July 13, 2025 |
Share on

‘അലങ്കാരങ്ങളൊന്നും വേണ്ട, ലളിതമായി മടങ്ങണം’; പാരമ്പര്യങ്ങളെ മറികടന്നുള്ള മടക്കയാത്ര ആഗ്രഹിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

മരണകാരണം പക്ഷാഘാതവും ശക്തമായ ഹൃദയാഘാതവും, മരണത്തിന് മുമ്പായി പോപ്പ് കോമയിലേക്കു വീണിരുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണകാരണം പക്ഷാഘാതവും ഹൃദയസ്തംഭനവും മൂലൂമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വത്തിക്കാന്‍ ഡോക്ടറായ ആന്‍ഡ്രിയ അര്‍ക്കാന്‍ജെലി തിങ്കളാഴ്ച്ച പുറത്തിറക്കിയ മരണസര്‍ട്ടിഫിക്കറ്റിലാണ് മാര്‍പാപ്പയുടെ മരണകാരണങ്ങളെ കുറിച്ച് പറയുന്നത്.

മരണസര്‍ട്ടഫിക്കറ്റിലെ വിവരങ്ങള്‍ പ്രകാരം തിങ്കളാഴ്ച്ച രാവിലെ സംഭവിച്ച മരണത്തിന് മുമ്പായി 88 കാരനായ മാര്‍പാപ്പ കോമയിലേക്കു വീണിരുന്നു. ശക്തമായ ഹൃദയാഘാതമാണ് പക്ഷാഘാതത്തിലേക്ക നയിച്ചതെന്നും വത്തിക്കാന്‍ പറയുന്നു. ഇരട്ട ന്യുമോണിയ ബാധിതനായി ആഴ്ചകളോളം ആശുപത്രിയിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അവിടെ നിന്നും സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരികെ വരുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുന്നത്.

തിങ്കളാഴ്ച്ച രാവിലെ 7.35 ആണ് ആഗോള കത്തോലിക്ക സഭയുടെ ആദ്യത്തെ ലാറ്റിന്‍ അമേരിക്കന്‍ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണസമയമായി വത്തിക്കാന്‍ അറിയിക്കുന്നത്. വത്തിക്കാനിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഇസിജി പരിശോധനയിലൂടെയാണ് മരണകാരണം വ്യക്തമായതെന്നും വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു മള്‍ട്ടിപ്പിള്‍ ബ്രോങ്കിയക്ടാസിസ്, ആര്‍ട്ടീരിയല്‍ ഹൈപ്പര്‍ടെന്‍ഷന്‍, ടൈപ്പ് 2 പ്രമേഹം എന്നിവയും ഉണ്ടായിരുന്നതായി വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

അലങ്കാരങ്ങളൊന്നുമില്ലാത്ത ഒരു ലളിതമായ ശവകുടീരത്തില്‍ തന്നെ സംസ്‌കരിക്കണമെന്നത് പോപ്പിന്റെ ആഗ്രഹമായിരുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. വത്തിക്കാന്റെ ദീര്‍ഘകാല പാരമ്പര്യം മറികടന്ന്, റോമിലെ എസ്‌ക്വിലിനോ പരിസരത്തുള്ള സാന്താ മരിയ മാഗിയോര്‍ പള്ളിയില്‍ തന്നെ സംസ്‌കരിക്കണമെന്ന ആഗ്രഹവും പോപ്പ് ഫ്രാന്‍സിസ് തന്റെ വില്‍പത്രത്തില്‍ പറയുന്നുണ്ടെന്നും വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ‘പ്രത്യേക അലങ്കാരങ്ങളൊന്നുമില്ലാതെ’ തന്നെ മണ്ണില്‍ അടക്കം ചെയ്യണമെന്നും, എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ മാര്‍പ്പാപ്പയുടെ പേര്(ഫ്രാന്‍സിസ്‌കസ്) ആലേഖനം ചെയ്തിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വില്‍പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രി കാസ സാന്താ മാര്‍ട്ടയിലെ ചാപ്പലില്‍ സജ്ജീകരിച്ചിരിക്കുന്ന ശവമഞ്ചത്തിലാണ് ഇപ്പോള്‍ മാര്‍പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെയായിരിക്കും മാര്‍പാപ്പയുടെ ശവമഞ്ചം സെന്റ്. പീറ്റേഴ്‌സ് ബസലിക്കയിലേക്ക് കൊണ്ടു പോവുക. പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള സൗകര്യം അവിടെയൊരുക്കും.

മരണദിവസത്തിന് നാല് മുതല്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ പോപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തേണ്ടതുണ്ട്. സംസ്‌കാരത്തിന്റെ തീയതി തീരുമാനിക്കാന്‍ ചൊവ്വാഴ്ച രാവിലെ കര്‍ദ്ദിനാള്‍മാര്‍ യോഗം ചേരും. ശവസംസ്‌കാരത്തിന് ശേഷം ഒമ്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ പോപ്പിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടന്ന സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, മത നേതാക്കള്‍ മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.  Pope Francis died of a stroke and irreversible heart failure, said vatican doctor 

content summary; Pope Francis died of a stroke and irreversible heart failure, said vatican doctor

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×