‘നല്ലൊരു ഗണ്ണിന് ഉടമയില്ല, പിൻഗാമികളാണുള്ളത്’, സിനിമ താരം ഷാജഹാനോട് സെക്രട്ടറി അവറാൻ പറയുന്ന ഈ വാക്കുകളിൽ ഒരു തീവ്രതയുണ്ട്. ഒരു കുടുംബത്തിലെ പല തലമുറകൾക്ക് തോക്കുകളും വേട്ടയും എത്രത്തോളം ഹരം നൽകുന്നുവെന്ന് സെക്രട്ടറി അവറാന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഈ ത്രില്ലാണ് റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ സംവിധായകൻ ആഷിഖ് അബു പ്രേക്ഷകർക്കായി ഒരുക്കിവെച്ചിരിക്കുന്നത്. Rifle Club
1991ൽ പശ്ചിമ ഘട്ടത്തിലെ ഒരു കൂട്ടുകുടംബത്തിൽ നടക്കുന്ന, പ്രേക്ഷകർക്ക് അസാധാരണമെന്ന് തോന്നുന്ന, എന്നാൽ ചിത്രത്തിലെ കഥാപാത്രങ്ങളെ വെച്ച് പറഞ്ഞാൽ അവരെ ഹരം കൊള്ളിക്കുന്ന ഒരു സംഭവം അതാണ് രസകരമായി പറഞ്ഞാൽ റൈഫിൾ ക്ലബ്ബ് എന്ന സിനിമ.
വയനാട്ടിലെ ഒരു വലിയ തറവാട്, ആ തറവാട്ടിലെ കാരണവർ മുതൽ കൊച്ചുമക്കൾ വരെ കൈകാര്യം ചെയ്യുന്ന തോക്കുകളെ വില പറഞ്ഞ് അളക്കാൻ കഴിയാത്ത പാരമ്പര്യ അവകാശമായി അവർ കാണുന്നു. ആ കുടുംബത്തിന്റെ റൈഫിൾ ക്ലബ്ബിൽ അവിചാരിതമായി നടക്കുന്ന ഒരു പ്രശ്നവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് റൈഫിൾ ക്ലബ്ബ് സിനിമയിൽ പറയുന്നത്.
മകന്റെ രക്തം പുരണ്ട ജാക്കറ്റ് ഇട്ട് ഒരു കുടുംബത്തെ മുഴുവൻ കൊല്ലാനായി എത്തിയ ദയാനന്ദ് ബാരെയുടെ ചോദ്യത്തിന് ഭയത്തിന്റെ തെല്ലൊരംശം പോലുമില്ലാതെ, ‘സെക്രട്ടറി അവറാൻ സ്പീക്കിങ്ങ്’ എന്ന മറുപടി നൽകുന്ന സെക്രട്ടറി അവറാൻ ദിലീഷ് പോത്തന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സെക്രട്ടറി അവറാന്റെ സംഭാഷണങ്ങളിലൂടെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. വിരണ്ടുവരുന്ന വേട്ടമൃഗത്തിന്റെ മുന്നിലോ കൊല്ലാൻ വരുന്ന വില്ലന്റെ മുന്നിലോ പതറാത്ത സെക്രട്ടറി അവറാൻ്റെ ഇമോഷണൽ സൈഡും ഈ കഥാപാത്രത്തെ മികച്ചതാക്കുന്നുണ്ട്.
കൊല്ലാനെത്തിയവരുടെ കൈയ്യിൽ അഡ്വാൻസ്ഡായിട്ടുള്ള തോക്കുകളുണ്ടെന്ന് പറയുമ്പോൾ നല്ല വേട്ടക്കാരന്റെ ഉന്നത്തിനെ പുകഴ്ത്തുന്ന കുഴിവേലിൽ ലോനപ്പൻ, വിജയരാഘവന്റെ കൈയ്യിൽ ഭദ്രമായിരുന്നു. സിനിമയിലുടനീളം കുഴിവേലിൽ ലോനപ്പൻ എന്ന കഥാപാത്രം കൊണ്ട് നടക്കുന്ന ആത്മവിശ്വാസം ഒരു സന്ദർഭത്തിലും ചോർന്ന് പോകുന്നില്ല.
പുരുഷ കഥാപാത്രങ്ങൾക്കുള്ളത് പോലെ തുല്യമായ പ്രാധാന്യം ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്കുമുണ്ട്. വാണി വിശ്വനാഥിന്റെ ഇട്ടിയാനും സുരഭി ലക്ഷ്മിയുടെ സൂസനും ഉണ്ണിമായ പ്രസാദിന്റെ സിസിലിയും ദർശന രാജേന്ദ്രന്റെ കുഞ്ഞുമോളും ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ്. ബീരയായെത്തിയ ഹനുമാൻകൈൻഡ് തന്റെ ആദ്യ കഥാപാത്രം മികച്ചതാക്കി. അനുരാഗ് കശ്യപ് അവതരിപ്പിച്ച ദയാനന്ദ് ബാരെ എന്ന കഥാപാത്രം സിനിമയിലെ മറ്റ് കഥാപാത്രങ്ങൾക്ക് മുന്നിൽ വില്ലനാണെങ്കിലും സർവ്വവും നൽകി വളർത്തിയ തന്റെ ആൺ മക്കളുടെ മരണത്തിന് പ്രതികാരം ചെയ്യാനെത്തുമ്പോൾ അവിടെ വില്ലനിസം കാണാനാകും എന്ന് തോന്നുന്നില്ല. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സിനിമയുടെ മുന്നോട്ട് പോക്കിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്.
ആഷിഖ് അബുവിന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടതാണ്. സാങ്കേതികയുടെ മികവ് ഒരു സിനിമക്ക് എത്രത്തോളം ആവശ്യമാണെന്ന് തന്റെ സിനിമകളിലൂടെ കാണിച്ചു തന്ന സംവിധായകൻ സിനിമറ്റോഗ്രാഫറുടെ തൊപ്പിയണിയുമ്പോൾ ഉണ്ടാകുന്ന ഗുണം റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിനുമുണ്ട്. കളറിങ്ങും ലൈറ്റിങ്ങും പ്രോപ്പർറ്റീസിന്റെ ഉപയോഗവുമെല്ലാം സിനിമയുടെ മേക്കിങ്ങ് കോളിറ്റിയെ ഒരു പടി മുന്നിൽ നിർത്തുന്നതാണ്. റെക്സ് വിജയന്റെ സംഗീതമാണ് ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകം. സീനുകളുടെയും കഥാപാത്രങ്ങളുടെയും പ്രാധാന്യത്തിനനുസരിച്ച് ഇഴചേരുന്ന രീതിയിലാണ് ചിത്രത്തിൽ റെക്സ് വിജയൻ സംഗീതം ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമകൾ പാൻ ഇന്ത്യ തലത്തിൽ ചർച്ച ചെയ്യപ്പെട്ട 2024ന്റെ അവസാനത്തിൽ അതിന് മികവ് കൂട്ടുന്ന തരത്തിലാണ് റൈഫിൾ ക്ലബ്ബ് എന്ന ആക്ഷൻ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. Rifle Club
Content Summary: Review of Aashiq Abu’s movie Rifle Club
Rifle Club Anurag kashyap aashiq abu surabhi lakshmi vijaraghavan vani vishwanath