July 09, 2025 |

‘മരിക്കേണ്ടി വന്നാലും ഭൂമി തരില്ല’; അണക്കെട്ടിനെതിരെ രാംകു ഗ്രാമം

ദേശീയ സുരക്ഷയുടെ മറവിലാണ് പദ്ധതി നടപ്പിലാക്കുന്നത്

‘മരിക്കേണ്ടി വന്നാല്‍ ഞങ്ങള്‍ മരിക്കും, പക്ഷേ അണക്കെട്ടിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കും’. കുട്ട് എജിംഗ് ഒരു വീഡിയോ കുറിപ്പില്‍ പറഞ്ഞതിങ്ങനെയാണ്. അരുണാചല്‍പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ രാംകു എന്ന പ്രദേശത്തെ ഗ്രാമപഞ്ചായത്ത് ചെയര്‍മാനാണ് എജിംഗ്. ചൈനയിലൂടെ ഒഴുകുന്ന സിയാങ് നദിയിലും അരുണാചലിന്റെ വടക്കന്‍ ഭാഗത്തുള്ള അപ്പര്‍ സിയാങ് ജില്ലയിലും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഏകദേശം 12 ജിഗാവാട്ട് ജലവൈദ്യുത അണക്കെട്ടായ സിയാങ് അപ്പര്‍ മള്‍ട്ടി പര്‍പ്പസ് പ്രൊജക്ടനെതിരെയാണ് ജനരോഷം ഉയരുന്നത്.environment

പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സായുധ സേനയെ വിന്യസിക്കുന്നത് സംസ്ഥാനം കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് സിയാങ് മേഖലയില്‍ പ്രതിഷേധം ആരംഭിച്ചത്. 2006 ലെ വനാവകാശ നിയമത്തിലെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് കാണിച്ച് പ്രദേശത്തെ അധികൃതര്‍ ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതി. അണക്കെട്ട് സംബന്ധിച്ച് ഞങ്ങളുടെ സമ്മതം അടിച്ചേല്‍പ്പിക്കാനോ നിര്‍ബന്ധിക്കാനോ ഉള്ള ശ്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അറിയിച്ച് കൊണ്ടാണ് കത്തെഴുതിയത്.

ഡിസംബര്‍ 16ന് ഗെകു ഗ്രാമത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. എല്ലാ പദ്ധതി ബാധിത ഗ്രാമവാസികളും പ്രതിഷേധത്തെ അനുകൂലിക്കുന്നില്ലെന്ന് സംസ്ഥാന കാബിനറ്റ് മന്ത്രി ഓജിംഗ് ടേസിംഗ് പറഞ്ഞു.

പദ്ധതി ബാധിതരില്‍ 60 ശതമാനം നിവാസികള്‍ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. സിയാങ് അപ്പര്‍ മള്‍ട്ടി പര്‍പ്പസ് പദ്ധതിയുടെ പ്രധാനലക്ഷ്യം ‘ദേശീയ സുരക്ഷ’യാണ്. സിയാങ്ങിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ പുതിയ അണക്കെട്ടിന് സഹായിക്കും.

ഡിസംബര്‍ 9നാണ് സംസ്ഥാന സര്‍ക്കാര്‍ സിയാങ് അപ്പര്‍ മള്‍ട്ടി പര്‍പ്പസ് പ്രോജക്ട് നടത്താന്‍ കേന്ദ്രസായുധ പോലീസ് സേനയെ വിന്യസിച്ചത്. പദ്ധതി മൂലം സിയാങ്, അപ്പര്‍ സിയാങ്,കിഴക്കന്‍ സിയാങ് ജില്ലകളിലെ ഗെകു, പരോങ്,പാസിഘട്ട് എന്നിവയുള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ സംസ്ഥാന സായുധ സേനയെ വിന്യസിക്കുമെന്നും അരുണാചല്‍ പ്രദേശ് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

ഞങ്ങളെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഗ്രാമവാസികള്‍

ദേശീയ സുരക്ഷയുടെ മറവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സിയാങ്ങിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അണക്കെട്ടിന് സമ്മതം നല്‍കുന്നതിന് ഗ്രാമസഭയുടെ ഒപ്പ് ദുരുപയോഗം ചെയ്തു. അതുവഴി 2006 ലെ വനാവകാശനിയമം ലംഘിച്ചെന്നും ഗ്രാമവാസികള്‍ ആരോപിച്ചു.

‘എല്ലാവരും അണക്കെട്ട് അംഗീകരിച്ചുവെന്നത് നുണയാണ്. ഞങ്ങളുടെ ഭൂമിയെ വെളളത്തിലാക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ഒരു അണക്കെട്ട് അവര്‍ അനുവദിക്കില്ല.’ രാംകു ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് ചെയര്‍മാന്‍ എജിംഗ് പറഞ്ഞു.

‘ഞങ്ങളുടെ ഭൂമിക്ക് വേണ്ടി മാത്രമാണ് സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുത്താന്‍ കഴിയില്ല. അവസാന ശ്വാസം വരെ ഞങ്ങള്‍ പ്രതിഷേധം തുടരും. ഇതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടാലും നമ്മുടെ ഭൂമി നഷ്ടപ്പെടരുത്’ എജിംഗ് പറഞ്ഞു..environment

Content summary; Protests are escalating in Arunachal Pradesh against Siang Project

Leave a Reply

Your email address will not be published. Required fields are marked *

×