March 18, 2025 |
Share on

മാപ്പ് പറഞ്ഞതിന് പിന്നാലെ വീണ്ടും സ്വവര്‍ഗാനുരാഗികളെ അപമാനിച്ച് മാര്‍പാപ്പ

അവര്‍ സഭയിലേക്ക് വന്നോട്ടെ, പുരോഹിതരാകേണ്ട എന്നാണ് പോപ്പ് ഫ്രാന്‍സിസിന്റെ നിലപാട്

സ്വവര്‍ഗാനുരാഗികളോടുള്ള തന്റെ എതിര്‍പ്പ് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. രണ്ടാഴ്ച്ച മുമ്പാണ് ഇതേ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തുകയും പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തത്. ചൊവ്വാഴ്ച്ച അദ്ദേഹം സ്വവര്‍ഗാനുരാഗികളായ പുരോഹിതരോടുള്ള തന്റെ വിയോജിപ്പ് വീണ്ടും പ്രകടിപ്പിക്കുകയായിരുന്നു. pope francis allegedly repeats gay slur, after the vatican had issued an apology over the same allegation two week before

റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ജൂണ്‍ 12 ന് 200 വൈദികരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ അപവാദ പരാമര്‍ശം ആവര്‍ത്തിച്ചതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയില്‍ നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ മാര്‍പാപ്പ പ്രയോഗിച്ചതായി പറയുന്ന ‘ഫ്രോസിയാജിന്‍’ എന്ന പദം ചൊവ്വാഴ്ച്ചയിലെ യോഗത്തിലും ആവര്‍ത്തിച്ചുവെന്നു പ്രമുഖ മാധ്യമങ്ങളായ ലാ റിപ്പബ്ലിക്ക, കോറിയേര്‍ ഡെല്ല സെറ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.

എന്നാല്‍ വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സഭയുടെ അപകടകരമായ പ്രത്യശാസ്ത്രങ്ങളെക്കുറിച്ചാണ് മാര്‍പാപ്പ സംസാരിച്ചതെന്നു മാത്രമാണ് പറയുന്നത്. അപകീര്‍ത്തികരമായ പരാമര്‍ശത്തെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ സഭയിലേക്ക് സ്വാഗതം ചെയ്യേണ്ടതിന്റെയും അവരോട് സഹവര്‍ത്തിത്വം പുലര്‍ത്തേണ്ടതിന്റെയും ആവശ്യകത മാര്‍പാപ്പ ആവര്‍ത്തിച്ചെന്നും, എന്നാല്‍ ആ വിഭാഗക്കാരുടെ പൗരോഹിത്യ കാര്യത്തില്‍ മുന്‍ ആലോചനകള്‍ ഉണ്ടാകണമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നു വത്തിക്കാന്‍ വിശദീകരിക്കുന്നു.

മേയ് 20 ന് റോമില്‍ ബിഷപ്പുമാരുമായി നടത്തിയ ചര്‍ച്ചയില്‍ സ്വവര്‍ഗാനുരാഗികളെക്കുറിച്ച് മാര്‍പാപ്പ മോശമായി സംസാരിച്ചുവെന്നായിരുന്നു ആദ്യത്തെ വിവാദം. സ്വവര്‍ഗാനുരാഗികളെ കത്തോലിക്ക സെമിനാരികളില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിഷപ്പുമാര്‍ അഭിപ്രായം തേടിയപ്പോള്‍ മോശം പദമുപയോഗിച്ച് അതിനെ എതിര്‍ക്കുകയാണ് മാര്‍പാപ്പ ചെയ്തതെന്നാണ് പുറത്തു വന്ന വിവരം. ഇറ്റാലിയന്‍ ഭാഷയില്‍ സ്വവര്‍ഗരതിക്കാരെ ആക്ഷേപിക്കുന്ന ‘ഫ്രോസിയാജിന്‍’ എന്ന വാക്ക് ഉപയോഗിച്ച് മാര്‍പാപ്പ, ചില സെമിനാരികളില്‍ ഇതിനകം തന്നെ ധാരാളം സ്വവര്‍ഗരതിക്കാര്‍ ഉണ്ടെന്ന് ആക്ഷേപിച്ചുവെന്നായിരുന്നു ഇറ്റലിയിലെ പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2023 നവംബറില്‍ ചേര്‍ന്ന ബിഷപ്പുമാരുടെ യോഗത്തില്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ കത്തോലിക്ക സെമിനാരികളില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനം എടുത്തിരുന്നുവെന്നും എന്നാല്‍ മാര്‍പാപ്പ തീരുമാനം നിരാകരിച്ചുവെന്നും ഇറ്റാലിയന്‍ പത്രങ്ങളായ ലാ റിപ്പബ്ലിക്ക, കോറിയേര്‍ ഡെല്ല സെറ എന്നിവ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാര്‍പാപ്പ സ്വവര്‍ഗാനുരാഗികളെ അപമാനിച്ചോ?

ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരേ വിവാദം കനത്തതോടെ വിശദീകരണവുമായി വത്തിക്കാന്‍ രംഗത്തു വന്നു. വിവാദ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കുന്ന യോഗം കഴിഞ്ഞ് എട്ടു ദിവസത്തിനുശേഷമായിരുന്നു അപൂര്‍വമായ വത്തിക്കാന്റെ മാപ്പ് പറച്ചില്‍. പോപ്പ് ഫ്രാന്‍സിസ് അപകീര്‍ത്തികരമായ വാക്ക് ഉപയോഗിച്ചുവെന്ന് സമ്മതിക്കാതെയുള്ള മാപ്പ് പറച്ചിലായിരുന്നു ഉണ്ടായത്. ഇത്തരം ആരോപണങ്ങള്‍ വെറും ഗോസിപ്പ് ആണെന്നായിരുന്നു വത്തിക്കാന്‍ വാദിച്ചത്. എങ്കിലും സംഭവത്തില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് ചോദിച്ചു. മാര്‍പാപ്പ ഒരിക്കലും സ്വവര്‍ഗാനുരാഗികള്‍ക്കെതിരായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍, ഇത്തരം പ്രചാരണം കൊണ്ട് ആര്‍ക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുവേണ്ടി അദ്ദേഹം ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വത്തിക്കാന്‍ പറഞ്ഞത്.

സ്വവര്‍ഗാനുരാഗികളുടെ വിഷയത്തില്‍ പുരോഗമന നിലപാടുള്ള കത്തോലിക്ക തലവന്‍ എന്ന ഖ്യാതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഉണ്ടായിരുന്നത്. സ്വവര്‍ഗാനുരാഗികളായവരുടെ വിവാഹം കത്തോലിക്ക വൈദികരാല്‍ ആശിര്‍വദിക്കപ്പെടുന്നതിന് അനുമതി നല്‍കിയതിലൂടെയും അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എല്‍ജിബിടി സമൂഹത്തിലെ വിവാഹങ്ങള്‍ വ്യവസ്ഥകളോട് ആശിര്‍വദിക്കാന്‍ കത്തോലിക്ക പുരോഹിതര്‍ക്ക് അനുവാദം നല്‍കുന്ന വത്തിക്കാന്‍ തീരുമാനത്തിനു പിന്നിലും മാര്‍പാപ്പയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

സ്വവര്‍ഗാനുരാഗികളോടുള്ള വത്തിക്കാന്റെയും കത്തോലിക്ക സഭയുടെയും നിലനിന്നിരുന്ന നിലപാടുകളെ ചോദ്യം ചെയ്തുള്ള പ്രതികരണങ്ങളായിരുന്നു ആദ്യം മുതല്‍ മാര്‍പാപ്പയില്‍ നിന്നുണ്ടായത്. 2013ല്‍ ബ്രസീലില്‍ നിന്നും റോമിലേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ സ്വവര്‍ഗരതിയെക്കുറിച്ചുള്ള പോപ്പിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ‘ വിധിക്കാന്‍ ഞാന്‍ ആരാണ്?’ എന്നായിരുന്നു മറുപടി. മാര്‍പാപ്പയുടെ ആ മറുപടി എല്‍ജിബിടിക്യൂ സമൂഹത്തോടുള്ള സഭയുടെ മാറുന്ന കാഴ്ച്ചപ്പാടായിട്ടാണ് അന്ന് വ്യാഖ്യാനിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ സമൂഹത്തിന്റെ വിവാഹ കാര്യങ്ങളില്‍ പാരമ്പര്യങ്ങളെ പൂര്‍ണമായി ലംഘിക്കാതെയാണെങ്കിലും കാലത്തിനനുസൃതമായ മാറ്റത്തോടെ അനുകൂല നിലപാട് വത്തിക്കാന്‍ എടുത്തതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വാധീനം വ്യക്തമായിരുന്നു.

‘വിധിക്കാന്‍ ഞാനാര്?’ എന്ന മാര്‍പാപ്പയുടെ ചോദ്യവും പിന്നാലെയുള്ള അനുഗ്രഹ തീരുമാനവും

എന്നാല്‍, എല്‍ജിബിടിക്യൂ സമൂഹത്തില്‍ നിന്നുള്ളവര്‍ പൗരോഹിത്യം നേടുന്നതില്‍ മാര്‍പാപ്പയ്ക്ക് നേരത്തെ മുതല്‍ താത്പര്യമില്ലായിരുന്നു. സ്വവര്‍ഗരതിക്കാര്‍ക്ക് പുരോഹിതരാകാന്‍ സാധിക്കില്ലെന്നും, അവരുടെ ലൈംഗികാഭിമുഖ്യം ശരിയായ പിതൃത്വ ബോധത്തില്‍ നിന്നും അവരെ അകറ്റുമെന്നും 2005 ല്‍ വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവനയെ പിന്തുണയ്ക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്തത്.

Content Summary; pope francis allegedly repeats gay slur, after the vatican had issued an apology over the same allegation two week before

×