July 17, 2025 |
Share on

ധാതു കരാര്‍; ട്രംപിന് വഴങ്ങി സെലന്‍സ്‌കി

സെലന്‍സ്‌കി വെള്ളിയാഴ്ച്ച വൈറ്റ് ഹൗസില്‍ എത്തുമെന്ന് ട്രംപ്‌

റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാനുള്ള യുഎസ് സൈനിക സഹായത്തിന് പണം നല്‍കുന്നതിനുള്ള വഴിയായി യുക്രെയ്‌ന്റെ അപൂര്‍വ ഭൗമ ധാതുക്കള്‍ യുഎസിന് നല്‍കാനുള്ള കരാറില്‍ ഒപ്പിടാന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഒരു കരാറില്‍ ഒപ്പിടാന്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നായിരുന്നു നേരത്തെ സെലന്‍സ്‌കി ആരോപിച്ചിരുന്നത്. യുഎസും യുക്രെയ്നും തമ്മില്‍ ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സെലന്‍സ്‌കി ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് സമ്മതം മൂളിയിരിക്കുന്നത്. സൈനിക സഹായത്തിന്റെതായി ട്രംപ് തിരികെ ആവശ്യപ്പെട്ട തുക യുക്രെയ്‌നിലെ പത്തു തലമുറകളെ അമേരിക്കയുടെ കടക്കാരാക്കുന്നതിന് തതുല്യമായതാണെന്നായിരുന്നു സെലന്‍സ്‌കിയുടെ പരാതി. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് കരാറിലെ വ്യവസ്ഥകള്‍ക്ക് അംഗീകരിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓവല്‍ ഓഫിസില്‍ മാധ്യങ്ങളെ കാണുമ്പോഴായിരുന്നു, സെലെന്‍സ്‌കി അമേരിക്ക സന്ദര്‍ശിക്കുന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച്ച അദ്ദേഹം വൈറ്റ് ഹൗസില്‍ എത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. അദ്ദേഹം വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എനിക്കതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

അപൂര്‍വ ഭൗമ ധാതുക്കള്‍, യുക്രെയ്‌ന്റെ എണ്ണ, വാതക വിഭവങ്ങള്‍ എന്നിവയുടെ ഖനനാനുമതി നേടുന്നതിലൂടെ ലഭിക്കാനിടയുള്ള വരുമാനത്തില്‍, ട്രംപ് നേരത്തെ ആവശ്യപ്പെട്ട 500 ബില്യണ്‍ ഡോളര്‍, കരാറിന്റെ നിബന്ധനകളില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നത്. അതായത്, പുതിയ നിബന്ധനകള്‍ യുക്രെയ്‌നുമേല്‍ അത്രയധികം ഭാരം ചുമത്തില്ല. 500 ബല്യണ്‍ ഡോളറോളം വരുമാനം അമേരിക്കയുമായി പങ്കിടാന്‍ യുക്രെയ്ന്‍ പ്രതിജ്ഞാബദ്ധരാകേണ്ട ആവശ്യമില്ല.

യുക്രെയ്ന്‍ ധാതുവിഭവങ്ങളുടെ ഖനനത്തിനായി പൊതുവായൊരു ഫണ്ട് രൂപീകരിക്കുന്നത് കരാറില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. അതേസമയം, കരാറിലെ ചില വ്യവസ്ഥകള്‍ നിലവില്‍ യുക്രെയ്‌ന്റെ ഖജനാവിലേക്ക് വരുമാനം നല്‍കുന്ന പ്രകൃതിവിഭവങ്ങളെ ബാധിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഷിംഗ്ടണിന്റെ പ്രാരംഭ നിര്‍ദേശങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ പുതുക്കിയ കരാര്‍ യുക്രെയ്‌ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ്. അതേസമയം, യുക്രെയ്ന്‍ ആഗ്രഹിക്കുന്ന ദീര്‍ഘകാല സുരക്ഷാ ഉറപ്പുകള്‍ പുതിയ കരാറിലും ഉള്‍പ്പെട്ടിട്ടില്ല. എന്നിരുന്നാലും, യുക്രെയ്ന്‍ സര്‍ക്കാര്‍ ഈ കരാറിനെ ഒരു നല്ല ചുവടുവെപ്പായി തന്നെയാണ് കാണുന്നത്. യുഎസുമായുള്ള ബന്ധം നല്ല നിലയിലാക്കുന്നതിനും, മൂന്ന് വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നുമാണ് യുക്രെയ്ന്‍ പ്രതീക്ഷിക്കുന്നത്.  Rare earth minerals deal Trump says Zelenskyy set to visit White House

Content Summary; Rare earth minerals deal Trump says Zelenskyy set to visit White House

Leave a Reply

Your email address will not be published. Required fields are marked *

×