February 13, 2025 |
Share on

വെള്ള ടീ ഷർട്ടിൽ നിന്ന് നീല ടീ ഷർട്ടിലേക്കുള്ള രാഹുൽ ​ഗാന്ധിയുടെ യാത്ര

ദളിത് പ്രതിഷേധങ്ങളും നീല നിറവും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് അംബേദ്കറിൽ നിന്നാണ്

ഏകദേശം ഒരു വർഷത്തോളം വെള്ള ടീ ഷർട്ടിനെ തന്റെ രാഷ്ട്രീയ സ്വത്വമാക്കി മാറ്റിയ രാഹുൽ ​ഗാന്ധി വ്യാഴാഴ്ച നീല ടീ ഷർട്ട് ധരിച്ചെത്തിയത് വെറുതെയല്ല, തന്റെ ശക്തമായ രാഷ്ട്രീയ നിലപാടിനെ വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്നു. ഡോ. ബി. ആർ അംബേദ്കറെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രിയങ്ക ​ഗാന്ധിയും നീല സാരിയുടുത്ത് പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. എന്തു കൊണ്ടാണ് കോൺ​ഗ്രസ് നേതാക്കൾ നീല നിറം ധരിച്ച് പ്രതിഷേധിച്ചത്? ദളിത് രാഷ്ട്രീയത്തിന്റെ ചെറുത്തുനിൽപ്പിന്റേയും ആശയങ്ങളുടേയും പ്രതീകമായി നീല നിറം മാറിയതെങ്ങനെ? Rahul Gandhi’s blue t shirt 

ഭരണഘടനാ ശിൽപിയും നീതിയുടേയും സമത്വത്തിന്റേയും ചാമ്പ്യനുമായ ഡോ. ബി. ആർ അംബേദ്കറെ ഇന്ത്യയിലുടനീളമുള്ള പ്രതിമകളിലും ഛായാചിത്രങ്ങളിലും നീല നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നീല വെറുമൊരു നിറമല്ല. ദളിത് ഐഡന്റിറ്റിയുടേയും ചെറുത്തുനിൽപ്പിന്റേയും ശക്തമായ പ്രകീകമാണ്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം ദുർബലപ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരായ 2018 ലെ ദളിത് മാർച്ചുകൾ, 2016 ൽ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധം തുടങ്ങിയ സമരങ്ങളിൽ നീല ദളിത് പ്രതിഷേധങ്ങളുടെ പ്രതീകമായി മാറിയിരുന്നു. 2018ൽ ഉത്തർപ്രദേശിൽ അംബേദ്കറുടെ പ്രതിമക്ക് കാവി നിറം നൽകിയത് വലിയ വിവാദമായിരുന്നു. ശേഷം ബഹുജൻ സമാജ് പാർട്ടി നേതാവ് പ്രതിമയുടെ കാവി നിറം മാറ്റി നീല നിറം പൂശിയതും ചർച്ചയായിരുന്നു.

ദളിത് അവകാശങ്ങൾക്കായി പോരാടുന്ന പാർട്ടികളുടേയും സംഘടനകളുടേയും പതാകകളിലും ചിഹ്നങ്ങളിലും നീല നിറത്തിന് പ്രാധാന്യമുണ്ട്. മായാവതി നയിക്കുന്ന ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി) യുടെ പതാകയിലും ചിഹ്നത്തിലും നീല നിറമുണ്ട്. അംബേദ്കറുടെ പ്രത്യയശാസ്ത്രവുമായുള്ള ആഴത്തിലുള്ള ബന്ധമാണ് അത് സൂചിപ്പിക്കുന്നത്. അതുപോലെ തന്നെ ചന്ദ്രശേഖർ ആസാദ് നയിക്കുന്ന ആസാദ് സമാജ് പാർട്ടിയും നീല നിറത്തിന്റെ പ്രതീകാത്മക ഉപയോ​ഗത്തിൽ ശ്ര​ദ്ധിക്കപ്പെട്ടതാണ്. ചന്ദ്രശേഖർ ആസാദ് പലപ്പോഴും കഴുത്തിൽ നീല നിറത്തിലുള്ള ​ഗംച്ച (പരമ്പരാ​ഗത വസ്ത്രം) ധരിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്.

ദളിത് പ്രതിഷേധങ്ങളും നീല നിറവും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് അംബേദ്കറിൽ നിന്നാണ്. അംബേദ്കറുടെ ഏറ്റവും പ്രിയപ്പെട്ട നിറമായിരുന്ന നീലയെ തൻ്റെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം പ്രതീകാത്മകമായി ഉപയോ​ഗിച്ചിരുന്നു. 1942ൽ അംബേദ്കർ സ്ഥാപിച്ച ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതാകയുടെ നിറവും നീലയായിരുന്നു. നീല നിറം പശ്ചാത്തലമായുള്ള പതാകയിലെ മധ്യഭാ​ഗത്ത് അശോകചക്രം ഉള്ളതായിരുന്നു ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതാക.

1956ൽ അംബേദ്കറുടെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായപ്പോൾ പതാകയുടെ നിറമായി പാർട്ടി സ്വീകരിച്ചത് നീലയായിരുന്നു. അതിലൂടെ ദളിത് ആശയങ്ങളും നീല നിറവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുകയായിരുന്നു. കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയുടെ നേതൃത്വത്തിലുള്ള ആർപിഐ ഇന്നും ഉപയോ​ഗിക്കുന്നത് നീല നിറമുള്ള പതാകയാണ്.

ദളിത് പാർട്ടികളുടെ നിറത്തിന്റെ ഉപയോ​ഗത്തിനപ്പുറം നീല നിറത്തിന് ഒരു ദാർശനിക പ്രാധാന്യമുണ്ട്. വിശാലതയുടെയും ഉൾപ്പെടുത്തലിന്റെയും പ്രതീകമായ നീല ആകാശത്തിന്റെ നിറമാണ്. ആകാശം എല്ലാത്തിനും ഉപരിയാണെന്നും അതിന് കീഴിൽ എല്ലാവരും തുല്യരാണെന്നുമാണ് കണക്കാക്കുന്നത്. നീലാകശത്തെക്കുറിച്ചുള്ള അംബേദ്കറുടെ കാഴ്ചപ്പാട് സമത്വത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ദളിത് അവകാശ പ്രവർത്തകയായ കാഞ്ച ഇളയ്യ പറഞ്ഞു. ജാതിമതഭേതമില്ലാതെ എല്ലാവരെയും തുല്യരായി കാണണം എന്നാണ് നീല നിറം സൂചിപ്പിക്കുന്നത്.

അസമത്വത്തെയാണ് നീല നിറം സൂചിപ്പിക്കുന്നതെന്നും ആകാശത്തിനു കീഴിൽ എല്ലാവരും തുല്യരാണെന്നത് അംബേദ്കറുടെ അധ്യാപന തത്വങ്ങളിലും പറയുന്നുണ്ടെന്നും സാവിത്രിഭായ് ഫൂലെ പൂനെ സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ റാവോ സാഹേബ് കസ്ബേ പറഞ്ഞു.

അംബേദ്കറിന് വ്യക്തിപരമായി താൽപര്യമുള്ള നിറത്തിൽ നിന്ന് ദളിത് അവകാശങ്ങളുടെ പോരാട്ടങ്ങളുടെ പ്രതീകമായി നീല നിറം കാലക്രമേണ വികസിച്ചു. ജാതീയമായ അടിച്ചമർത്തലിനെതിരായ പോരാട്ടത്തിന്റേയും നീതിയുടേയും സമത്വത്തിന്റേയും പ്രതീകമായിരുന്നു നീല നിറം. സമകാലീക ഇന്ത്യൻ രാഷ്ട്രീയത്തിൽ നീല നിറം പാർട്ടി പതാകകളിലും ചിഹ്നങ്ങളിലും ഒതുങ്ങി നിൽക്കുന്നതല്ല, ദളിത് അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്ക ​ഗാന്ധിയുടേയും വസ്ത്രങ്ങളിലും നിറഞ്ഞ് നിൽക്കുന്നു.

രാഹുൽ ​ഗാന്ധിയുടെ ഈ തീരുമാനം വ്യക്തമായ രാഷ്ട്രീയ നിലപാടാണ്. ദളിത് ആശയത്തോടുള്ള അദ്ദേഹത്തിന്റെ യോജിപ്പും ഇന്ത്യൻ രാഷ്ട്രീയത്തിൽ അംബേദ്കറിനുള്ള പ്രസക്തിയും വ്യക്തമാക്കുന്നതാണ്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നീലയുടെ ശക്തിയെന്തെന്ന് കോൺ​ഗ്രസും തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നീല നിറത്തിന് ഏറെ പ്രാധാന്യമുണ്ട്. ദളിത് ഐഡന്റിറ്റി, പ്രതിരോധം എന്നിവയുടെയെല്ലാം പ്രതീകമാണ് നീല. ഇന്ത്യൻ രാഷ്ട്രീയത്തെ വാർത്തെടുക്കുന്നതിൽ അംബേദ്കറുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. അമിത് ഷാ അംബേദ്കറെ അപമാനിച്ച് നടത്തിയ പരാമർശത്തിൽ പ്രതിഷേധിക്കുന്ന സമയത്ത് രാഹുൽ ​ഗാന്ധി നീല വസ്ത്രം ധരിച്ചെത്തിയത് ഇന്ത്യയിലെ ദളിത് സമൂഹത്തെ പിന്തുണക്കുന്നു എന്ന ശക്തമായ നിലപാട് വെളിപ്പെടുത്താനാണ്. Rahul Gandhi’s blue t shirt 

Content Summary: Rahul Gandhi’s Journey from White T-Shirt to Blue T-Shirt
Rahul Gandhi Priyanka gandhi Dalit politics Dr.B.R Ambedkar 

×