടിത്തകര്‍ന്നതെല്ലാം പുനര്‍നിര്‍മിക്കുകയാണവര്‍

ഒരു നാടിനെ നമ്മുടെ രാഷ്ട്രീയ യുവജന സംഘടനകള്‍
വീണ്ടെടുക്കുന്നവിധം

                       

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ ഉണ്ടായി ഒരു മാസം പിന്നിട്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും വീടും ജീവനോപാധികളും നഷ്ടമായ ഒരു കൂട്ടം മനുഷ്യർക്ക്  അതിജീവനമെന്ന സമവാക്യമാണ് മുൻപിൽ ഉള്ളത്. അതിന് പിന്തുണയുമായി കേരളം മുഴുവൻ നിലയുറപ്പിച്ചിട്ടുമുണ്ട്. വയനാട്ടിലെ ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾക്കും, പുനരധിവാസ പ്രവർത്തനങ്ങൾക്കും വിവിധ സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതുവരെ വയനാട്ടിൽ നടത്തിപ്പോരുന്ന രക്ഷാപ്രവർത്തനത്തെക്കുറിച്ചും പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അഴിമുഖവുമായി വിലയിരുത്തുകയാണ് വിവിധ രാഷ്ട്രീയ സംഘടനകളിലെ യുവജന നേതാക്കൾ.  ധനസമാഹരണത്തിലൂടെ പ്രതീക്ഷിച്ചതിലും കൂടുതൽ തുക ലഭിച്ചതായും, സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് പുനരധിവാസത്തിനായി അത് ഉപയോഗപ്പെടുത്തുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറയുന്നു.

“തുടർച്ചയായി പെയ്ത മഴയുടെ ബാക്കിയായി നിനച്ചിരിക്കാത്ത നേരത്താണ് ദുരന്ത വാർത്ത എത്തുന്നത്. സംഭവം നടക്കുന്ന സമയം ഞാൻ തിരുവനന്തപുരത്തായിരുന്നു, പ്രിസിഡന്റ് കോഴിക്കോടും. പിറ്റേന്ന് തന്നെ ഞങ്ങൾ സംഭവസ്ഥലത്തെത്തിയിരുന്നു. ആയിരക്കണക്കിന് യൂത്ത് വിങ് വളണ്ടിയർമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി വയനാട്ടിൽ കേന്ദ്രീകരിച്ചു. അന്ന് മുതൽ ഈ ദിവസം വരെ ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി വളണ്ടിയർമാർ അവിടെ സജീവമാണ്. മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ നിന്നുള്ള വളണ്ടിയർമാരെ കൂടി ദുരന്തമുഖത്തേക്ക് വിന്യസിപ്പിച്ചിരുന്നു. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരുടെ നിർദേശം അനുസരിച്ച് നൂറു കണക്കിന് ആളുകളുടെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു. ഓടയിലും മറ്റും ജീവൻ പണയം വച്ചും, അതിസാഹസികമായാണ് എല്ലാവരും രക്ഷാ പ്രവർത്തനം നടത്തിയിരുന്നത്.

ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കാട്ടിലൂടെ ഒഴുകി ചാലിയാർ പുഴയിലേക്കാണ് എത്തിയിരുന്നത് . പുഴയുടെ തീരത്ത് അടിഞ്ഞു കൂടിയ മൃതദേഹങ്ങളും, അവയവങ്ങളും ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു. മാനസികമായും ശാരീരികമായും തളർന്ന് പോകാതെയും, അങ്ങേയറ്റം സാഹസികമായുമാണ് മൃതദേഹങ്ങൾ മാറ്റുന്നതിൽ പോലീസിനും, നാട്ടുകാർക്കും ഒപ്പം വളണ്ടിയർമാരും ഏർപ്പെട്ടിരുന്നത്. കുത്തിയൊലിക്കുന്ന ചാലിയാറിൽ ചങ്ങാടവും മറ്റും കെട്ടി അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് നടന്നിരുന്നത്.

യൂത്ത് വിങ്ങ് വളണ്ടിയർമാർ

വായനാടിലെ കാഴ്ചകൾ അങ്ങേയറ്റം ദയനീയമായിരുന്നു. നിരവധി പേരുടെ ഒരായുഷ്ക്കാലത്തിന്റെ സ്വപ്നമെന്നോണം കെട്ടിപ്പൊക്കിയ വീടുകളാണ് ഇരുട്ടി വെളുക്കും മുൻപ് മണ്ണിനിടയിലായത്. പുനരധിവാസ പ്രവർത്തനങ്ങൾ വളരെ ദുഷ്‌കരമാണ്. ആ കാഴ്ച്ചയുടെ ആഘാതത്തിലാണ് ഡിവൈഎഫ്ഐ ബാധിക്കപെട്ടവർക്ക് 25 വീടുകൾ നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിക്കുന്നത്. അത്തരത്തിൽ ഒരു പ്രഖ്യാപനം ആദ്യമായി നടത്തുന്നതും ഡിവൈഎഫ്ഐ ആണ്. തുടർന്നാണ് മറ്റു സംഘടനകളും വിവിധ പ്രഖ്യാപനങ്ങൾ നടത്തിയത്. ഞങ്ങൾ ഇതിനുവേണ്ടി പണം ജനങ്ങളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന സമീപനമല്ല പുലർത്തിയിരുന്നത്.

ആക്രി, പഴയ പത്രങ്ങൾ എന്നിവ  ശേഖരിച്ചും ഹോട്ടൽ എസ്റ്റേറ്റ് കാറ്ററിംഗ് തുടങ്ങി വിവിധ ജോലികളിൽ ഏർപെട്ടും വാഹനങ്ങൾ വാട്ടർ ടാങ്കുകൾ എന്നിവ വൃത്തിയാക്കി കൊടുത്തും, വിവിധ ചലഞ്ചുകൾ നടത്തിയുമാണ് പണം സ്വരൂപിച്ചത്. ഞങ്ങളുടെ ഈ ധനസമാഹരണ രീതി കണ്ട് നിരവധി കുട്ടികൾ അവരുടെ പിറന്നാളിനും മറ്റുമായി നീക്കിവച്ച ചെറിയ തുകകളും ഞങ്ങളെ ഏൽപ്പിച്ചിരുന്നു. മറ്റുചിലർ അവരുടെ ആഭരണങ്ങളും, കല്യാണ ചടങ്ങുകൾ ലളിതമാക്കി ചുരുക്കി ലാഭിച്ച പണവും തന്നിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ പീച്ചിയിൽ നിന്നുള്ള ഒരു വീട്ടമ്മ 30 സെന്റ് വരുന്ന ഭൂമിയും ഞങ്ങൾക്ക് തന്നിരുന്നു. ഞങ്ങൾ ഏറ്റെടുത്ത ഈ പ്രവർത്തനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി ആളുകളാണ് ഈ വിധത്തിൽ അവർക്ക് കഴിയുന്ന രീതിയിൽ ഡിവൈഎഫ്ഐയുമായി സഹകരിച്ചത്. ഏകദേശം പതിനെട്ട് കോടിയോളം രൂപയാണ് ഞങ്ങൾ സമാഹരിച്ചത്. സമാഹരിച്ച തുക അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

25 വീടുകൾ എന്ന് പ്രഖ്യാപനം നടത്തിയ ഇടത്ത് നിന്ന് 200 വീടുകൾ നിർമ്മിക്കാനാവശ്യമായ തുക കണ്ടെത്താൻ കഴിഞ്ഞു. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളോട് പൂർണമായും സഹകരിച്ചു കൊണ്ടും, നിർദേശ പ്രകാരവുമായിരിക്കും പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. പണം സർക്കാർ ടൗൺഷിപ്പിലേക്കായാലും, മറിച്ച് സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കാൻ ആണെങ്കിലും  നിർദേശം അനുസരിച്ച് നടപ്പിലാക്കും. സർവകക്ഷി യോഗത്തിൽ ആയിരം സ്ക്വയർ ഫീറ്റിൽ ഒരേ മോഡലിലുള്ള വീടുകൾ നിർമ്മിച്ച് നൽകാൻ ധാരണ ആയിട്ടുണ്ട്. വീടുകൾ നിർമ്മിക്കാൻ ഉള്ള പണം സർക്കാരിന് നൽകും, അതെങ്ങനെ വിനിയോഗിക്കണമെന്നത് സർക്കാർ തീരുമാനിക്കുന്ന മുറക്ക് നടപ്പിലാക്കുമെന്നാണ് അന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അത് ഡിവൈഎഫ്ഐ സ്വന്തം നിലക്കാണ് ചെയ്യുന്നതെന്ന തെറ്റായ ആരോപണം ഉയർന്നിരുന്നു. ഈ പ്രവർത്തനങ്ങൾ കൂടാതെ ജീവനോപാധി നഷ്ട്ടപെട്ട ആളുകളെ കൂടി പിന്തുണക്കാനാണ്  ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ പുനരധിവസ പ്രവർത്തനങ്ങൾ എക്കാലത്തും വിമർശനാതീതമായാണ് നടന്നിട്ടുള്ളത്. സമാനമായി വയനാട്ടിലും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തും.” സനോജ് പറയുന്നു.

മുപ്പത്തിആറ് കോടി എട്ട് ലക്ഷത്തി പതിനൊന്നായിരത്തി അറുന്നൂറ്റി എൺപത്തി എട്ട് രൂപയാണ് ഫോർ വയനാട് എന്ന ആപ്പിലൂടെ മുസ്ലിം ലീഗ് ഇതുവരെ സമാഹരിച്ചത്. ഇക്കാര്യങ്ങളെ കുറിച്ച് വിശദമാക്കുകയാണ് മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡൻ്റ് നവാസ്.

മുസ്ലിം ലീഗ് പാർട്ടിയുടെയും പാർട്ടി പോഷകഘടകങ്ങളുടെയും നേതൃത്വത്തിൽ മേപ്പാടി, മുണ്ടക്കൈ, ചൂരലമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ ദിവസം മുതൽ രക്ഷാപ്രവർത്തനവും, പുനരധിവാസ പ്രവർത്തനവും സജീവമായി തന്നെ നടക്കുന്നുണ്ട്. ആദ്യ ദിനങ്ങളിൽ ആളുകളെ കണ്ടെത്തുന്നത് മുതൽ ശുചീകരണം, മയ്യത്ത് പരിപാലനം ഉൾപ്പെടെയുളള എല്ലാ അടിസ്ഥാന ആവശ്യങ്ങൾക്കും വൈറ്റ് ഗൗർഡ് സന്നദ്ധരായി അവിടെ നിലയുറപ്പിച്ചിരുന്നു. അതോടൊപ്പം പാർട്ടി നേതാക്കളായ സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലികുട്ടി, പി എംഎ സലാം, പി കെ ഫിറോസ് ഉൾപ്പെടെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

വൈറ്റ് ഗാർഡ് പ്രവർത്തകർ

പാർട്ടിയുടെ നേതൃത്വത്തിൽ പികെ ബഷീർ എംഎൽഎയെ കൺവീനർ ആയി ചുമതലപ്പെടുത്തി ഉപസമിതി രൂപീകരിച്ചാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. അതിന്റെ ഭാഗമായാണ് പുനരധിവാസം എന്ന ലക്ഷ്യത്തിലൂന്നി ഓൺലൈനിലൂടെ ധനസമാഹരണം നടത്താൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ ആഹ്വാനം നടത്തുന്നത്. അതേറ്റെടുത്തത് ഇവിടുത്തെ നാനാവിഭാഗം ജനങ്ങളാണ്. വയനാടിന് വേണ്ടി 36 കോടിയോളം സമാഹരിക്കാൻ കഴിഞ്ഞത് ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ ഉപരി ജനങ്ങൾ അത് ഏറ്റെടുത്തത് കൊണ്ട് കൂടിയാണ്. അതോടൊപ്പം തന്നെ ദുരന്തത ബാധിതരായ 691 കുടുംബങ്ങൾക്ക് പതിനയ്യായിരം രൂപ അടിയന്തര സഹായമെന്ന നിലക്ക് കൈമാറാൻ കഴിഞ്ഞു. ദുരന്തത്തിൽ വ്യാപാരം മുഴുവനായി നഷ്ട്ടപെട്ട 57 ഓളം വ്യാപാരികൾക്ക് അൻപതിനായിരം രൂപയും ധനസഹായം നൽകിയിരുന്നു.

ജീവനോപാധികൾ നഷ്ട്ടപെട്ട നിരവധി ആളുകൾക്ക് ജീപ്പ്, ഓട്ടോറിക്ഷ, സ്കൂട്ടർ തുടങ്ങി വാഹനങ്ങളും വാങ്ങി നൽകിയിരുന്നു. കൂടാതെ മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ നേതൃത്വത്തിൽ പ്രദേശത്തുള്ള അഭ്യസ്തവിദ്യരിൽ വിദേശത്ത് ജോലി ചെയ്യാൻ സന്നദ്ധരായവർക്ക് വേണ്ടി തൊഴിൽ അഭിമുഖങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിൽ നിന്ന് തെരഞ്ഞെടുക്കപെട്ട 48 പേർക്ക് ജോലിയിൽ പ്രവേശിക്കാൻ വേണ്ട എല്ലാവിധ സഹായങ്ങളും കെഎംസിസി ഉറപ്പുവരുത്തുന്നുണ്ട്.

പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുസ്ലിം ലീഗ് മുന്നോട്ട് വച്ചിരിക്കുന്നത് 100 കുടുംബങ്ങൾക്ക് 8 സെന്റിൽ കുറയാതെ 1000 സ്ക്വയർ ഫീറ്റിൽ ഉള്ള വീടുകളാണ്. സർക്കാർ ഭൂമി നൽകുന്ന മുറക്ക് ആ വിധേനെയും, അല്ലെങ്കിൽ പാർട്ടിയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കും. കൂടാതെ അടിയന്തരമായ രേഖകളും, കോടതി വ്യവഹാരങ്ങളും ക്രമീകരിക്കുന്നതിനായി ഒരു ലീഗൽ സെല്ല് രൂപീകരിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ പദ്ധതികളും നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ സമഗ്രമായാണ് പുനരധിവാസ പ്രവർത്തനങ്ങളിൽ ഞങ്ങൾ ഭാഗമായി കൊണ്ടിരിക്കുന്നത്. പികെ കുഞ്ഞാലികുട്ടിയും, പികെ ബഷീർ എംഎൽഎയും മുഖ്യമന്ത്രിയെ സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തിയിരുന്നു. സർക്കാരുമായി കൂടി ആലോചിച്ച്, എത്രയും വേഗം മുന്നോട്ട് കൊണ്ടുപോകാൻ പാർട്ടി ഒരുക്കമാണ്. സർക്കാരുമായി സഹകരിച്ചും, നിർദേശങ്ങളെ ഉൾകൊണ്ടും മുന്നോട്ട് പോകാൻ പാർട്ടി സന്നദ്ധരാണെന്ന് നേരത്തെ തന്നെ നേതാക്കൾ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അധികം വൈകാതെ സർക്കാർ വ്യക്തത വരുത്തേണ്ടതുണ്ട്.

മുസ്ലിം ലീഗും, യൂത്ത് ലീഗും ഇതിനുമുൻപും പ്രവർത്തനഫണ്ട് അടക്കമുള്ള ധനസമാഹരണവും, മെമ്പർഷിപ്പ് കാമ്പയ്ൻ ഉൾപ്പെടെ ആപ്പ് വഴിയാണ് നടത്തിയിരുന്നത്. അത്തരം കാര്യങ്ങളിൽ മുൻ പരിചയം ഉണ്ടായിരുന്നതുകൊണ്ടാണ് വായനാടിലേക്കുള്ള ധനസമാഹരണവും ആ വിധത്തിൽ നിർവഹിച്ചത്. ഈ ഒരു വലിയ തുകയിലേക്ക് എത്താൻ സഹായിച്ചത് എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങളുടെ സഹകരണം കൊണ്ട് കൂടിയാണ്. മറ്റു പാർട്ടികളും അവരുടേതായ ശൈലിയാണ് സ്വീകരിച്ചത്. ഞങ്ങൾ ആപ്പുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. എത്ര തുക ലഭിച്ചു എന്നതിന് പുറമെ, ഏതെല്ലാം വിധത്തിൽ ആ തുക വിനിയോഗിച്ചു തുടങ്ങിയ വിശദാംശങ്ങൾ കൂടി ആപ്പിൽ കാണാൻ കഴിയും. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് പുതിയ മാതൃകയാണ് ഞങ്ങൾ ഇതിലൂടെ മുന്നോട്ടു വച്ചിരിക്കുന്നത്. കൂടാതെ ദുരിതാശ്വാസ നിധിയുമായി പല ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ സർക്കാരിനും ഈ രീതികൾ അവലംബിക്കാൻ കഴിയും. ധനസമാഹരണം നടത്തുന്നതിൽ വ്യാജ ആരോപണങ്ങളും പാർട്ടി നേരിട്ടിരുന്നു. അതിനെ നിയമപരമായി തന്നെ നേരിടും. മാനനഷ്ട കേസ് അടക്കം ഫയൽ ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ജനകീയ പ്രവർത്തനങ്ങളിൽ വിറളിപൂണ്ട കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാജ പ്രചാരണമാണ്.

ദുരന്തമുഖത്തെ പ്രവർത്തനങ്ങളെക്കുറിച്ച്  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയും സംസാരിക്കുന്നു.

” യങ്ങ് ഇന്ത്യ എന്ന പരിപാടി നടന്നുകൊണ്ടിരിക്കെയാണ് ദുരന്ത വാർത്ത അറിയുന്നത്. അതോടെ പരിപാടി നിർത്തി വച്ച് വയനാട്ടിലേക്ക് തിരിച്ചു. ആദ്യ ഘട്ടത്തിൽ നിലമ്പൂരിലെ മൃതദേഹങ്ങൾ ഒഴുകി വന്ന സ്ഥലത്താണ് യൂത്ത് കെയർ പ്രവർത്തകർ നില കൊണ്ടിരുന്നത്. യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായ രോഹിത് ബോധിയാണ് ആദ്യം ചൂരൽ മലയുടെ മുകളിൽ എത്തുന്നത്. രോഹിതിന്റെ നേതൃത്വത്തിൽ അന്നേദിവസം മുതൽ രക്ഷാപ്രവർത്തനവും തുടങ്ങിയിരുന്നു.

അന്ന് രാത്രി തന്നെ ആദ്യത്തെ കളക്ഷൻ പോയിന്റ് നിലമ്പൂരിലും, പിന്നാലെ രണ്ടാമത്തെ കളക്ഷൻ പോയിന്റ് വയനാടും ആരംഭിച്ചു. മേപ്പടിയിലുള്ള ദുരിതാശ്വാസ ക്യാമ്പിനോട് ചേർന്നാണ് താത്കാലികമായ മോർച്ചറി സംവിധാനവും ക്ലീൻ ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിരുന്നത്. അവിടെയും യൂത്ത് ക്യാമ്പ് പ്രവർത്തകർ സജീവമായി നിലകൊണ്ടിരുന്നു. ദുരന്തം നടന്ന നാല് വാർഡുകളും യുഡിഎഫിന്റെ മെമ്പർമാരുണ്ട്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന- ജില്ല നേതൃത്വങ്ങളിലുള്ള പലരും ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ സ്വന്തം നാട് നേരിടേണ്ടി വന്ന ഒരു വലിയ ദുരന്തമുഖത്ത് അവർ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു.

യൂത്ത് കെയർ പ്രവർത്തകർ

പ്രാദേശികമായും പഞ്ചായത്ത് സംവിധാനങ്ങളിലും ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോയി എന്ന് വേണം പറയാൻ. ഇതിനു പുറമെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുക എന്ന ചുമതലയും യൂത്ത് കോൺഗ്രസ് ഭംഗിയായി നിർവഹിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിൽ നടത്തിയ പങ്കും എടുത്തു പറയേണ്ടതാണ്. ബെയ്‌ലി പാലം പണിയാൻ ആർമിയെ സഹായിക്കാനും യൂത്ത് കെയർ പ്രവർത്തകർ തന്നെയായിരുന്നു മുൻപന്തിയിൽ. പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചു നൽകിയും കാണാതായവരെയും, ആളുകളുടെ മൃതദേഹങ്ങളും കണ്ടെത്തുന്നതിനായും സംഘങ്ങളായി തിരിഞ്ഞ് അക്ഷീണം പ്രവർത്തിച്ചിരുന്നു.

പിന്നീട് രാഹുൽ ഗാന്ധിയുടെ സന്ദർശന വേളയിലാണ് വീടുകൾ വച്ച് നൽകുമെന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹവുമായി കൂടിയാലോചിച്ച ശേഷമാണ് 30 വീടുകൾ നിർമ്മിച്ചു നൽകാനുള്ള തീരുമാനത്തിലെത്തുന്നത്. അതിനോടൊപ്പം തന്നെ വീടൊരുക്കാം എന്ന പദ്ധതിയിലൂടെ 50 വീടുകളിലേക്ക് അവശ്യസാധനങ്ങൾ വാങ്ങി നൽകാമെന്നും ഉറപ്പു നൽകിയിരുന്നു.

വാടക വീടുകളിലേക്ക് ആളുകൾ മാറുമ്പോൾ അവർക്ക് അത്യാവശ്യമായി വേണ്ടി വന്നേക്കാവുന്ന കട്ടിൽ മുതലുള്ള സാധനങ്ങളാണ് വാങ്ങി നൽകാൻ തീരുമാനിച്ചിരുന്നത്. കൂടാതെ ദുരന്തത്തിന്റെ തീവ്രത അങ്ങേയറ്റം അനുഭവിച്ചിരിക്കുക മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ ആയിരിക്കും. അതുകൊണ്ടുതന്നെ അവരുടെ തുടർപഠനത്തിന്റെ ചിലവും ഞങ്ങൾ ഏറ്റെടുത്തിരുന്നു. എംബിബിഎസ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ കുട്ടികൾ മുറയ്ക്ക് അതും നടപ്പിലാക്കും.

ദുരന്തത്തിൽ വാഹനം നഷ്ടമായ ഒരു വ്യക്തിക്ക് ഇടുക്കിയിൽ നിന്ന് എട്ടേകാൽ ലക്ഷം ചിലവാക്കി അതേ മോഡൽ വാഹനം തന്നെ വാങ്ങി നൽകിയിരുന്നു. ഒരു ലക്ഷം രൂപ കല്യാണത്തിന് വേണ്ടി സ്വരുക്കൂട്ടിയ പണം നഷ്ടപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. വീടുകളിലെ ആഘോഷങ്ങൾ മാറ്റി വച്ച പണമാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. സർക്കാർ സ്ഥലം നൽകുമോ ഇല്ലയോ എന്ന ആശയകുഴപ്പം നില നിലൽക്കുന്നുണ്ട്, അതിൽ തീരുമാനം ആയാൽ വീടുകൾ നിർമ്മിച്ച് നൽകുന്ന നടപടികളുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

വീടുകൾ നഷ്ട്ടമായവരുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്, കൂടാതെ ഇത് നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തി നൽകേണ്ടതും സർക്കാർ ആണ്. അതുകൊണ്ട് തന്നെ ഇരുകൂട്ടരുടെയും സഹകരണം കൊണ്ട് മാത്രമേ പുനരധിവാസം എന്ന ആശയം മുന്നോട്ട് പോകാൻ സാധിക്കു. എത്രയും പെട്ടന്ന് പുനരധിവാസം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 1000 ഏക്കർ എസ്റ്റേറ്റ് ഭൂമിയിലാണ് സർക്കാർ ടൗൺഷിപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെങ്കിൽ, അതിന് നിയമ മാറ്റം ഉൾപ്പെടെ നടപ്പിലാക്കേണ്ടി വരും. പുനരധിവാസത്തിനായി വീടുകൾ നിർമ്മിച്ചു നൽകാൻ സ്ഥലങ്ങൾ സർക്കാർ കണ്ടെത്തി നൽകാത്തപക്ഷം സ്വന്തം നിലയ്ക്ക് അതുമായി മുന്നോട്ടു പോകാനാണ് തീരുമാനം.” അബിൻ വർക്കി പറയുന്നു.

Content summary; Political leaders from consecutive parties respond to their relif work in Wayanad landslide

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍