June 18, 2025 |
Share on

ശവ മഞ്ചത്തെക്കുറിച്ചും അടക്കേണ്ട സ്ഥലത്തേക്കുറിച്ചും മാര്‍പാപ്പയുടെ ആഗ്രഹം ഇങ്ങനെയാണ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വില്‍പത്രത്തിന്റെ പൂര്‍ണരൂപം

ജീവിത യാത്ര പോലെ തന്നെ, മടക്ക യാത്രയും ലളിതവും മാതൃകാപരവും ആയിരിക്കണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിച്ചത്. 2022 ജൂണ്‍ 29 ന് തയ്യാറാക്കിയ വില്‍പത്രത്തില്‍ ആ നല്ല ഇടയന്‍ തന്റെ മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ വെബ്സൈറ്റില്‍ പോപ്പിന്റെ വില്‍പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പരിശുദ്ധ പിതാവായ ഫ്രാന്‍സിസിന്റെ നിയമം’ എന്ന തലക്കെട്ടോടെ 2022 ജൂണ്‍ മാസത്തില്‍ എഴുതിയ ഈ വില്‍പത്രത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ‘ലളിതമായ’ ഒരു ശവകുടീരത്തിനായുള്ള ആഗ്രഹവും എവിടെ തന്നെ സംസ്‌കരിക്കണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വില്‍പത്രത്തിന്റെ പൂര്‍ണരൂപത്തിന്റെ ഏകദേശ പരിഭാഷ താഴെ കൊടുക്കുന്നു;

‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ പിതാവിന്റെയും നാമത്തില്‍, ആമേന്‍;

എന്റെ ഇഹലോക ജീവിതത്തിന്റെ സായാഹ്നം അടുത്തുവരുന്നതായി എനിക്ക് തോന്നുന്നതിനാല്‍, നിത്യജീവനില്‍ ഉറച്ച പ്രത്യാശയോടെ, എന്റെ ശവസംസ്‌കാര സ്ഥലത്തെക്കുറിച്ചുള്ള എന്റെ അന്തിമ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ ജീവിതവും പൗരോഹിത്യ, മെത്രാന്‍ ശുശ്രൂഷയും ഞാന്‍ എപ്പോഴും പരിശുദ്ധ കന്യാമറിയത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട്, എന്റെ ഭൗതികാവശിഷ്ടം സെന്റ്. മേരി മേജറിന്റെ പേപ്പല്‍ ബസിലിക്കയില്‍, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസം പ്രതീക്ഷിച്ചുകൊണ്ട് അടക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.

എന്റെ അവസാനത്തെ ഇഹലോക യാത്ര ഈ പുരാതന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കൃത്യമായി അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ അപ്പസ്‌തോലിക യാത്രയുടെയും തുടക്കത്തിലും അവസാനത്തിലും എന്റെ ഉദ്ദേശ്യങ്ങള്‍ വിശ്വസ്തതയോടെ അമലോത്ഭവ മാതാവില്‍ സമര്‍പ്പിക്കാനും അവളുടെ സൗമ്യവും മാതൃപരവുമായ പരിചരണത്തിന് നന്ദി പറയാനും ഞാന്‍ അവിടെ പോകുന്നു. മുകളില്‍ സൂചിപ്പിച്ച പേപ്പല്‍ ബസിലിക്കയുടെ സ്‌ഫോര്‍സ ചാപ്പലിനും പോളിന്‍ ചാപ്പലിനും ഇടയിലുള്ള സൈഡ് നേവിലെ ശ്മശാന സ്ഥലത്ത്, എന്റെ ശവകുടീരം ഒരുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

ശവകുടീരം നിലത്തായിരിക്കണം; ലളിതമായി, പ്രത്യേക അലങ്കാരങ്ങളൊന്നുമില്ലാതെ, ഫ്രാന്‍സിസ്‌കസ് എന്ന് മാത്രം ലിഖിതം ഉള്ളതായിരിക്കണം. എന്റെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒരു ഉപകാരി നല്‍കുന്ന ഒരു തുക ഞാന്‍ വഹിക്കും, അത് സെന്റ് മേരി മേജറിന്റെ പേപ്പല്‍ ബസിലിക്കയിലേക്ക് മാറ്റാന്‍ ഞാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്. ലൈബീരിയന്‍ ചാപ്റ്ററിന്റെ എക്‌സ്ട്രാ ഓര്‍ഡിനറി കമ്മീഷണര്‍ ശ്രീമതി റോളാന്‍ഡാസ് മാക്രിക്കാസിന് ഞാന്‍ ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

എനിക്ക് ആശംസകള്‍ നേര്‍ന്നവര്‍ക്കും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും കര്‍ത്താവ് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. എന്റെ ജീവിതത്തിന്റെ അവസാന ഭാഗത്തെ അടയാളപ്പെടുത്തിയ കഷ്ടപ്പാടുകള്‍, ലോകസമാധാനത്തിനും ജനങ്ങള്‍ക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാന്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്നു.

ഡോമസ് സാങ്‌റ്റേ മാര്‍ത്തേ

29 ജൂണ്‍ 2022

ഫ്രാന്‍സിസ്  Pope Francis Will in full, he desire for a simple tomb and its location 

Content Summary; Pope Francis Will in full, he desire for a simple tomb and its location

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×