June 04, 2026 |
Share on

എടത്തട്ട നാരായണൻ ആദർശത്തിൻ്റെ നിനവ്

എടത്തട്ട നാരായണൻ്റെ ചരമ വാർഷികമാണ് സെപ്റ്റംബർ 7 ന്

ഇന്ത്യയിലെ ഇടതുപക്ഷ പത്രപ്രവർത്തന രംഗത്തെ മാർഗദർശിയായ എടത്തട്ട നാരായണൻ്റെ ചരമ വാർഷികമാണിന്ന്.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ ഓർക്കേണ്ട ഒരാളാണ് അദ്ദേഹം. അധികാര വർഗത്തോടും അവരുടെ പത്രസെൻസർഷിപ്പിനോടും ഏറ്റുമുട്ടിയ എഡിറ്ററായിരുന്നു എടത്തട്ടയും അദ്ദേഹത്തിൻ്റെ ദിനപത്രമായ പേട്രിയറ്റും. ബ്രിട്ടീഷ് ഇന്ത്യയിൽ തൻ്റെ പത്രപ്രവർത്തനത്തിലൂടെ സ്വാതന്ത്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നും സ്വതന്ത്ര ഇന്ത്യയിലും പത്രപ്രവർത്തനം ജീവിതാവസാനം വരെ തുടർന്ന തലശ്ശേരിക്കാരനായ അപൂർവ്വ പത്രപ്രവർത്തകനാണ് എടത്തട്ട നാരായണൻ. എടത്തട്ടയുടെ സഹോദരിയുടെ കൊച്ചുമകളും കണ്ണൂര്‍ ഭാരതീയ വിദ്യാ ഭവന്‍ പ്രിന്‍സിപ്പാളുമായിരുന്ന മോഹിനി രാജീവ് എടത്തട്ട നാരായണനെന്ന തന്റെ മുതിര്‍ന്ന കുടുംബാംഗമായ അമ്മാവന്റെ പത്രപ്രവര്‍ത്തത്തെ ഓര്‍മ്മിക്കുന്നു.

 

എടത്തട്ട നാരായണൻ

പുസ്തകങ്ങൾ അടുക്കി വെക്കുന്നതിനിടയിൽ കൈയ്യിൽ പെട്ട, പി. രാംകുമാർ എഴുതിയ “എടത്തട്ട നാരായണൻ പത്ര പ്രവർത്തനവും കാലവും” എന്ന  പുസ്തകം. അദ്ദേഹം അന്തരിച്ച് 40 വർഷത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ  ഒരു ജീവചരിത്രം വരുന്നത്.

എന്റെ അച്ഛമ്മയുടെ മൂത്ത സഹോദരനാണ് അദ്ദേഹം. വളരെ ചെറിയ കുട്ടിയായി ഇരിക്കുമ്പോൾ ഒന്നോ രണ്ടോ തവണ കണ്ട ഓർമ്മയെ ഉള്ളു എനിക്ക്. അദ്ദേഹത്തിന്റെ ചരമ വാർഷികമാണ് സെപ്റ്റംബർ 7  ന്.  ഞാനോർത്തു, ഒരു നിമിത്തം പോലെ എന്റെ കൈയ്യിൽ വന്നു ആ ഫോട്ടോയും പുസ്തകവും..  ആ പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ ആ ജീവിതത്തിലെ ചില കാര്യങ്ങൾ ഇവിടെ  പങ്കു വെക്കട്ടെ…

ആ പുസ്തകം എടത്തട്ട നാരായണൻ എന്ന പത്രപ്രവർത്തകന്റെ ജീവചരിത്രം മാത്രമല്ല. ഇത് ഒരു കാലത്തെ നമ്മുടെ രാഷ്ട്ര ചരിത്രമാണ്. രാഷ്ട്രീയ ചരിത്രമാണ്. പത്രപ്രവർത്തന ചരിത്രമാണ്.

എടത്തട്ടയുടെ ജീവചരിത്രം

അമ്മാവനെക്കുറിച്ച് എന്തുകൊണ്ട് ഇതുപോലൊരു പുസ്തകം ഇന്ത്യയിൽ എങ്ങും ഇറങ്ങിയില്ല എന്നത് സത്യത്തിൽ അത്ഭുതകരമായി തോന്നി. ജീവിച്ചിരുന്ന കാലത്തും മരണശേഷവും അദ്ദേഹം ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ ഒരു ഇതിഹാസമായിരുന്നു. പക്ഷേ, അദ്ദേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വളരെക്കുറച്ച് കാര്യങ്ങൾ മാത്രമേ ഞങ്ങൾക്കുപോലും അറിയാമായിരുന്നുള്ളൂ. ഒരു വിക്കിപീഡിയ പേജ് പോലും ഇല്ലാതിരുന്ന ഇതിഹാസമായിരുന്നു അമ്മാവൻ! (2005 സെപ്റ്റംബറിലാണ് എടത്തട്ടയെ പറ്റി വളരെ പരിമിതമായ ഒരു പേജ് വിക്കിപീഡിയയിൽ പോലും പ്രത്യക്ഷപ്പെടുന്നത്!) ആ കുറവ് നികത്തുന്ന ചരിത്രരേഖയാണ് എൻ്റെ കയ്യിൽ ഇന്ന് വന്ന് പെട്ട ഈ പുസ്തകം.

ഇന്ത്യയിലെ ആദ്യത്തെ വാർത്താവാരിക ആയിരുന്ന ലിങ്കിന്റെയും ആദ്യത്തെ ഇടതുപക്ഷ ഇംഗ്ലീഷ് ദിനപത്രമായിരുന്ന പേട്രിയറ്റിന്റെയും സ്ഥാപക പത്രാധിപരായിരുന്നു ഇ. എൻ എന്ന ചുരുക്കപ്പേരിലൂടെ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന എടത്തട്ട നാരായണൻ. പൊതുപ്രവർത്തനത്തിലും അധ്യാപനത്തിലും  ഒരു പോലെ പ്രശസ്തനായിരുന്ന കപ്പന കണ്ണൻ മേനോന്റെയും എടത്തട്ട രുഗ്മിണി അമ്മയുടെയും മൂത്ത മകനായിരുന്നു അദ്ദേഹം.

പേട്രിയറ്റ്

പിന്നീട് രാഷ്ട്രപതിയായ സർവേപ്പള്ളി രാധാകൃഷ്ണൻ, ശാസ്ത്രജ്ഞനായ  സി. വി രാമൻ, സർ  സി രംഗനാഥൻ  പോലെയുള്ളവർ അധ്യാപകരായിരുന്ന കോളേജ് ആയ മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ ആയിരുന്നു അദ്ദേഹം പഠിച്ചിരുന്നത്. സൈമൺ കമ്മിഷന് എതിരായ  പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം പിന്നീട് പത്രപ്രവർത്തനത്തിലൂടെ സ്വാതന്ത്ര്യ സമരത്തിൽ  പങ്കാളിയായി. ആനി ബസൻ്റും സഹപ്രവർത്തകരും പ്രധാനികളായി പ്രവർത്തിച്ചിരുന്ന, ‘ന്യൂ ഇന്ത്യ’യിലൂടെ അദ്ദേഹം പത്രപ്രവർത്തന ലോകത്തേക്ക് കടന്നു.

അദ്ദേത്തിൻ്റെ അമ്മാവനും ഡൽഹിയിലെ പത്രപ്രവർത്തന രംഗത്തെ ആദ്യ മലയാളിയുമായ  ഇ. പി. മേനോനാണ് 21 വയസുകാരനായ എടത്തട്ടയോട് ഡൽഹിയിൽ വരാൻ പറയുന്നത്. ഡൽഹിയിൽ ആയിടെ സിക്കുകാർ ആരംഭിച്ച ഹിന്ദുസ്ഥാൻ ടൈംസിൻ്റെ തുടക്കത്തിൽ പ്രസാധകനായത് ഈ ഇ. പി. മേനോനായിരുന്നു.

കെ. എ. ദാമോദര മേനോൻ എടത്തട്ട നാരായണൻ , വി. പി. മേനോൻ ഡൽഹിയിലെ കേരള ക്ലബിൻ്റെ ഒരു പരിപാടിക്കിടയിൽ

പത്രത്തിൻ്റെ സ്ഥാപക എഡിറ്ററായ സർദാർ കെ. എം പണിക്കർക്ക് അമ്മാവൻ്റെ കഴിവുകളിൽ നല്ല  മതിപ്പ് തോന്നിയപ്പോൾ പത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹം ഡൽഹിയിലെ ആദ്യത്തെ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസിൽ 1926 ൽ  സബ് എഡിറ്റർ ആയി ചേർന്നു.

ഹിന്ദുസ്ഥാൻ ടൈംസിലെ ആദ്യത്തെ സബ് എഡിറ്റർമാരിൽ ഒരാളാണ് അദ്ദേഹം.  പിന്നീട് പോത്തൻ ജോസഫ് എഡിറ്ററായപ്പോൾ അദ്ദേഹം പത്രത്തിലെ രണ്ടാമനായി, എടത്തട്ട നാരായണൻ, പിന്നീട് ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററായ ശ്യാം ലാൽ, പ്രശസ്തനായ ജി.വി. കൃപാനിധി, കാർട്ടൂണിറ്റ് ശങ്കർ തുടങ്ങിയ സംഘം ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൻ്റെ വളർച്ചക്ക്  കാരണക്കാരായി. അപ്പോഴേക്കും  വ്യവസായിയായ ജി. ഡി. ബിർള ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിൻ്റെ ഉടമയായി മാറിയിരുന്നു.

1934 ൽ പിന്നീട് പത്രയുടമയുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ അവിടെ നിന്നും എഡിറ്ററായ പോത്തൻ ജോസഫിനോടൊപ്പം പടിയിറങ്ങി, കൂടെ അമ്മാവനും. അദ്ദേഹം അവിടെ തുടർന്നെങ്കിൽ പത്രത്തിൻ്റെ എഡിറ്ററായേനെ – പക്ഷേ, വിട്ടുവീഴ്ചകളിൽ ഒരിക്കലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല.

അൽപകാലം ലക്‌നോവിൽ ‘പയനീയർ’ ദിനപത്രത്തിൽ പ്രവർത്തിച്ച ശേഷം ദേവദാസ് ഗാന്ധിയുടെ ക്ഷണപ്രകാരം വീണ്ടും ഹിന്ദുസ്ഥാൻ ടൈംസിലേക്ക് മടങ്ങിയ അദ്ദേഹം തൻ്റെ  “സൂപ്പർ ഇൻകാലിബാൻഡിയ” എന്ന പംക്തിയിലൂടെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. അദ്ദേഹം തയ്യാറാക്കിയ ക്വിറ്റ് ഇന്ത്യാ ബുള്ളറ്റിനുകൾ ഡൽഹി മുഴുവൻ പ്രചരിച്ചു. അതിന് പിന്നിൽ പ്രവർത്തിച്ചവരെ തേടി ബ്രിട്ടീഷ് രഹസ്യ പോലീസ്  എല്ലായിടവും അരിച്ചു പെറുക്കി. ഒടുവിൽ എടത്തട്ട  പോലീസ് പിടിയിലായി. അദ്ദേഹം അന്നത്തെ ജയിലറയായ റെഡ് ഫോർട്ടിൽ മാസങ്ങളോളം തടവിലായി. ഇക്കാലമത്രയും അതിക്രൂരമായ പീഡനങ്ങളും നേരിടേണ്ടി വന്നു.

ജയിലിൽ നിന്ന് പുറത്ത് വന്ന ശേഷം ചെറിയ ഒരു വിശ്രമത്തിന് ശേഷം സോഷ്യലിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ട് ‘ജനത’ എന്ന അവരുടെ മുഖപത്രമായ വാരികയുടെ എഡിറ്റർ ആയി വീണ്ടും പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

ലിങ്ക് മാസിക

1948 ഓഗസ്റ്റിൽ പിന്നീട് കാർട്ടൂണിസ്റ്റ് ശങ്കർ, സാൽമിയയുമായി ചേർന്ന് തുടങ്ങിയ  ‘ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ’ എന്ന പുതിയ ദിനപത്രത്തിൽ ന്യൂസ് എഡിറ്ററായി. ഏറെ താമസിയാതെ അദ്ദേഹം ഉടമയുടെ ഇടപെടലിൽ അതൃപ്തനായി രാജിവെച്ചു.

പിന്നീട് കാർട്ടൂണിസ്റ്റ് ശങ്കർ, ശങ്കേഴ്സ് വീക്കിലി തുടങ്ങിയപ്പോൾ അദ്ദേഹം അതിൽ പേര് വെയ്ക്കാത്ത മുഖ്യ എഡിറ്ററായി. ശങ്കേഴ്സ് അതിലെ ഫ്രീ തിങ്കിങ് എന്ന എഡിറ്റോറിയലും, മാൻ ഓഫ്  ദ വീക്ക് എന്ന പംക്തിയും,  ശങ്കറിൻ്റെ വരയും,  ശങ്കേഴ്സ് വീക്കിലിയെ ഉയരങ്ങളിൽ എത്തിച്ചു. എടത്തട്ട നാരായണൻ്റെ നമ്പർ വൺ ഹുമറിസ്റ്റ് എന്ന പംക്തിയും വളരെ ജനശ്രദ്ധ പിടിച്ചു പറ്റി.  ശങ്കേഴ്സ് വീക്കിലിയെ ഒരു കാർട്ടൂൺ വാരികയേക്കാൾ നിലവാരമുള്ള പ്രസിദ്ധീകരണമാക്കിയത് എടത്തട്ടയായിരുന്നു. എടത്തട്ട നാരായണൻ, എം. ചലപതി റാവു പിന്നെ സി.പി. രാമചന്ദ്രൻ ഇംഗ്ലീഷ് പത്രപ്രവർത്തന രംഗത്തെ എക്കാലത്തേയും ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ മൂന്ന് പ്രതിഭാശാലികൾ ശങ്കേഴ്സ് വീക്കിലിയെ മികച്ച പ്രസിദ്ധീകരണമാക്കി.

പത്ത് വർഷത്തിന് ശേഷം 1958 ൽ അദ്ദേഹം ശങ്കേഴ്സ് വീക്കിലി വിട്ടു ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണൽ ഇംഗ്ലീഷ് ദിനപത്രത്തിൻ്റെ മലയാളിയായ ആദ്യത്തെ എഡിറ്ററായി.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും രാജി വെച്ചെങ്കിലും പാർട്ടി അനുഭാവിയായിരുന്ന അദ്ദേഹത്തോട് ഗൗരവമുള്ള ഒരു വാർത്ത പ്രസിദ്ധീകരണം തുടങ്ങുന്നതിനെ  കുറിച്ച് പലരും താൽപര്യം പ്രകടിപ്പിച്ചു. പുരോഗമന ആശയക്കരായ പല പ്രമുഖരും അതിനെ പിന്തുണച്ചു. അങ്ങനെ 1958 ഓഗസ്റ്റ് 15 ന് ലിങ്ക് വാർത്താ മാസിക പ്രസിദ്ധീകരണം തുടങ്ങി. നെഹ്റുവിൻ്റെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് ലിങ്ക് മുന്നേറി. ലിങ്കിൽ എഴുതാൻ എഴുത്തുകാർ മത്സരിച്ചു.  അടുത്തതായി ഒരു പത്രം പുറത്തിറക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്.

ഡോ ബാലിഗ , പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു, എടത്തട്ട നാരായണൻ – ലിങ്ക് ഹൗസിൽ

അരുണ അസഫ് അലിയും ഡോക്ടർ ബാലിഗയും അതിനെ പിന്തുണച്ചു.  അങ്ങിനെ 1963 ൽ ലിങ്ക് ഹൗസ് എന്ന ബഹുനില കെട്ടിട സമുച്ചയം പൂർത്തിയായി. അതിൽ നിന്ന് പേട്രിയറ്റ്  എന്ന പത്രം പുറത്തിറങ്ങി. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തുന്ന പത്രമായി പേട്രിയറ്റ്. പ്രധാന ശിൽപ്പികളിൽ ഒരാളായ ബാലിഗയുടെ അപ്രതീക്ഷിതമായ മരണവും എടത്തട്ടക്ക് ശേഷം ആര് എന്ന ചോദ്യത്തിന് പിന്നാലെ വന്ന പല ചരട് വലികളും കാലക്രമേണ പത്രത്തെ ദുർബലമാക്കി. പത്രത്തിന് താങ്ങായി  നിന്ന പലരും അധികാരത്തിൽ നിന്നു മാറിയതും മറ്റൊരു തിരിച്ചടിയായി. അടിയന്തിരാവസ്ഥ കാലത്ത് ഒരു ഘട്ടത്തിൽ കീഴടങ്ങേണ്ടി വന്നെങ്കിലും ചെറിയ ഇടവേളക്ക് ശേഷം പിടിച്ചു നിൽക്കാൻ അവർക്ക് സാധിച്ചു. എല്ലാ പ്രശ്നങ്ങളെയും നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രം നേരിട്ട് അദ്ദേഹം പിടിച്ചു നിന്നു. ഒടുവിൽ 1978 സെപ്റ്റംബർ 7 ന് പത്രത്തിൻ്റെ ആദ്യ കോപ്പിയും വായിച്ചു തൃപ്തിപ്പെട്ട് ഉറങ്ങാൻ പോയ അദ്ദേഹം ഹൃദയഘാതം മൂലം  ഇഹലോകവാസം വെടിഞ്ഞു.

1963 മാർച്ച് 31 – എടത്തട്ട പേട്രിയറ്റ് പത്രത്തിൻ്റെ ആദ്യ ലക്കത്തിൻ്റെ അവസാന മിനുക്കു പണിയിൽ

ഇന്ത്യൻ പത്രപ്രവർത്തന രംഗത്ത് അദ്ദേഹത്തെ പോലെ ദീർഘകാലം പത്രപ്രവർത്തനം നടത്തിയ അധികം പേരില്ല. ഏതാണ് 60 വർഷം അദ്ദേഹം ഫുൾ ടൈം പത്രപ്രവർത്തകനായിരുന്നു.  നിർഭാഗ്യവശാൽ അദ്ദേഹം തൻ്റെ അനുഭവങ്ങളൊന്നും എഴുതി വെയ്ക്കാതെയാണ് വിടവാങ്ങിയത്. അത് ചെയ്തിരുന്നെങ്കിൽ ഇന്ത്യൻ പത്രപ്രവർത്തനത്തെ കുറിച്ച് വ്യത്യസ്തമായ ഒരു പുസ്തകം കിട്ടിയേനെ.

കണ്ണൂർ സർവ്വകലാശാലയിലെ ജേർണലിസം ഡിപ്പാർട്ട്മെൻ്റിലെ പഠനത്തിനായി എടത്തട്ട നാരായണൻ്റെ കുടുംബാംഗങ്ങൾ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൈമാറിയത് ആ  ഡിപ്പാർട്ട് മെൻ്റ് ലൈബ്രറിയിൽ എടത്തട്ട നാരായണൻ എന്ന വിഭാഗമായി പ്രത്യേകം കാത്തു സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഓർമ്മകൾ ആ ലൈബ്രറിയിൽ പത്രപ്രവർത്തനം പഠിക്കുന്ന പുസ്തകങ്ങളിലൂടെ നിലനിൽക്കുന്നു.

Content Summary: Remembering the ideals of Edathatta Narayanan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×