December 13, 2024 |
Share on

ആരാണ് റോബര്‍ട്ട് കെന്നഡി ജൂനിയര്‍? വാക്‌സിന്‍ വിരുദ്ധനെ അമേരിക്കയുടെ ആരോഗ്യ ചുമതല ഏല്‍പ്പിക്കാന്‍ ട്രംപ്

‘വാക്‌സിന്‍ എടുത്താല്‍ ഓട്ടിസം വരും, കീടനാശിനികളാണ് യുവാക്കളെ ട്രാന്‍സ്‌ജെന്‍ഡറുകളാക്കുന്നത്, എയ്ഡ്‌സിന് കാരണം എച്ച്‌ഐവി വൈറസ് അല്ല’- ആര്‍എഫ്‌കെ ജൂനിയറിന്റെ വാദങ്ങളില്‍ ചിലതാണ്

വാക്‌സിന്‍ വിരുദ്ധനായ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ യു എസ് ആരോഗ്യ സംവിധാനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ്(എച്ച് എച്ച് എസ്) തലപ്പത്തേക്ക് നിര്‍ദേശിച്ച് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് വാക്‌സിന്‍ ഉള്‍പ്പെടെ എല്ലാത്തരം വാക്‌സിനേഷന്‍ പദ്ധതികള്‍ക്കുമെതിരേ നിരന്തരം ശബ്ദം ഉയര്‍ത്തുയും ഇക്കാര്യത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ തക്കശേഷിയും ഉള്ളൊരാളെയാണ് ആരോഗ്യ സംവിധാനങ്ങളുടെ ചുമതലയിലേക്ക് ട്രംപ് കൊണ്ടു വരുന്നതെന്നതാണ് വിരോധാഭാസം.

ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നിരുന്നു റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍(ആര്‍ എഫ് കെ). പിന്നീട്, മത്സര രംഗത്ത് നിന്നു പിന്മാറിയ ഈ 70 കാരന്‍ ട്രംപ് അനുകൂലിയായി മാറുകയായിരുന്നു. മുന്‍ അറ്റോര്‍ണി ജനറലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനും മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തരവനുമാണ്.

ഒരു പരിസ്ഥിതി അഭിഭാഷകന്‍ എന്ന നിലയിലാണ് ആര്‍ എഫ് കെ ജൂനിയര്‍ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെയും ശാസ്ത്രീയ ഗവേഷണത്തെ ചോദ്യം ചെയ്യുന്നതിലൂടെയുമാണ് അദ്ദേഹം കുപ്രസിദ്ധി നേടിയത്. രോഗങ്ങളും പകര്‍ച്ചവ്യാധികളും മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരേക്കാള്‍ കഴിവ് തനിക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ എപ്പോഴത്തെയും അവകാശവാദം.

വാക്‌സിനുകള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകാന്‍ കാരണമാകുമെന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചിട്ടുണ്ട്. എയ്ഡ്‌സിന് കാരണം എച്ച്‌ഐവി അല്ലെന്നും ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഡിപ്രഷനും മറ്റും ഉപയോഗിക്കുന്ന മരുന്നുകളാണ് സ്‌കൂള്‍ വെടിവയ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു കാരണമാകുന്നത്, ചില കളനാശിനികളുടെ ഉപയോഗം യുവാക്കള്‍ ട്രാന്‍സ്ജെന്‍ഡറുകളായി മാറാന്‍ കാരണമാകുന്നു- തുടങ്ങിയ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുന്നതില്‍ ആര്‍ എഫ് കെ ജൂനിയര്‍ മുന്നിലുണ്ട്.

2019ലെ ഒരു പഠനം അനുസരിച്ച്, ഫെയ്‌സ്ബുക്കില്‍ വാക്‌സിന്‍ വിരുദ്ധ പരസ്യങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് സ്ഥാപനങ്ങളില്‍ ഒന്ന് ആര്‍ എഫ് കെ ജൂനിയറിന്റെതാണ്. 2021ല്‍, കോവിഡ്-19 വാക്സിനിനെക്കുറിച്ച് ഓണ്‍ലൈന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 12 പ്രമുഖരില്‍ ഒരാളായി സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. കെന്നഡി ജൂനിയറിന്റെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സ് എന്ന ലാഭരഹിത വാക്‌സിന്‍ വിരുദ്ധ ഗ്രൂപ്പിനെ ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആകുന്നതുവരെ അദ്ദേഹം നയിച്ചിരുന്നു. 2019 ല്‍ വിനാശകരമായ അഞ്ചാംപനി പൊട്ടിപ്പുറപ്പെടുന്നതിന് മുന്നോടിയായി അമേരിക്കന്‍ സമോവയില്‍ അദ്ദേഹം വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

RFK jr with trump

റോബര്‍ട്ട് കെന്നഡി ജൂനിയറും ഡൊണാള്‍ഡ് ട്രംപും

യുഎസ് ആരോഗ്യ വകുപ്പിനെ നയിക്കാന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിന് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. അദ്ദേഹം അവരോധിക്കപ്പെടുകയാണെങ്കില്‍, വാക്‌സിനുകളായിരിക്കും ‘മേശയിലെ ആദ്യത്തെ പ്രശ്‌നം’ എന്നാണ് വിദഗ്ധര്‍ പറയുന്നു.

മിനസോട്ട സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി ഡയറക്ടര്‍ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം പറയുന്നത്, പൊതു നയങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍പ്പോലും, ഫെഡറല്‍ ഗവണ്‍മെന്റ് അധികാരികള്‍ വാക്‌സിനുകള്‍ക്കെതിരെ സംസാരിക്കുകയോ, വാക്‌സിനേഷന്‍ എടുക്കാന്‍ സാധ്യതയുള്ള ആളുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്താല്‍, അത് വാക്‌സിന്‍ ഇല്ലാത്തതിനു തുല്യമായിരിക്കുമെന്നാണ്.

സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ കുടിവെള്ളത്തില്‍ ഫ്‌ലൂറൈഡിന്റെ അളവ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും, അത് നീക്കം ചെയ്യണമെന്നാണ് ആര്‍ എഫ് കെ ജൂനിയര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ക്കെതിരെയും റൗണ്ടപ്പ് പോലുള്ള കളനാശിനികളുടെ ഉപയോഗത്തിനെതിരെയും ആര്‍ എഫ് കെ മുന്നില്‍ നിന്ന് പ്രതിഷേധിക്കുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ വാണിജ്യ ഫാമുകള്‍, കാലിത്തീറ്റകള്‍ എന്നിവ ജനാരോഗ്യത്തെ ബാധിക്കുന്നുമെന്ന ആശങ്കയും ഇദ്ദേഹം സമൂഹത്തില്‍ പരത്തിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ളവര്‍, അല്ലെങ്കില്‍ അതിന്റെ ഭാഗമാകാന്‍ സര്‍ക്കാര്‍ സര്‍വീസ് ഉപേക്ഷിച്ചവര്‍ എന്നിവരുടെ ‘റിവോള്‍വിംഗ് ഡോര്‍’ അവസാനിപ്പിക്കണമെന്ന നിലപാടും കെന്നഡി ജൂനിയറിനുണ്ട്. വാക്‌സിന്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ 600 ജീവനക്കാരെ പിരിച്ചുവിടാനും പകരം 600 പുതിയ തൊഴിലാളികളെ നിയമിക്കാനും ആഗ്രഹിക്കുന്ന ഒരാള്‍ കൂടിയാണ് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍.  Robert F. Kennedy Jr. has been nominated by Donald Trump to lead the Department of Health and Human Services

Content Summary; Robert F. Kennedy Jr. has been nominated by Donald Trump to lead the Department of Health and Human Services

×