June 04, 2026 |
Share on

മത സ്പര്‍ദ്ധ: ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനും അണ്ണാമലയ്ക്കും എതിരെ കേസെടുത്ത് തമിഴ്നാട്

മധുരയില്‍ നടന്ന ലോര്‍ഡ് മുരുഗന്‍ ഭക്തജന സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി

ആന്ധപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനും തമിഴ്നാട് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ.അണ്ണാമലയ്ക്കുമെതിരെ സമൂഹത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കിയതിന് തമിഴ്നാട് പോലീസ് ക്രിമിനല്‍ കേസെടുത്തു. ജൂണ്‍ 22ന് മധുരയില്‍ നടന്ന ലോര്‍ഡ് മുരുഗന്‍ ഭക്തജന സമ്മേളനത്തില്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സമ്മേളനത്തിന്റെ സംഘാടകരായ വിവിധ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും കേസുണ്ട്. ആത്മീയ പരിപാടികളില്‍ രാഷ്ട്രീയ-മത പ്രഭാഷണങ്ങള്‍ ഉണ്ടാകരുത് എന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്ന പേരിലാണ് മധുര മതമൈത്രി ജനകീയ സമിതിയുടെ കോര്‍ഡിനേറ്റര്‍ അഡ്വ.എസ്.വഞ്ചിനാഥന്‍ പരാതി നല്‍കിയത്. മതവിദ്വേഷം പരത്തുന്ന പ്രസംഗങ്ങളും പ്രമേയങ്ങളുമാണ് യോഗത്തില്‍ ഉണ്ടായത് എന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

ഭാരതീയ ന്യായ സംഹിതയുരെട 196(1) എ, 299, 302, 353(1)(ബി)(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഹിന്ദുമുന്നണി അധ്യക്ഷന്‍ കടേശ്വര സുബ്രഹ്‌മണ്യം, സെക്രട്ടറി എസ്.മുത്തുകുമാര്‍, ആര്‍.എസ്.എസ്, ബി.ജെ.പി, ഹിന്ദുമുന്നണി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യോഗത്തിലെ പ്രസംഗങ്ങളും അവിടെ പ്രദര്‍ശിപ്പിച്ച വീഡിയോകളും മതപരവും പ്രദേശികവും വംശീയവുമായ വിദ്വേഷം പ്രചരിപ്പിക്കുന്നവയാണ് എന്ന് പോലീസ് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുരുക പ്രതിഷ്ഠയുള്ള ആറ് വിശുദ്ധക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ച സ്റ്റേജുകളോടെ വലിയ ആഘോഷപൂര്‍വ്വമാണ് ഈ ഭക്തജനസമ്മേളനം നടന്നത്. ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് ഹിന്ദു മുന്നണി അവകാശപ്പെടുന്നത്. ഈ യോഗത്തില്‍ രാഷ്ട്രീയ ഉള്ളടക്കം പാടില്ല എന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത് ലംഘിക്കപ്പെട്ടുവെന്നാണ് ഇപ്പോഴുള്ള ആരോപണം.

മുരുക ഭക്തന്മാരെ പോലെ പച്ചമുണ്ടുടുത്ത് എത്തിയ പവന്‍ കല്യാണ്‍ ‘വ്യാജ മതേതരവാദികള്‍’ എന്ന് സ്വയം വിശേഷിപ്പിച്ചവര്‍ക്കും യുക്തിവാദികള്‍ക്കുമെതിരെയായിരുന്നു ആഞ്ഞടിച്ചത്. ‘ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള മറയാണ് ചിലര്‍ക്ക് മതേതരത്വം. എനിക്ക് ക്രിസ്തീയതയോടും ഇസ്ലാമിനോടും ബഹുമാനമുണ്ട്. പക്ഷേ ഹിന്ദു മതത്തെ ഞാനൊരിക്കലും അവമതിക്കില്ല.’-പവന്‍ കല്യാണ്‍ പറഞ്ഞു. മുന്‍കാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന പശുമ്പോന്‍ മുത്തുരാമലിംഗ തേവര്‍ ‘മുരുഗസ്വാമിയുടെ അവതാര’മാണ് എന്നും പ്രഖ്യാപിച്ചു.

ആറ് പ്രമേയങ്ങളാണ് ഈ സമ്മേളനം അംഗീകരിച്ചത്. അതില്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്ന് വരുന്ന നിയമസഭ സമ്മേളനത്തില്‍ വോട്ട് ചെയ്യണമെന്നും ക്ഷേത്രങ്ങളെ വരുമാന സ്രോതസായി കണക്കാക്കുന്ന ഡി.എം.കെ സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്നുമുള്ള പ്രമേയങ്ങള്‍ ഉള്‍പ്പെടുന്നു. ദൈവമാണ് പണത്തേക്കാള്‍ പ്രധാനമെന്ന് ജനങ്ങള്‍ കരുതുന്നതിന്റെ തെളിവാണ് സമ്മേളനത്തിന്റെ വിജയമെന്ന് അണ്ണാമലയും പറഞ്ഞു. പണം എന്നതിന് ‘നിധി’ എന്ന വാക്കാണ് അണ്ണാമല ഉപയോഗിച്ചത്. കരുണാനിധി മുതല്‍ ഉദയനിധി വരെയുള്ള ഡി.എം.കെ നേതാക്കളെ തള്ളിയാണ് ജനങ്ങള്‍ സമ്മേളനത്തിന് എത്തിയത് എന്നായിരുന്നു അതിന്റെ വ്യാഖ്യാനം.

ബി.ജെ.പിയുടെ സഖ്യകക്ഷിയാണെങ്കിലും എ.ഐ.എ.ഡി.എം.കെ പൊതുവേ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ് ചെയ്തത്. ആര്‍.ബി ഉദയകുമാര്‍ അടക്കമുള്ള ചില നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു എന്ന് മാത്രം.  Religious spat: Tamil Nadu files case against Andhra Deputy CM Pawan Kalyan and Bjp State leader Annamalai

Content Summary; Religious spat: Tamil Nadu files case against Andhra Deputy CM Pawan Kalyan and Bjp State leader Annamalai

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×