June 23, 2026 |
Share on

ലോഹഗഡ് കോട്ടയില്‍ മൂന്നാം തവണ ഉറപ്പിച്ച മരണം

26-കാരന്റെ അപകടമരണം ക്രൂരമായൊരു കൊലപാതകത്തിന്റെ ഗൂഢാലോചന

പൂനെയ്ക്കടുത്തുള്ള പ്രശസ്തമായ ലോഹഗഡ് കോട്ടയില്‍ ട്രെക്കിങ്ങിനെത്തിയതായിരുന്നു 26 കാരനായ കേതന്‍ അഗര്‍വാള്‍. ഒപ്പം പ്രതിശ്രുത വധു സിയ ഗോയലും ഉണ്ടായിരുന്നു. ജൂണ്‍ 18 ആയിരുന്നു ആ ദിവസം. വൈകുന്നേരമായപ്പോള്‍ പൂനൈ റൂറല്‍ പൊലീസിന് ഒരു ഫോണ്‍ വന്നു, അത് സിയയുടെതായിരുന്നു. അവള്‍ പരിഭ്രമത്തോടെ പറഞ്ഞത്, കോട്ടയില്‍ നിന്നും 400 അടിത്താഴ്ച്ചയിലേക്ക് കേതന്‍ വീണു എന്നായിരുന്നു. സ്ഥലത്തെത്തി പൊലീസ് നടത്തിയ തിരച്ചലില്‍ ആ 26 കാരന്റെ മൃതദേഹം കണ്ടെത്തി. നിര്‍ഭാഗ്യവാനായ ആ ചെറുപ്പക്കാരന്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്നായിരുന്നു അവന്റെ ഭാര്യയാകേണ്ടിയിരുന്ന പെണ്‍കുട്ടി മൊഴി നല്‍കിയത്.

കേതന് സംഭവിച്ച അത്യാഹിതത്തില്‍ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലേക്ക് മാറുകയായിരുന്നു.

പൂനെയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി വിശാല്‍ അഗര്‍വാളിന്റെ മകനും കുടുംബത്തിന്റെ റിയല്‍റ്റി സ്ഥാപനത്തിലെ ഡയറക്ടറുമായിരുന്നു ഗാഹുന്‍ജെ സ്വദേശിയായ കേതന്‍ അഗര്‍വാള്‍. മകന്റെ മരണത്തില്‍ കേതന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആ അന്വേഷണത്തില്‍ തെളിഞ്ഞതാകട്ടെ ഞെട്ടിക്കുന്ന കൊലപാതക വിവരവും.

കാല്‍വഴുതി വീണ് മരിച്ചുവെന്ന് കരുതിയ കേതന്‍ അഗര്‍വാളിന്റേത് ആസൂത്രിതമായ കൊലപാതകമായിരുന്നു. കേതന്റെ പ്രതിശ്രുത വധുവായ സിയ ഗോയലും (20) അവളുടെ കാമുകനായ ചേതന്‍ ചൗധരിയും (22) ചേര്‍ന്ന് നടത്തിയ ആസൂത്രണം. പ്രതികളായ രണ്ടുപേരെയും പൂനെ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉണക്കമുന്തിരിയും മറ്റ് ഡ്രൈ ഫ്രൂട്ടുകളുടെയും വ്യാപാരം നടത്തുന്ന കുടുംബത്തിലെ അംഗവും കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയുമായ സിയ ഗോയലുമായി ഈ വര്‍ഷം അവസാനമാണ് കേതന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഉദയ്പൂരിലെ ഒരു കൊട്ടാരം ബുക്ക് ചെയ്തിരുന്നു. അത്യാഡംബരപൂര്‍ണമായൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരു കുടുംബങ്ങളും. എന്നാല്‍ തങ്ങളുടെ അതേ മേഖലയില്‍ ബിസിനസ്സ് നടത്തുന്ന ചേതന്‍ ചൗധരി എന്ന യുവാവുമായി സിയ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കേതനുമായുള്ള വിവാഹത്തിന് താല്പര്യമില്ലാതിരുന്ന സിയ, കാമുകനുമായി ചേര്‍ന്ന് കേതനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു എന്ന് പൂനെ റൂറല്‍ പോലീസ് ചീഫ് സന്ദീപ് സിങ് ഗില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പദ്ധതി പ്രകാരം ജൂണ്‍ 18-ന് സിയ കേതനെ ലോഹഗഡ് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചേതന്‍ അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. ഇരുവരും മല മുകളിലേക്ക് കയറുന്നതിനിടെ ചേതന്‍ അവരെ പിന്തുടര്‍ന്നു, അനുയോജ്യമായ സ്ഥലത്തെത്തിയപ്പോള്‍ സിയയും ചേതനും ചേര്‍ന്ന് കേതനെ വലിച്ച് താഴേക്ക് തള്ളിയിടുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

കേതനെ വധിക്കാനായി സിയ നേരത്തെയും പല പദ്ധതികളും ഇട്ടിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി ഇരുവരും ഫോട്ടോ ഷൂട്ടിനായി ബാലിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ ആദ്യവാരം ബാലിയിലേക്ക് തിരിക്കാന്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കേതന്റെ പാസ്‌പോര്‍ട്ട് പെട്ടെന്ന് കാണാതാവുകയും യാത്ര മുടങ്ങുകയും ചെയ്തു. എന്നാല്‍ കേതനൊപ്പം യാത്ര ചെയ്യാതിരിക്കാന്‍ സിയ തന്നെ വിമാനത്താവളത്തില്‍ വെച്ച് രഹസ്യമായി പാസ്‌പോര്‍ട്ട് ഒളിപ്പിച്ചു കടത്തുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി.

ഇതിനുപുറമെ, കൊലപാതകം നടത്തുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ 18-ന് മുന്‍പ് രണ്ട് തവണ കൂടി സിയ കേതനെ ലോഹഗഡ് കോട്ടയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അനുകൂല സാഹചര്യം ലഭിക്കാത്തതിനാല്‍ മുന്‍പത്തെ രണ്ട് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മൂന്നാം തവണ കാമുകനെ കൂടെ നിര്‍ത്തി കടുംകൈ ചെയ്തത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Summary; The death of 26-year-old Ketan Agarwal at Lohagad Fort near Pune turns out to be a pre-planned murder. Fiancee Siya Goyal and her lover arrested

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×