നാഗ്പൂരിലെ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയെങ്കിലും, ഏഴ് പന്തുകളില്‍ വെറും രണ്ട് റണ്‍സുമായി മടങ്ങിയ ക്യാപ്റ്റന്‍ ടീം ഇന്ത്യയെയും ആരാധകരെയും ശരിക്കും പേടിപ്പിച്ചു. ചാമ്പ്യന്‍സ് ട്രോഫിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, രോഹിത് വൈറ്റ് ബോള്‍ മത്സരങ്ങളിലും പരാജയമാണെന്ന് വിധിയെഴുതാന്‍ ആ ഇന്നിംഗ്‌സ് പലരും ഉപയോഗിച്ചു. ക്യാപ്റ്റന്റെ ടെസ്റ്റിലെ മോശം പ്രകടനങ്ങള്‍ ടീമിനെ എത്രത്തോളം ബാധിച്ചതാണെന്നു കണ്ടതാണ്. ‘ ഹിറ്റ്മാന്‍’ ഏകദിനത്തിലും നിറം മങ്ങിയാല്‍ സ്വന്തം ഭാവി മാത്രമല്ല, ഐസിസി ടൂര്‍ണമെന്റിലെ ഇന്ത്യയുടെ സാധ്യതകള്‍ കൂടിയാണ് ഇല്ലാതാക്കുന്നതെന്നാണ് അയാളെ തീവ്രമായി ആരാധിക്കുന്നവര്‍ പോലും ഭയപ്പെട്ടു.
പക്ഷേ, കട്ടക്കില്‍ എത്തിയപ്പോള്‍ കഥ മാറി. ഇന്ത്യ എന്താണോ രോഹിത് ശര്‍മയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അതയാള്‍ നല്‍കി. ഊജ്വലമായൊരു സെഞ്ച്വറി. സ്വയം തെളിയിക്കാനും, തന്നെ എഴുതി തള്ളിയവരോട്; ഞാന്‍ അവസാനിച്ചിട്ടില്ല എന്ന് മറുപടി പറയാനും ഉതകുന്ന ഒരു സൂപ്പര്‍ സെഞ്ച്വറി. 76 പന്തില്‍ തികച്ച സെഞ്വറി. 90 പന്തുകളില്‍ 119 റണ്‍സ് നേടി പുറത്താകുമ്പോള്‍, ടീമിനെ അയാള്‍ സുരക്ഷിതമാക്കുന്നതിനൊപ്പം ഒന്നു കൂടി അയാള്‍ ഓര്‍മിപ്പിച്ചു; രോഹിത് എന്ന ബാറ്റര്‍ എത്രമാത്രം അപകടകാരിയാണെന്ന്!
ഒരു തിരിച്ചുവരവ് രോഹിത് ശരിക്കും ആഗ്രഹിച്ചിരുന്നു. ശ്രദ്ധാപൂര്‍വവും തന്ത്രപരവുമായ ഒരു ബാറ്റിംഗ് സമീപനമായിരുന്നു കട്ടക്കില്‍ രോഹിത് നടപ്പാക്കിയത്. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകള്‍ പ്രത്യേകം കണ്ടെത്തി. അതിനനുസരിച്ചുള്ള പ്ലാന്‍ നടപ്പാക്കി. വളരെ വ്യക്തമായൊരു വിശകലനം സ്വന്തം ബാറ്റിംഗില്‍ നടത്താന്‍ സാധിച്ചു എന്നതാണ് ഞായറാഴ്ച്ചത്തെ വിജയകരമായ ഗെയിം പ്ലാനിന് പിന്നില്‍ എന്ന് രോഹിത് തന്നെ പറയുന്നുണ്ട്. ‘ഇതൊരു 50 ഓവര്‍ ഫോര്‍മാറ്റാണ്, ടി20 ഫോര്‍മാറ്റിനേക്കാള്‍ അല്‍പ്പം ദൈര്‍ഘ്യമേറിയതും, ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ ചെറുതും. എങ്കിലും കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തണം. അതാണ് ഞാന്‍ ചെയ്തത്. പുറത്താകാതെ പരമാവധി സമയം ക്രീസില്‍ നില്‍ക്കുക, സ്‌കോര്‍ ചെയ്യുക; ഇതിലായിരുന്നു എന്റെ ശ്രദ്ധ; മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിക്കൊണ്ട് രോഹിത് പറഞ്ഞ വാക്കുകളില്‍ അദ്ദേഹത്തിന്റെ പദ്ധതി എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ 12 മാസത്തെ കണക്കെടുത്താല്‍ ടെസ്റ്റില്‍ രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി വെറും 23.70 ആയിരുന്നു. 2024 സെപ്തംബര്‍ മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ അത് 10.93 ലേക്ക് താഴ്ന്നതായും കാണാം. ടെസ്റ്റില്‍ വളരെ പിന്നാക്കം പോയെങ്കിലും ഏകദിനത്തില്‍ ശര്‍മ മികച്ച പ്രകടനം നടത്തും എന്നൊരു വിശ്വാസം അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്കുപോലും ഉണ്ടായിരുന്നു. പക്ഷേ, നാഗ്പൂരിലെ പ്രകടനം പാടെ നിരാശപ്പെടുത്തുന്നതായിരുന്നു. അവിടെ നിന്നാണ് കട്ടക്കില്‍ അയാള്‍ വിശ്വരൂപം പൂണ്ടത്. കുത്തിയുയര്‍ന്ന ശേഷം പന്തിന് വേഗത കൂടുന്ന പിച്ചായിരുന്നു കട്ടക്കിലേത്. അത് മനസിലാക്കി ഫുള്‍ ഫെയ്‌സില്‍ ബാറ്റ് വയ്‌ക്കേണ്ടതുണ്ടായിരുന്നു. നിലയുറപ്പിച്ചതോടെ എന്താണ് ഇംഗ്ലീഷ് ബോളര്‍മാരുടെ തന്ത്രമെന്ന് മനസിലാക്കാന്‍ സാധിച്ചു. അവര്‍ സ്റ്റമ്പ്‌ലക്ഷ്യം വയ്ക്കുകയായിരുന്നു. വിക്കറ്റില്‍ നിന്ന് അകന്നു പോകുന്ന പന്തുകള്‍ അവര്‍ മനപൂര്‍വം വേണ്ടെന്നു വച്ചു. ബാറ്ററുടെ ശരീരത്തിലേക്കാണ് ഓരോ പന്തും എത്തിയത്. അത് മനസിലാക്കിയുള്ള പ്ലാന്‍ ഞാന്‍ ആവിഷ്‌കരിച്ചു. അത്തരം ഡെലിവറികള്‍ എങ്ങനെ പ്രതിരോധിക്കണമെന്ന് ഞാന്‍ കണക്കുകൂട്ടിയിരുന്നു. ഫീല്‍ഡിംഗ് വിടവുകള്‍ കൃത്യമായി കണ്ടെത്താനും എനിക്ക് സാധിച്ചു. ഒപ്പം, ഗില്ലും അയ്യരും നല്ല പിന്തുണ കൂടി നല്‍കിയതോടെ, ആസൂത്രണം ചെയ്തതുപോലെ തന്നെ ബാറ്റ് ചെയ്യാനും സാധിച്ചു’ രോഹിത് പറയുന്നു. ഓപ്പണിംഗില്‍ രോഹിത്-ഗില്‍ സഖ്യം 136 റണ്‍സാണ് അടിച്ചെടുത്തത്. അതിനവര്‍ക്ക് വേണ്ടി വന്നത് വെറും 17 ഓവറും.
സാഹചര്യങ്ങളെ ഭയക്കാത്ത കളിക്കാരനാണ് ക്യാപ്റ്റന്‍ എന്നായിരുന്നു രോഹിതിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് ഗില്‍ പ്രതികരിച്ചത്. അദ്ദേഹം കാര്യങ്ങള്‍ വിചാരിച്ചതിനേക്കാള്‍ എളുപ്പമാക്കിയെന്നും ഗില്‍ പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു ഗില്‍. 52 പന്തില്‍ 60 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്.
എന്തായാലും ഇന്ത്യക്ക് വളരെയേറെ ആശ്വാസം നല്‍കിയൊരു ഇന്നിംഗ്‌സായിരുന്നു കട്ടക്കില്‍ ക്യാപ്റ്റന്‍ കളിച്ചത്. ടെസ്റ്റിലെ മോശം ഫോമിന്റെ ക്ഷീണം തീര്‍ക്കാന്‍ രോഹിതിന് മുന്നില്‍ കിട്ടുന്ന അവസരമാണ് ചാമ്പ്യന്‍സ് ട്രോഫി. ഫെബ്രുവരി 19 ന് ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ ക്യാപ്റ്റന്‍ ഫോമിലെത്തിയത് ടീമിനെ കൂടുതല്‍ പ്രചോദിപ്പിക്കും. ട്വന്റി-20യില്‍ നിന്നും വിരമിച്ച രോഹിതിന് എല്ലാക്കരുത്തും ഏകദിനത്തില്‍ കാണിക്കാന്‍ കഴിഞ്ഞാല്‍ ഇനിയും ടീം ഇന്ത്യയുടെ നെടുംതൂണായി നില്‍ക്കാനും സാധിക്കും. Rohit sharma’s come back, a classic innings in Cuttack One Day
Content Summary; Rohit sharma’s come back, a classic innings in Cuttack One Day