യുക്രേനിയൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കിയുമായുള്ള സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ ഇസ്താംബുളിലേക്ക് പോകില്ലെന്ന് സ്ഥിരീകരിച്ച് ക്രെംലിൻ. വ്ലാഡ്മിർ പുടിന് പകരം റഷ്യൻ പ്രതിനിധി വ്ളാഡിമിർ മെഡിൻസ്കി ആയിരിക്കും സമാധാന ചർച്ചയിൽ പങ്കെടുക്കുന്നത്. 2022ൽ റഷ്യയുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് മെഡിൻസ്കിയായിരുന്നു. ക്രംലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് യുഎസ് സർക്കാർ പ്രതിനിധി വ്യക്തമാക്കി. പുടിൻ പങ്കെടുത്താൽ മാത്രമേ താൻ തുർക്കിയിലേക്ക് തിരിക്കൂവെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെയും സെലൻസ്കിയുടെയും അഭാവത്തിൽ മുൻ റഷ്യൻ സാംസ്കാരിക മന്ത്രി കൂടിയായ മെഡൻസ്കി, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്സാണ്ടർ ഫോമിൻ, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ഗലുസിൻ, റഷ്യയുടെ സൈനിക രഹസ്യാന്വേഷക ഏജൻസിയുടെ തലവൻ ഇഗോർ കോസ്റ്റ്യുക്കോവ് എന്നിവരാവും സമാധാന ചർച്ച നടത്തുക. 2022ൽ വ്ളാഡിമിർ മെഡിൻസ്കി നേതൃത്വം നൽകിയ സമാധാന ചർച്ച പരാജയമായതിനാൽ ആ ചർച്ചയിൽ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങൾ വീണ്ടും ചർച്ചയുടെ പ്രധാന അജണ്ടയായി കൊണ്ടുവരികയാണ് മെഡിൻസ്കിയെ മുൻനിരയിലേക്ക് കൊണ്ടു വന്നതിന്റെ ലക്ഷ്യം. യുക്രേനിയൻ സൈന്യത്തിന്റെ നിലവിലെ ബലം വെട്ടിക്കുറക്കുക എന്നതായിരുന്നു അന്നത്തെ ചർച്ചയിലെ പ്രധാന ആവശ്യം. എന്നാൽ കീവ് ഇത് നിരസിച്ചിരുന്നു. റഷ്യയിലെ പ്രധാന നയതന്ത്രജ്ഞർ ചർച്ചയിൽ പങ്കെടുക്കില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ യുഎസുമായി സൗദി അറേബ്യയിൽ നടന്ന ഒന്നിലധികം ഉന്നതതല ചർച്ചകളിൽ ഇവർ പങ്കെടുത്തിരുന്നു. സമാധാന ചർച്ചകൾക്ക് പുറമേ സെലൻസ്കി പുടിനുമായുള്ള വ്യക്തിഗത ചർച്ചയും ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങൾക്കിടയിലും വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കിടയിൽ ചർച്ച എന്തിനെക്കുറിച്ച് ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
സെലൻസ്കി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇസ്താംബൂളിലേക്ക് വരാൻ പുടിൻ തയ്യാറാവാത്ത പക്ഷം യുദ്ധം അവസാനിപ്പിക്കാൻ റഷ്യ താത്പര്യപ്പെടുന്നില്ലെന്നാണ് അർത്ഥമെന്ന് സെലൻസ്കി പറഞ്ഞു. ചർച്ചയിൽ മുന്നോട്ട് വയ്ക്കുന്ന ആവശ്യം സെലൻസ്കി അംഗീകരിക്കുമെന്നും പുടിൻ ചർച്ചയിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് മുൻപ് വ്യക്തമാക്കിയിരുന്നു. യുക്രെയ്നും റഷ്യയുമായുള്ള ചർച്ചകൾക്ക് പൂർണ്ണ പിന്തുണയുമായി ചൈനയും ബ്രസീലും രംഗത്തു വന്നിരുന്നു. സമാധാന ചർച്ചയിൽ പങ്കെടുക്കാൻ പുടിന് മേൽ താൻ സമ്മർദ്ദം ചെലുത്തുന്നതായി ബ്രസീൽ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ആകെ ഒരു തവണ മാത്രമാണ് പുടിനും സെലൻസ്കിയും കൂടിക്കാഴ്ച നടത്തിയിട്ടുള്ളത് അതും 2019ൽ. ഇസ്താംബൂളിൽ നടക്കുന്ന ചർച്ചയുടെ ഭാഗമായി 30 ദിവസത്തെ വെടിനിർത്തർ കരാർ നിലവിൽ വന്നേക്കും.
content summary: Putin and Trump do not attend the peace talks in Istanbul