June 07, 2026 |
Share on

ഗർഭച്ഛിദ്രത്തിന് വിധേയരായത് രണ്ട് യുവതികൾ, രണ്ടാമത്തെ യുവതിയെ സഹായിച്ചത് ആദ്യത്തെയാൾ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിർണായക വിവരങ്ങൾ

ബെം​ഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്

പാലക്കാട് എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈം​ഗികാരോപണ പരാതികളിൽ
ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയരായതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഗർഭച്ഛിദ്രം നടന്ന ബെം​ഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിച്ചതെന്ന് മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെം​ഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ആദ്യ ഗർഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും വിവരമുണ്ട്.

അതേസമയം, കൃത്യമായ മൊഴിയെടുപ്പിലേക്കൊന്നും ക്രൈംബ്രാഞ്ച് കടന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിവരത്തിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. നേരത്തെ ഇന്റലിജൻസ് ശേഖരിച്ച വിവരങ്ങളും അതിന് പിന്നാലെയുള്ള അന്വേഷണങ്ങളിലുമാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ അത്തരത്തില്‍ ഒരു കേസെടുക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കില്ല. എന്തുകൊണ്ട് പരാതി വരാത്തതെന്നും അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരെ കണ്ടെത്തുകയും പരാതി നല്‍കുന്നത് സംബന്ധിച്ച് അന്വേഷിക്കാനും ഒരുങ്ങുകയാണ് അന്വേഷണസംഘം. പരാതിയില്ലെങ്കില്‍ അവരുടെ മൊഴി കൂടി രേഖപ്പെടുത്തി നിയമനടപടികള്‍ അവസാനിപ്പിച്ചേക്കും. കേസ് പിന്നീട് ഒരു കുറ്റകൃത്യമായി വരുകയാണെങ്കിൽ എന്തുകൊണ്ട് പരാതിക്കാരെ കണ്ടെല്ലെന്ന് ആരോപണം ഉണ്ടാകുമെന്നും അതുകൊണ്ടാണ് പരാതിക്കാരെ കാണാൻ തീരുമാനിച്ചതെന്നും അന്വേഷണ സംഘം അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതിന് പുറമേ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദമുണ്ടെങ്കില്‍ അത് അന്വേഷിച്ച് അവരില്‍ നിന്ന് പരാതി എഴുതി വാങ്ങി അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ടുപോകും. നേരത്തേ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ പരാതിനൽകിയ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരിൽനിന്നും മൊഴിയെടുത്തിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയെന്ന ആരോപണത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ട അഭിഭാഷകനിൽനിന്ന് മൊഴിയെടുത്തു. പരാതിനൽകിയിരുന്ന കേരള കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസിൽനിന്ന്‌ നേരത്തേ മൊഴിയെടുത്തിരുന്നു. ആരോപണമുന്നയിച്ചവർ ആരും ഇതുവരെ നേരിട്ട് പരാതികൾ നൽകിയിട്ടില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം രാഹുലിൻ്റേതാണെന്ന്
കണ്ടെത്താൻ ശാസ്ത്രീയപരിശോധന വേണ്ടിവരും. റെക്കോഡ്ചെയ്യപ്പെട്ട ഇലക്‌ട്രോണിക് മാധ്യമം ആരോപണമുന്നയിച്ച യുവതിയുടെ പക്കലാണെങ്കിൽ അത് പരിശോധനയ്ക്ക് ലഭ്യമാക്കാനാകില്ല. യുവതി പരാതിക്കാരിയല്ലാത്തതാണ് അതിൻ്റെ കാരണം. അതേസമയം വിവരങ്ങൾ സ്പീക്കറെ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

Content Summary: rahul mankoottathil sexual allegation; Crime Branch gets Crucial information

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×