അബുദാബി-ദുബായ് ഹൈപ്പര്‍ ലൂപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചാര സൗകര്യമൊരുക്കുന്ന ഹൈപ്പര്‍ ലൂപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 12 മിനിറ്റ് കൊണ്ട് അബുദാബിയില്‍ നിന്നു ദുബായിലെത്താന്‍ കഴിയും. അല്‍ഐനിനും അബുദാബിക്കുമിടയിലും ഹൈപ്പര്‍ ലൂപ്പിന്റെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.
യുഎഇ തലസ്ഥാനമായ അബുദാബിയില്‍നിന്നു ദുബായിലെ എക്‌സ്‌പോ വേദിക്ക് സമീപം വരെയാണ് ഹൈപ്പര്‍ ലൂപ്പ് നിര്‍മ്മിക്കുന്നത്. ഏപ്രിലില്‍ ഇതിനുള്ള ധാരണാപത്രം ഒപ്പുവെച്ചിരുന്നു. പാതയുടെ അന്തിമ രൂപരേഖയായിട്ടില്ല. പാര്‍പ്പിട മേഖലയായ അല്‍ ഗദീറിന് സമീപത്തു കൂടിയായിരിക്കും ഹൈപ്പര്‍ലൂപ്പെന്ന് ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ ബിബോപ് ഗ്രെസ്റ്റ പറഞ്ഞു. എഞ്ചിനീയറിങ് ഡിസൈന്‍ സ്ഥാപനമായ ദാര്‍ അല്‍ ഹന്ദസയെ ഹൈപ്പര്‍ലൂപ്പ് നിയമിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഇന്നവേഷന്‍ കേന്ദ്രവും ഉടന്‍ ആരംഭിക്കും. വായുരഹിതമായ കുഴലില്‍ പ്രത്യേക മോട്ടോര്‍ ഉപയോഗിച്ച് കാന്തികശക്തി ഉപയോഗിച്ച് ക്യാബിനെ അതിവേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കുന്ന സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. ലോകത്ത് ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് കരുതുന്ന സാങ്കേതികവിദ്യയാണിത്.
അബുദാബി നഗരത്തില്‍ നിന്ന് തുടങ്ങി അല്‍ മക്തൂം വിമാനത്താവളം, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ട്യൂബ് കടന്നുപോവുക. ജബല്‍ അലി തുറമുഖം, ദുബായ് മറീന, ബുര്‍ജ് ഖലീഫ എന്നിവയും ശൃംഖലയില്‍ ഉള്‍പ്പെടുന്നതായി പദ്ധതിയുടെ വിവരങ്ങള്‍ അടങ്ങുന്ന നേരത്തെ പുറത്തുവിട്ട വിഡിയോ രൂപരേഖ വ്യക്തമാക്കിയിരുന്നു. ഇരുശാഖകളായി പിരിയുന്ന കൂറ്റന്‍ തൂണുകള്‍ താങ്ങി നിര്‍ത്തുന്ന നിലയിലാണ് വീഡിയോയില്‍ ട്യൂബ് കാണിക്കുന്നത്. പ്രത്യേക രീതിയില്‍ വായു സമ്മര്‍ദ്ദം ക്രമീകരിച്ചാണ് ട്യൂബുകളില്‍ അതിവേഗ യാത്ര സാധ്യമാക്കുക. ട്യൂബിനകത്ത് പെട്ടികളുടെ മാതൃകയിലുള്ള ചെറുവാഹനങ്ങളായിരിക്കും യാത്രക്കാരെ വഹിക്കുന്നത്.