January 14, 2025 |

മമ്മീീീീ എന്ന നിലവിളി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-64

രാഷ്ട്രീയ പക്വതയെത്താതെ ഉന്നത സ്ഥാനങ്ങളില്‍ എത്തിയ ഒട്ടേറെ പേര്‍ നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്‍ കാണാം. മാതാപിതാക്കളുടെ രാഷ്ട്രീയ പരിചയവും സ്വാധീനവുമാണ് അവരെ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചിട്ടുള്ളത്. തലമുറകള്‍ കൈമാറി രാഷ്ട്രീയത്തിന്റെ അധികാര കസേരയില്‍ ഇരുന്ന ഒട്ടേറെ പേര്‍ നമ്മുടെ രാജ്യത്തെ പല സംസ്ഥാന രാഷ്ട്രീയങ്ങളിലും കാണാവുന്നതാണ്. ഇത് എല്ലാ പാര്‍ട്ടികളിലും വ്യക്തമായി പ്രതിഫലിക്കുന്നുമുണ്ട്.

രാജീവ് ഗാന്ധി ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഒരു വൈമാനികനായിരുന്നു. രാഷ്ട്രീയത്തോട് വലിയ താല്പര്യം കാട്ടിയതുമില്ല. എന്നാല്‍ അനുജന്‍ സഞ്ജയ് ഗാന്ധി അമ്മ ഇന്ദിരാ ഗാന്ധിയുടെ വലംകയ്യും, പിന്‍ഗാമിയായും പരിഗണിക്കപ്പെട്ടു. എന്നാല്‍ 1980-ല്‍ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകര്‍ന്ന് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധിക്ക് രാഷ്ട്രീയപ്രവേശനം നടത്തേണ്ടി വന്നു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയതും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിക്കുകയും ചെയ്തത്. 1981 ഫെബ്രുവരിയില്‍ രാജീവ് ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ഈ തീരുമാനം നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയാധിപത്യമായി കണ്ട് പത്രങ്ങളും പ്രതിപക്ഷവും രൂക്ഷമായി വിമര്‍ശിച്ചു. ഭാര്യ സോണിയയ്ക്ക് രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ താല്പര്യം ഇല്ലായിരുന്നു.

വണ്‍, ടു, ത്രീ എഗ്രിമെന്റ്

1984-ല്‍ ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും അന്ന് രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍സിംഗും പ്രധാനമന്ത്രി പദത്തിലേറാന്‍ രാജീവ് ഗാന്ധിയെ നിര്‍ബന്ധിച്ചു. അങ്ങനെ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രി പദം സ്വീകരിച്ച രാജീവ് കോണ്‍ഗ്രസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1987 ഏപ്രില്‍ 16-ന് ഒരു സ്വീഡിഷ് റേഡിയോ സ്റ്റേഷന്‍ സ്വീഡിഷ് പോലീസിലെ ഒരു വിസില്‍ബ്ലോവറിനെ അടിസ്ഥാനമാക്കി ഒരു വാര്‍ത്ത പുറത്ത് വിട്ടു. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 64 കോടി ഇന്ത്യന്‍ രൂപ കൈക്കൂലിയായി കൈപ്പറ്റി എന്നതായിരുന്നു വാര്‍ത്ത. അതാണ് പിന്നീട് ഏറെ കോളിളക്കം സ്യഷ്ടിച്ച ബോഫോഴ്‌സ് അഴിമതി.

ഈ അവസരത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് രവിശങ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വരച്ച കാര്‍ട്ടൂണ്‍ വളരെ പ്രശസ്തമായി. ബോഫോഴ്‌സ് അഴിമതി രാജ്യമാകമാനം ചര്‍ച്ചയായ അവസരത്തില്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും ശക്തമായ കാലമായിരുന്നു അത്. രവിശങ്കര്‍ വരച്ച കാര്‍ട്ടൂണില്‍ ഇന്ന് രാജീവ് ഗാന്ധിയുടെ മുഖത്തിന് പകരം മകന്‍ രാഹുല്‍ ഗാന്ധിയെ വരച്ചാലും പ്രസക്തമാകും എന്ന സംസാരവും ഉണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്

 

×