ഓസ്‌കാര്‍, ഗ്രാമി പുരസ്‌കാര ജേതാവ് അപ്രതീക്ഷിതമായി തങ്ങളുടെ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ ദുബായിലെ ജംസ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ കുട്ടികള്‍ ഞെട്ടിപ്പോയി. പക്ഷെ, സംഭവം സ്വപ്‌നമല്ല മറിച്ച് യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ആയിരം അംഗങ്ങളിലുള്ള സ്‌കൂളിലെ ക്വയര്‍ തങ്ങളുടെ ആരാധ്യപാത്രത്തിന് സംഗീത വിരുന്ന് നല്‍കാന്‍ തയ്യാറായി. റഹ്മാന്റെ തന്നെ പ്രശസ്ത ഗാനങ്ങളില്‍ ഒന്നായ ‘മാ തുജെ സലാം’ എന്ന ഗാനമാണ് കുട്ടികള്‍ റഹ്മാന് വേണ്ടി ആലപിച്ചത്.
സ്‌കൂള്‍ തുറന്നതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന സമയം കൂടിയാണെന്നത് ഇരട്ടിമധുരമായി. ധാരാളം ഇന്ത്യന്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ജനുവരി 26നു ദൂബായിലെ ബോളിവുഡ് പാര്‍ക്ക്‌സില്‍ നടക്കുന്ന ലൈവ് സംഗീത വിരുന്നിനായാണ് റഹ്മാന്‍ ദുബായില്‍ എത്തിയത്. മുന്നറിയിപ്പൊന്നുമില്ലാതെയാണ് റഹ്മാന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചത്. അഞ്ചിനും പതിനേഴിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുടെ പാട്ട് മനോഹരമായിരുന്നുവെന്ന് റഹ്മാന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. തന്റെ പ്രിയപ്പെട്ട പാട്ട് ആയിരം കുട്ടികള്‍ ചേര്‍ന്ന് ആലപിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.