ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ട്. ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തിങ്കളാഴ്ച രണ്ടുതവണ ഗുരുതരമായ ശ്വാസ തടസം (‘അക്യൂട്ട് റെസ്പിറേറ്ററി ഫെയ്‌ലര്‍) അനുഭവപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ച കടുത്ത ഛര്‍ദ്ദി ഉണ്ടായിരുന്നുവെങ്കിലും ശനിയാഴ്ച്ചയോടെ 88 കാരനായ പോപ്പിന്റെ ആരോഗ്യാവസ്ഥയില്‍ ആശാവഹമായ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച സ്ഥിതി വഷളായി.
മാര്‍പാപ്പയുടെ ശ്വാസനാളത്തില്‍ കഫം അടിഞ്ഞുകൂടിയിരുന്നു. ഇതുമൂലം ശ്വാസനാള പേശികള്‍ ചുരുങ്ങുകയും തന്മൂലം മാര്‍പാപ്പയ്ക്ക് ശ്വസിക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടുമെന്നുമാണ് വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നത്. ശ്വാസനാളത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യാനായി ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ബ്രോങ്കോസ്‌കോപിക്ക് വിധേയനാക്കിയിരുന്നു. പോപ്പിന്റെ ശ്വസനപ്രക്രിയ എളുപ്പമാക്കാന്‍ വേണ്ടി അദ്ദേഹത്തിന് ഒരു ശ്വസന യന്ത്രം (നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന്‍) ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശ്വാസകോശ അസുഖങ്ങള്‍ മൂലം ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോഴും അപകനില തരണം ചെയ്തിട്ടില്ലെന്നാണ് വത്തിക്കാന്‍ അറിയിക്കുന്നത്. എങ്കിലും ചികിത്സകളോട് അദ്ദേഹം നല്ലരീതിയില്‍ സഹകരിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ പോപ്പിന്റെ ആരോഗ്യനില സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്. വലിയശ്രദ്ധ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ നല്‍കേണ്ടതുണ്ടെന്നും, ഏതുനിമിഷവും മോശമാകുന്ന അവസ്ഥയാണ് ഇപ്പോഴത്തെ ശാരീരികാവസ്ഥയെന്നുമാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വത്തിക്കാന്‍ പറയുന്നത്.
ഫെബ്രുവരി 14 നാണ് റോമിലെ ജെമേലി ആശുപത്രിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ ശ്വാസകോശ അണുബാധ ന്യുമോണിയയായി മാറി. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ(ഇരട്ട ന്യുമോണിയ)ബാധിച്ചിരുന്നു.
ശ്വാസകോശത്തിലും ശ്വസനവ്യവസ്ഥയിലും വൈറസുകളും ബാക്ടീരിയകളും ഉള്‍പ്പെടുന്ന മിശ്രിത അണുബാധയായ പോളി മൈക്രോബിയല്‍ അണുബാധയാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനത്തിലും നേരിയ പ്രശ്നങ്ങള്‍ കണ്ടെത്തി. രക്ത പരിശോധനയിലാണ് വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോപ്പിന്റെ പ്ലേറ്റ്‌ലെറ്റ് കൗണ്ടുകള്‍ കുറവാണെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ പ്ലേറ്റ്‌ലെറ്റുകള്‍ ത്രോംബോസൈറ്റോപീനിയയ്ക്ക് കാരണമാകുമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. Pope Francis’s health in danger again, two episodes of severe respiratory distress, said vatican
Content Summary; Pope Francis’s health in danger again, two episodes of severe respiratory distress, said vatican