June 04, 2026 |
Share on

സിസ്റ്റര്‍ മിഡ്‌നൈറ്റ്‌;  ഇന്ത്യന്‍ സിനിമയില്‍ ഇതുപോലൊന്ന് കണ്ടിട്ടില്ല

അന്താരാഷ്ട്ര വേദികളിലേക്കുള്ള എന്റെ ഇന്ത്യന്‍ സിനിമ സങ്കല്‍പം ഇതൊക്കെയാണ്

രാധിക ആപ്തെയെ പോലെ, വിശ്വസിച്ചു ഏല്‍പിച്ച റോളുകളിലേക്കു ഒരു പരിമിതികളും ഇല്ലാതെ ഇറങ്ങി ചെല്ലുന്ന അഭിനേത്രികള്‍ ഇന്ത്യന്‍ സിനിമയില്‍ വളരെ കുറവാണ്. ലീന യാദവ് സംവിധാനം ചെയ്ത ‘പാര്‍ചേഡ്’ ഒരു ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന സിനിമയാണെന്ന് എപ്പോഴും തോന്നാറുണ്ട്. അതിലെ ലജ്ജോ എന്ന, കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ കടുത്ത അവഗണന അനുഭവിക്കുന്ന കഥാപാത്രത്തിന്റെ ഗ്രാഫ് വിചാരിക്കാത്ത തലങ്ങളിലേക്ക് ഉയരുമ്പോള്‍, രാധികയെ അല്ലാതെ അവിടെ മറ്റാരെയും സങ്കല്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍, കരണ്‍ കാന്ദാരി സംവിധാനം ചെയ്ത ‘സിസ്റ്റര്‍ മിഡ്‌നൈറ്റ്’ തുറിച്ച കണ്ണുകളോടെയിരുന്നു കണ്ടു തീര്‍ത്തപ്പോള്‍, ലോക സിനിമയില്‍ തന്നെ ഇത്രയും വിചിത്രമായ കഥാപാത്രങ്ങള്‍ അധികം ഇല്ലെന്നും, അതില്‍ തന്നെ, രാത്രികളുടെ വിശാലതയിലേക്കും, നിഗൂഢതകളിലേക്കുമുള്ള ഉമയുടെ ഇറങ്ങിപോക്കും, അവളുടെ വന്യമായ ഇടപെടലുകളും, ബോധത്തിനും ഉന്മാദത്തിനും ഇടയിലെവിടെയോ കുരുങ്ങിപ്പോയ അസ്തിത്വവും…എന്തൊരു അഴിഞ്ഞാട്ടമാണ്, രാധിക ആപ്തെ!

‘സിസ്റ്റര്‍ മിഡ്‌നൈറ്റ്’ ആര്‍ക്കും കൃത്യമായി മനസ്സിലാവുന്ന സിനിമയല്ല. അതില്‍ മാത്രമാണ് ഈ സിനിമ കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള കൃത്യത. ഇന്ത്യന്‍ സിനിമയില്‍ ഇത് പോലൊന്ന് മുന്‍പ് കണ്ടിട്ടില്ല. വല്ലാത്തൊരു ഫോര്‍മാറ്റ്. കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഉമയുടെ മാത്രമല്ല, നമ്മുടെയും തല കറങ്ങാന്‍ തുടങ്ങും. പാതിരാത്രിയില്‍ ലോകത്തെ ശുചീകരിക്കാന്‍ ഒരു ബക്കറ്റ് വെള്ളവും, കുരിശു പോലൊരു മോപ്പുമായി ഇറങ്ങുന്ന ഉമ ഒരു സര്‍റിയലിസ്റ്റിക് കാഴ്ചയാണ്. മുംബൈയിലെ ഏതോ ചേരിയില്‍, ഒരു മാളത്തിലേക്ക് കല്യാണം കഴിച്ചു വരുന്ന ഉമ, തലയില്‍ നിന്നു തൂങ്ങി, മുഖം മറക്കുന്ന തോരണങ്ങള്‍, രണ്ടു കൈകളിലും, തിങ്ങി, തിളങ്ങുന്ന പച്ച കുപ്പിവളകള്‍. ആ ട്രെയിന്‍ ഷോട്ട്. അത് നേരെ ഷിഫ്റ്റ് ചെയ്യുന്ന ഇരുണ്ട, ഒറ്റ മുറി. സിസ്റ്റര്‍ മിഡിനൈറ്റ്-ന്റെ സിനിമാട്ടോഗ്രാഫി ഈ ആദ്യ ഷോട്ടില്‍ തന്നെ നിലയുറപ്പിക്കുന്നു. പിന്നീട്, ഉമയുടെ പിരി തെറ്റിയ ജീവിതത്തോടൊപ്പം ഇളകിയാടുന്ന കാമറ – പറയാന്‍ വാക്കുകള്‍ ഇല്ല. ഒരിടത്തും പാളുന്നില്ല Rob O’Kelly യുടെ കാമറ. സംവിധായന്‍ കരണ്‍ കാന്ദാരി തന്നെ നല്ലൊരു സിനിമാട്ടോഗ്രാഫര്‍ ആണ്. സ്ട്രൈക്കിങ് വിഷുവല്‍സ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. സിസ്റ്റര്‍ മിഡ്‌നൈറ്റ്- നു മൊത്തം ഒരു ക്രേസി മൂഡ് ആണ്.

radhika apte in sister midnight

സത്യത്തില്‍, കല്യാണം കഴിഞ്ഞു വന്ന ഉമയെ ലൈംഗികമായി തഴയുന്ന, കുടിയനായ ഭര്‍ത്താവ് ഗോപാല്‍ ആണ് പ്രശ്‌നങ്ങളുടെ തുടക്കം എന്ന് പറയുന്നത് മുഴുവന്‍ ശരിയല്ല. തനിക്കു പാചകമോ, വീട് നോക്കാനോ അറിയില്ല എന്ന് ഒരു കുറ്റബോധവും ഇല്ലാതെ പറയുന്ന ഉമയെ വളരെ ശാന്തമായാണ് ഗോപാല്‍ നോക്കുന്നത്. കറങ്ങാന്‍ പോകണം എന്ന് പറയുമ്പോള്‍ ബസ്സ് പിടിക്കുന്നു. അവള്‍ ആവശ്യപ്പെടുമ്പോള്‍, രാത്രി ആകാശം നോക്കി, ശുദ്ധവായു ശ്വസിച്ചു നടന്നു രണ്ടുപേരും സിഗരറ്റു വലിക്കുന്നു. അസുഖം വരുമ്പോള്‍ അന്വേഷിക്കുന്നു. തന്റെ ഭാര്യ മറ്റുള്ളവരെപോലെയല്ല എന്ന തിരിച്ചറിവ് ഗോപാലിനുണ്ട്. പക്ഷെ അതിന്റെ ലെവെലൊന്നും അറിയില്ല. ഒരര്‍ത്ഥത്തില്‍ അയാളും ഒരു ഏകാകി ആണ്. ഒരു പരാതിയും ഇല്ലാതെ, യന്ത്രം പോലെ പണിയെടുത്തു ജീവിക്കുന്നു. ഉമ അയാളെ ലൈംഗികതയിലേക്ക് നയിക്കുന്ന, സീനിലെ സംഭാഷണം നടക്കുന്നത് ഒരു ടെറസിലാണ്. അത് പോലൊരു ചോദ്യം, അത്ര തീക്ഷ്ണമായും, ലളിതമായും ചോദിക്കാന്‍ കരണ്‍ ഒരു ഗിമ്മിക്കും കാണിക്കുന്നില്ല. എത്ര അനായാസമായിട്ടാണ് രാധിക അത് ചെയ്തിരിക്കുന്നത് ! ഉമയുടെ സഹായിയും അയല്‍ക്കാരിയുമായി വരുന്ന ഛായാ കദവുമായുള്ള സംഭാഷണങ്ങളിലും സ്‌ക്രിപ്റ്റ് അതിരുകളൊന്നും വെക്കുന്നില്ല. ഉമയുടെ ട്രാന്‍സ്ജിന്‍ഡര്‍ സുഹൃത്തുക്കളും ഇതേ വഴിയിലാണ്.

സിസ്റ്റര്‍ മിഡ്‌നൈറ്റ്-ന്റെ പ്രയാണം എവിടേക്കാണെന്നോ, എന്തിനാണെന്നോ ചോദിക്കുന്നവരോട് ഒന്നും പറയാനില്ല. ചിട്ടയൊപ്പിച്ച ഒന്നും ഈ സിനിമയുടെ കഥാഗതിയില്‍ ഇല്ല. അല്ല, കഥ പോലും ഉണ്ടോ? പരിണാമത്തിന്റെ വഴികളില്‍ ഉമക്ക് ലക്കും ലഗാനും ഇല്ല. തോന്നിയിടത്തു കിടന്നു എണീക്കുമ്പോള്‍ വെളിച്ചത്തോട് വിമുഖത ഉണ്ട്. കണ്ടതിനെയൊക്കെ, വേട്ടയാടി പിടിക്കുന്നുണ്ട്. കടിച്ചു പറിച്ചു കഴിക്കുന്നുണ്ട്. ‘വാമ്പയര്‍’ മൂഡില്‍ ഉമയുടെ മാളത്തില്‍ പല ശവങ്ങളും മണക്കുന്നുണ്ട്. ഏതോ ഒരു ദിവസം മുടിയെല്ലാം എണീറ്റ് നിന്ന തലയില്‍ നിന്നും നിരന്തരം കിളികള്‍ പറക്കുന്നുണ്ട്. ദഹിക്കാത്ത കാഴ്ചകളുടെ കുത്തൊഴുക്കു കാരണം, കാനിലൊക്കെ പ്രശംസിക്കപ്പെട്ടെങ്കിലും, വിമര്‍ശകര്‍ അടക്കം ഇന്ത്യയില്‍ കണ്ടവരില്‍ പകുതിയും, സിസ്റ്റര്‍ മിഡ്‌നൈറ്റ് ഒരു ട്രാഷ് ആണെന്ന് പറയുന്നുണ്ട്.

radhika apte in sister midnight 1

ഈ സിനിമയില്‍ രാധിക ആപ്തെയുടെ body rhythm മനസ്സ് നിറച്ചു. ഭ്രമിപ്പിക്കുന്ന ഒരു താളബോധത്തില്‍ കറങ്ങി നടക്കുന്ന ഒരു ഫ്രീ സ്പിരിറ്റ്. മ്യൂസിക് കമ്പോസര്‍ പോള്‍ ബാങ്ക്‌സ് ഏഴ് കൊല്ലം കൊണ്ടാണ്, സിസ്റ്റര്‍ മിഡ്‌നൈറ്റിന്റെ വൈവിധ്യമുള്ള ട്രാക്കുകള്‍ ചെയ്തിട്ടുള്ളത്. പല രാജ്യങ്ങളിലെ സംഗീതം സംയോജിപ്പിച്ചിട്ടുണ്ട്. കേള്‍ക്കണ്ടതാണ്.

വിയേര്‍ഡ് ബ്ലാക്ക് കോമഡി, സര്‍റിയലിസം, ഫാന്റസി, ഹൊറര്‍, സിസ്റ്റര്‍ മിഡ്‌നൈറ്റില്‍ ഇനിയെന്തെങ്കിലും പരീക്ഷിക്കാന്‍ ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് കരണ്‍ കാന്ദാരിയുടെ തലയില്‍ നിന്നും മുടി പറക്കുമായിരിക്കും. സംവിധായകന്‍ വളര്‍ന്നത് ഇന്ത്യയില്‍ അല്ല. സിനിമ പഠിച്ചതും, ഇപ്പോള്‍ ജീവിക്കുന്നതും ലണ്ടനില്‍. ശ്രദ്ധിക്കപ്പെട്ട ഷോര്‍ട്ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. 20 വയസ്സില്‍ ആദ്യം ബോംബെ കണ്ടപ്പോള്‍, അതിന്റെ വൈരുധ്യങ്ങള്‍ ആശ്ചര്യപ്പെടുത്തി. കരന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആയ സിസ്റ്റര്‍ മിഡ്‌നൈറ്റ് ജനിക്കുന്നത് അങ്ങിനെയാണ്. പത്തു കൊല്ലമെടുത്തു പൂര്‍ത്തിയാക്കിയ പ്രൊജക്റ്റ്. ഈ സിനിമ കണ്ടാല്‍ അത് ബോധ്യപ്പെടും. തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെയും, കേന്ദ്ര കഥാപാത്രത്തിനൊപ്പം കറക്കുന്ന ഗംഭീര ഫോര്‍മാറ്റ്. വിദേശ സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ടാവാം. ഔട്ട്പുട്ട് ഇങ്ങിനെയാണെങ്കില്‍ അതില്‍ യാതൊരു കുഴപ്പവും ഇല്ല.

രാധിക ആപ്തെ ഇല്ലാതെ സിസ്റ്റര്‍ മിഡ്‌നൈറ്റ് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. സ്വന്തം ശരീരം എത്ര ആര്‍ട്ടിസ്റ്റിക് ആയി സ്‌ക്രീനില്‍ ഉപയോഗിക്കാമെന്ന് ഈ നടി വീണ്ടും തെളിയിക്കുന്നു, ഈ സിനിമയിലെ രാധികയുടെ അതിശയോക്തി കലര്‍ന്ന ഓരോ ഭാവപകര്‍ച്ചകളും അതുല്യമാണ്. ഫോക്കസ് ചെയ്യപ്പെടാത്ത നഗ്‌നതയുടെ സ്വാഭാവികത രാധികയുടെ അഭിനയത്തില്‍ നിന്നും കണ്ടു പഠിക്കേണ്ടതുണ്ട് മറ്റു നടിമാര്‍. അത് ആര്‍ട്ടിസ്റ്റിക് ആയ ചെയ്ത കരണും അഭിനന്ദനം.

സിസ്റ്റര്‍ മിഡ്‌നൈറ്റ് എന്നെ അതിശയിപ്പിച്ച, ചിന്തിപ്പിച്ച സിനിമയാണ്. മായാത്ത ഫ്രെയ്മുകള്‍. ഒരു റെഫറന്‍സും ഇല്ലാത്ത ഈ കഥാപാത്രത്തിന്റെ അകവും പുറവും മാസ്മരികമായ ചലനങ്ങളിലൂടെ അവതരിപ്പിച്ചു വിസ്മയിപ്പിച്ച രാധിക ആപ്തെ. അന്താരാഷ്ട്ര വേദികളിലേക്കുള്ള എന്റെ ഇന്ത്യന്‍ സിനിമ സങ്കല്‍പം ഇതൊക്കെയാണ്.  Radhika Apte starring Sister Midnight movie review 

Content Summary; Radhika Apte starring Sister Midnight movie review

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×