UPDATES

പുതിയ പാര്‍ട്ടി; ആവേശം കുറച്ച്, തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കുകയാണോ അന്‍വര്‍

തുടക്കത്തില്‍ കാണിച്ച ആവേശം മതത്തിന്റെ കാര്യത്തില്‍ അന്‍വര്‍ കുറച്ചിട്ടുണ്ടെന്നാണ് വിശദീകരണ യോഗത്തില്‍ കണ്ടത്

                       

ജനങ്ങള്‍ തീരുമാനിച്ചാല്‍ പുതിയ പാര്‍ട്ടി എന്നതാണ് പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പ്രഖ്യാപനം. എന്തും പൊതുമധ്യത്തില്‍ വിളിച്ചു പറയാന്‍ ഇഷ്ടപ്പെടുന്ന അന്‍വര്‍, പുതിയ പാര്‍ട്ടിയെക്കുറിച്ച് എന്താണ് മനസിലുള്ളതെന്ന് ഇപ്പോഴും തുറന്നു പറയാന്‍ തയ്യാറായിട്ടില്ല. സാഹചര്യങ്ങള്‍ മനസിലാക്കി തന്ത്രങ്ങള്‍ പുതുക്കി പണിയുകയാണോ എന്നും സംശയിക്കാം. മലപ്പുറം, കോഴിക്കോട് എല്ലാമായി യോഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. എന്തായാലും അധികം താമസിയാതെ പുതിയ വഴി എന്താണെന്ന് അന്‍വര്‍ പ്രഖ്യാപിക്കുമെന്ന് കരുതാം.

പുതിയൊരു രാഷ്ട്രീയ സംവിധാനം മലപ്പുറം കേന്ദ്രീകരിച്ച രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന സൂചനകള്‍. കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാനോ, ലീഗിനൊപ്പം ചേരാനോ താത്പര്യമില്ലെന്ന് അന്‍വര്‍ പറഞ്ഞതിനു പിന്നിലും കാരണമിതാണെന്നു പറഞ്ഞു കേട്ടു. മലപ്പുറത്തെ മറ്റ് ചില സിപിഎം സ്വതന്ത്രന്മാരുമായി ചേര്‍ന്ന്, ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ ഒരു സംവിധാനം രൂപപ്പെടുമെന്നായിരുന്നു വാര്‍ത്താകേന്ദ്രങ്ങളില്‍ നിന്ന് അറിഞ്ഞത്. കെ ടി ജലീല്‍ ഒക്ടബോര്‍ രണ്ടിന് എല്ലാം വ്യക്തമാക്കാനിരിക്കുകയാണ്. കാരാട്ട് റസാഖ് അന്‍വറിനൊപ്പം പോകുന്നില്ലെന്നാണ് ഇപ്പോള്‍ വരെ പറഞ്ഞിരിക്കുന്നത്. വേറെയും സ്വതന്ത്രന്മാര്‍ മലപ്പുറത്തുണ്ട്. കാറ്റ് എങ്ങനെയാണ് മാറി വീശാന്‍ പോകുന്നതെന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്.

ലീഗിലേക്ക് പോകുന്നത് അന്‍വറിനെ സംബന്ധിച്ച് രാഷ്ട്രീയമായി ഗുണം ചെയ്യില്ല. മുമ്പ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ലീഗിലെത്തിയവരുടെ ഭാവി അത്രകണ്ട് ശോഭനമായിരുന്നില്ല. റഹ്‌മത്തുള്ളയുടെയും കെഎന്‍എ ഖാദറുമൊക്കെ ഇപ്പോള്‍ തീര്‍ത്തും നിശബ്ദരാണ്. പുറത്ത് നിന്നു വന്ന് ലീഗില്‍ എന്തെങ്കിലും പ്രധാന്യം നേടിയെടുക്കുക സാധ്യമല്ലെന്ന് അന്‍വറിന് അറിയാം. കോണ്‍ഗ്രസിലേക്ക് തിരികെ ചെല്ലുന്നതിന് വലിയ തടസമൊന്നുമില്ല. അന്‍വറിന്റെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് പറയുന്നതെങ്കിലും, അകമേ കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ്. അന്‍വര്‍ വരാന്‍ തയ്യാറായാല്‍ സ്വീകരിക്കും. പ്രത്യേകിച്ച് നിലമ്പൂരില്‍ അന്‍വറിനെ പിന്തുണയ്ക്കാന്‍ ഒരു വിഭാഗം തയ്യാറാകും. കാരണം അവിടെയുള്ള ആര്യാടന്‍ കോണ്‍ഗ്രസിനെ പൂര്‍ണ നിശബ്ദരാക്കാന്‍ അവര്‍ക്കതിലൂടെ കഴിയും. പക്ഷേ, അന്‍വറിന്റെ ലക്ഷ്യം കേവലം നിലമ്പൂരില്‍ വീണ്ടും വിജയിക്കുക എന്നതാകില്ല. മാത്രമല്ല, സിപിഎം അവിടെ ശക്തമാണ്. മറ്റ് സ്വതന്ത്രന്മാരെ പോലെ, പണം മാത്രമല്ല, രാഷ്ട്രീയവും അന്‍വറിനെ തുണച്ചിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെ പിന്തുണയാണ് നിര്‍ണായകമായത്. സ്വരാജ്, ശ്രീരാമകൃഷ്ണന്‍ എന്നിവരിലൂടെ പൊരുതാവുന്നൊരു നിലയിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്ന മണ്ഡലമായിരുന്നു നിലമ്പൂര്‍. 2016 ല്‍ അന്‍വര്‍ ആയിരുന്നില്ല സ്ഥാനാര്‍ത്ഥിയെങ്കിലും പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോലും ആര്യാടന്‍ വിഭാഗം വോട്ട് ചെയ്യാന്‍ മടിച്ചുവെന്ന വാര്‍ത്തകള്‍ നിലമ്പൂരില്‍ നിന്നുണ്ട്. അതുകൊണ്ട് തന്നെ അന്‍വറിനെ കീഴ്‌പ്പെടുത്തുക അത്ര വലിയ സാഹസമൊന്നുമാകില്ല.

ഇവിടെയിപ്പോള്‍, പുതിയൊരു സംവിധാനം എന്നത് അന്‍വറിന്റെ മാത്രം താത്പര്യമായിരിക്കില്ല. അന്‍വറിനെ പോലുള്ളവര്‍ ഒപ്പം വേണമെന്ന് കരുതുന്നവരുടെ തീരുമാനവുമാകാം. മലപ്പുറത്ത് ലീഗ് ഭരിക്കുന്ന ഭൂരിഭാഗം പഞ്ചായത്തുകളിലും അവര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹായമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉടനീളം ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയപ്പോഴും മലപ്പുറത്ത് പലയിടത്തും വര്‍ഷങ്ങളായി കൈയിലിരുന്ന പഞ്ചായത്തുകള്‍ നഷ്ടമായി. താനൂരിലെ നിറമരുതൂര്‍ പോലെ, 25-30 കൊല്ലത്തോളമായി ഭരിച്ചിരുന്ന പഞ്ചായത്തുകള്‍ പോയി. ഇവിടെയൊക്കെ ലീഗിന് തുണയായത് വെല്‍ഫെയര്‍ പാര്‍ട്ടിയായിരുന്നു.

ഇനിയും ഈ ബന്ധം തുടരുകയാണെങ്കില്‍ പുതിയൊരു സംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് അന്‍വറിനും കൂടെയുള്ളവര്‍ക്കും ഫലം കൊയ്യാം.

അന്‍വര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്, മലബാര്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ സ്വാധീനം ചെറുക്കുകയെന്നതാണ്. ന്യൂനപക്ഷം സിപിഎമ്മിലേക്ക് അടുക്കുന്നത് തടയണം. അതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ബന്ധം മുതല്‍ പാര്‍ട്ടി നിസ്‌കാരത്തെ എതിര്‍ക്കുന്നു എന്നുവരെയുള്ള ആക്ഷേപം. സിപിഎമ്മിനെ ന്യൂനപക്ഷ വിരോധികളാക്കി ചിത്രീകരിച്ചാല്‍ അതിന്റെ ഗുണം ലീഗീനും കോണ്‍ഗ്രസിനും വരെ ലഭിക്കും. അവര്‍ക്കതിന്റെ നന്ദി അന്‍വറിനോട് ഉണ്ടാവുകയും ചെയ്യും. ഒപ്പം ചേര്‍ത്തില്ലെങ്കിലും അന്‍വറിനോട് അനുഭാവവും പരോക്ഷ പിന്തുണയും നല്‍കും. അപ്പോഴും ലീഗിന്റെ നിലപാട് അന്‍വറിന് പ്രധാനപ്പെട്ടതാണ്. അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ, ഒരു മൂന്നാം ബദലായി മലപ്പുറത്ത് നില്‍ക്കുകയോ ചെയ്താല്‍ അതിന്റെ ഗുണം സിപിഎമ്മിനാകും കിട്ടുക. മലപ്പുറത്ത് ഇപ്പോഴും പാര്‍ട്ടിയുടെ സംഘടനബലം അവിടെയുള്ള ഹിന്ദുക്കളാണ്. അതിനൊപ്പം ക്രമേണ ഉയര്‍ന്നു വരുന്ന മുസ്ലിം വോട്ടുകളാണ് പാര്‍ട്ടിയുടെ ശക്തി കൂട്ടുന്നത്.

മുസ്ലിം സ്വത്വ രാഷ്ട്രീയത്തിന്റെ ഉത്പാദകരായി നില്‍ക്കുന്നവരോട് കൂട്ടുകൂടിയാണ് അന്‍വര്‍ മൂന്നാം ബദല്‍ ഉണ്ടാക്കുന്നതെങ്കില്‍ മലപ്പുറത്തെ മുസ്ലിം സമുദായത്തിന്റെ പിന്തുണ അന്‍വറിന് അത്രകണ്ട് കിട്ടില്ല. കാരണം ലീഗിന്റെ ശക്തിയെ ചോദ്യം ചെയ്യാന്‍ ഇതുവരെ മറ്റു മുസ്ലിം സംഘടനകള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. പിഡിപിയും ഐഎന്‍എല്ലുമെല്ലാം ഉദ്ദാഹരണം. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഇതുവരെ പച്ചപിടിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ഒറ്റയ്ക്ക് മാറി നിന്ന് എന്തെങ്കിലും ചെയ്യുകയെന്നത് അന്‍വറിനെ സംബന്ധിച്ച് ബുദ്ധിമോശമായിരിക്കും.

എന്തായാലും തുടക്കത്തില്‍ കാണിച്ച ആവേശം മതത്തിന്റെ കാര്യത്തില്‍ അന്‍വര്‍ കുറച്ചിട്ടുണ്ടെന്നാണ് ഞായറാഴ്ച്ച നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ കണ്ടത്. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഒരു പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ തിരിഞ്ഞു കൊത്തുന്നുണ്ടെന്ന് മനസിലായിട്ടുണ്ട്. പാര്‍ട്ടി നിസ്‌കരിക്കാന്‍ സമ്മതിക്കുന്നില്ല, താന്‍ മുസ്ലിം ആണെന്നത് പ്രശ്‌നമാണ് തുടങ്ങി തീര്‍ത്തും മതാടിസ്ഥാനത്തിനുള്ള പരാതികള്‍ ഉയര്‍ത്തിയിരുന്നു. ഇതെല്ലാം സിപിഎം അണികള്‍ തിരിച്ചടിക്കാനായി ഉപയോഗിച്ചതോടെയാണ് താനൊരു മതേതരവാദിയാണെന്ന് പ്രഖ്യാപിക്കാനുള്ള തിടുക്കും ചന്തക്കുന്നില്‍ കാണിച്ചത്. തറവാടിന്റെ ചരിത്രവും മുസ്ലിം സ്വത്വവുമാക്കെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ആവേശത്തോടെ പറഞ്ഞതെങ്കില്‍, തറവാട്ടിലെ ജോലിക്കാരായ ഹിന്ദു സ്ത്രീകള്‍ മുലയൂട്ടിയതിന്റെയും ക്രിസത്യന്‍ സ്‌കൂളില്‍ പഠിച്ചതുമൊക്കെയാണ് വിശദീകരണ യോഗത്തില്‍ പറഞ്ഞത്. കൂടാതെ, ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം മതവിഭാഗങ്ങള്‍ പറയുന്ന അഭിവാദ്യങ്ങളും ഒപ്പം ലാല്‍സലാമും പറഞ്ഞായിരുന്നു പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും.  pv anvar mla new political strategy

Content Summary; pv anvar mla new political strategy

Share on

മറ്റുവാര്‍ത്തകള്‍