ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ റോബോട്ട് ആനയെ സൗജന്യമായി നൽകാനൊരുങ്ങി പെറ്റ ഇന്ത്യ. ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ആഘോഷങ്ങളിലുമെല്ലാം പങ്കെടുപ്പിക്കാവുന്ന തരത്തിലുള്ള ആനകളെയാണ് തൃശ്ശൂരിലെ ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സും ‘പെറ്റ ഇന്ത്യ’ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഫോർ അനിമൽ) എന്ന സന്നദ്ധ സംഘവും ചേർന്ന് നൽകാനൊരുങ്ങുന്നത്.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന എഴുന്നള്ളിപ്പിനിടെ ഉണ്ടായ ദുരന്തത്തിൽ മൂന്ന് പേർ മരണപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഈ ക്ഷേത്രത്തിൽ ജീവനുള്ള ആനകളെ ഉപയോഗിച്ച് എഴുന്നള്ളത്ത് നടത്തില്ലെന്ന് രേഖാമൂലം അറിയിച്ചാൽ പകര സംവിധാനമെന്ന നിലയിൽ റോബോട്ട് ആനയെ നൽകാമെന്ന് പെറ്റ ഇന്ത്യ അറിയിച്ചു.
തൃശ്ശൂർ തിരുവമ്പാടി കുന്നത്ത് ലെയ്‌നിൽ പ്രവർത്തിക്കുന്ന ഹെറിറ്റേജ് ആനിമൽ ടാസ്‌ക് ഫോഴ്‌സിന്റെ സഹകരണത്തോടെയാണ് പെറ്റ ഇന്ത്യ റോബോട്ട് ആനകളെ നൽകുക.
റോബോട്ട് ആനകളെ ഉപയോഗിക്കാത്തവർക്ക് രഥമോ, തേരോ നൽകാനും തയ്യാറാണെന്ന് പെറ്റ ഇന്ത്യ അറിയിച്ചു. കണ്ണിലെ കൃഷ്ണമണികൾ ചലിപ്പിക്കാൻ കഴിയുകയും ചെവിയും തുമ്പിക്കൈയും വാലുകളും ചലിപ്പിക്കാൻ കഴിയുന്ന വിധം രൂപകൽപന ചെയ്തിട്ടുള്ള ഫൈബർ ആനകളെയാണ് പെറ്റ നൽകുന്നത്. ഏണിവച്ച് മുകളിൽ കയറി നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള രൂപകൽപനയാണ് ഇതിന്റേത്. തിടമ്പ് വച്ചുകെട്ടുന്നതിനും, കോലം, കുട, ആലവട്ടം, വെഞ്ചാമരം എന്നിവ പിടിക്കുന്നവർക്ക് സുഖമായി ഇരിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. ശരീര ചലനങ്ങൾക്കായി ഘടിപ്പിച്ചിട്ടുള്ള ബാറ്ററി ആളുകൾക്ക് വൈദ്യുതാഘാതം ഏൽക്കാത്ത തരത്തിലാണ് ആനയ്ക്കുള്ളിൽ സജ്ജീകരിക്കുക. എട്ട് ക്വിന്റൽ തൂക്കം വരുന്ന ആനയ്ക്ക് എട്ട് ലക്ഷം രൂപയോളം ചെലവുണ്ടാകും.
റോബോട്ട് ആനയുടെ രണ്ടുവർഷത്തെ പരിപാലന ചെലവുകളും വഹിക്കാൻ പെറ്റ ഇന്ത്യ തയ്യാറാണ്. ആനയെ ചക്രംഘടിപ്പിച്ച പ്ലാറ്റ്‌ഫോം ഉപയോഗിച്ച് തള്ളി നീക്കാനും സാധിക്കുന്നു.
കേരളത്തിൽ ആദ്യമായി റോബോട്ടിക് ആനയെ ഉപയോഗിക്കുന്നത് ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ്. ഇരിഞ്ഞാടപ്പിള്ളി രാമൻ എന്നായിരുന്നു ആനയുടെ പേര്. പത്തടി നീളവും 800 കിലോ ഭാരവുമുള്ള ആന കാഴ്ച്ചക്കാർക്കും കൗതുകമായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു കേരളത്തിൽ ആദ്യമായി ഒരു ക്ഷേത്രത്തിൽ റോബോട്ടിക് ആനയെ ആചാരങ്ങളുടെ ഭാഗമാക്കുന്നത്. അന്ന് ഇതിന്റെ നിർമാണ ചെലവ് അഞ്ച് ലക്ഷം രൂപയായിരുന്നു.
ഇന്ന് കേരളത്തിൽ പല ക്ഷേത്രങ്ങളിലും യന്ത്ര ആനകളെ ഉപയോഗിക്കുന്ന സംവിധാനം നിലവിലുണ്ട്.
2023 മാർച്ച് മാസത്തിലായിരുന്നു എറണാകുളം മറ്റൂർ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആന തിടമ്പേറ്റിയത്. ഇത് കേരളത്തിലെ രണ്ടാമത്തെ യന്ത്ര ആനയായിരുന്നു.
പിന്നീട് കണ്ണൂർ എടയാർ വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തിലും യന്ത്ര ആന തിടമ്പേറ്റിയിരുന്നു. ആറ് ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച ഈ ആനയ്ക്ക് 600 കിലോ തൂക്കവും 10 അടി ഉയരവുമുണ്ടായിരുന്നു.
2024ൽ തിരുവനന്തപുരം ജില്ലയിലെ പൗർണമിക്കാവിലും റോബോട്ടിക് ആന ഉത്സവത്തിൽ നിറസാന്നിധ്യമായിരുന്നു. 10.8 അടി ഉയരവും 800 കിലോ ഭാരവുമുണ്ടായിരുന്നു ഈ ഗജവീരന്. നാല് ലക്ഷം രൂപയോളമായിരുന്നു ഇതിന്റെ നിർമാണ ചെലവ്.
content summary; robotic elephant for temple festival kerala