ആറു വരികളിലായി റിയാദ് നഗരത്തെ പൂര്‍ണമായും മെട്രോ റെയില്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി നാല് വര്‍ഷം മുമ്പാണ് നിര്‍മാണം ആരംഭിച്ചത്.
റിയാദ് മെട്രോ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് റിയാദ് ഡവലപ്‌മെന്റ് അതോറിറ്റി. 376 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള മെട്രോ ശൃംഖലയുടെ 91 ശതമാനം നിര്‍മാണ പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണെന്നും അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ആറു വരികളിലായി റിയാദ് നഗരത്തെ പൂര്‍ണമായും മെട്രോ റെയില്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി നാല് വര്‍ഷം മുമ്പാണ് നിര്‍മാണം ആരംഭിച്ചത്. കിംഗ് അബ്ദുല്‍ അസീസ് പബല്‍ക് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് മെട്രോ യാഥാര്‍ഥ്യമാകുന്നത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് മെട്രോയും അനുബന്ധ സൗകര്യങ്ങള്‍ളും വഴിയൊരുക്കും.
റിയാദ് മെട്രോ പാതകളുടെ 91 ശതമാനം ജോലികളാണ് പൂര്‍ത്തിയായത്. 376 കിലോമീറ്റര്‍ നീളമുള്ള മെട്രോയുടെ 342 കിലോമീറ്ററില്‍ ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മേല്‍പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയുടെ നിര്‍മാണം ആദ്യ ഘട്ടത്തില്‍പൂര്‍ത്തിയായിരുന്നു. മണിക്കൂറില്‍ രണ്ട് ലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ മെട്രോ ട്രയിനില്‍ സൗകര്യം ഉണ്ടാകും. മെട്രോയുടെ 42 ശതമാനം ഭൂഗര്‍ഭ പാതയും 47 ശതമാനം പാലങ്ങളും 11 ശതമാനം ഉപരിതല പാതയുമാണ്. ഇന്ത്യയിലെ എല്‍ ആന്റ് ടി ഉള്‍പ്പെടെ അന്താരാഷ്ട്ര കമ്പനികളില്‍ നിന്നായി 45,000 തൊഴിലാളികളാണ് റിയാദ് മെട്രോ നിര്‍മാണത്തില്‍ പങ്കെടുക്കുന്നത്.
റിയാദ് നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആറ് പാതകളില്‍ 85 റെയില്‍വേ സ്റ്റേഷനുകളാണ് മെട്രോയില്‍ ഉള്‍പ്പെടുന്നത്. നഗരത്തിലെ കോമേഴ്‌സ്യല്‍ സെന്ററുകള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, കിംഗ് ഖാലിദ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല എക്കണോമിക്സ് സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്നതാണ് റിയാദ് മെട്രോ.