April 28, 2025 |
Share on

വീട്ടില്‍ ഇംഗ്ലീഷ് വേണ്ട, പരമ്പരാഗത വേഷവും ഭക്ഷണവും മതി

ഹിന്ദുക്കള്‍ക്ക് ആര്‍എസ്എസ് മേധാവിയുടെ ഉപദേശം

വീടുകളിൽ ഇം​ഗ്ലീഷിന് പകരം മാതൃഭാഷ സംസാരിക്കണമെന്നും ഉത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുകയും പരമ്പരാഗത ഭക്ഷണം ആസ്വദിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത്. ബുധനാഴ്ച നടന്ന അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാ​ഗമായി ഹിന്ദു ഐക്യ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.

‘ധർമ്മം’ ഹിന്ദുമതത്തിന്റെ ആത്മാവാണെന്നും ജനങ്ങൾ അത് വ്യക്തിപരമായി ആചരിക്കണമെന്നും മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു. ഓരോ കുടുംബവും ആഴ്ചയിൽ ഒരിക്കലെങ്കിലും ഒത്തുകൂടി പ്രാർത്ഥിക്കണമെന്നും അവരുടെ ജീവിതശൈലി ഹിന്ദു പാരമ്പര്യത്തിനും സംസ്കാരത്തിനും അനുസൃതമാണോ എന്ന് ചർച്ച ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ആഴ്ചയിലൊരിക്കൽ വീട്ടിലെ എല്ലാവരും ഒരു നിശ്ചിത സമയത്ത് ഒത്തുചേർന്ന് ഭജനകൾ ചൊല്ലണം.വീട്ടിൽ പാകം ചെയ്ത ഭക്ഷണം ആസ്വദിക്കണം.തുടർന്ന്, നമ്മൾ ആരാണ്? നമ്മുടെ പാരമ്പര്യങ്ങളും സംസ്കാരവും എന്താണ് എന്ന രണ്ട് പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യണം. വീട്ടിൽ ഈ രീതികൾ പിന്തുടരുന്നുണ്ടോ എന്ന് അവർ ചിന്തിക്കുകയും വേണം, മോഹൻ ഭാഗവത് പറഞ്ഞു.

വീടുകൾക്കുള്ളിൽ നമ്മുടെ ഭാഷ, വസ്ത്രം, ഭക്തി, ഭക്ഷണം, മൂല്യങ്ങൾ എന്നിവ നിലനിർത്തണമെന്ന് ഭഗവത് നിർദേശിച്ചു. യുവതലമുറയ്ക്ക് മനസ്സിലാക്കാനും സ്വീകരിക്കാനും കഴിയുന്ന തരത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യാനും മോഹൻ ഭഗവത് കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ചു.

മതം ലോകമെമ്പാടും സംഘർഷങ്ങൾക്ക് കാരണമാകുന്നത് പലരും തങ്ങളുടെ മതം ശ്രേഷ്ഠമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണെന്ന് ആർ‌എസ്‌എസ് മേധാവി പ്രസ്താവിച്ചു. സനാതന ധർമ്മത്തിലൂടെ ഹിന്ദുമതം ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ധർമ്മം അതിന്റെ നിയമങ്ങൾക്കനുസൃതമായി ആചരിക്കണമെന്നും ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ തുടങ്ങിയ ഈ നിയമങ്ങൾക്ക് വിരുദ്ധമായ ഏതൊരു ആചാരവും നിർത്തലാക്കണമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

അടുപ്പിച്ചിത് രണ്ടാം തവണയാണ് മോഹൻ ഭഗവത് കേരളത്തിലെത്തുന്നത്. സംഘടനാ യോഗങ്ങൾക്കായി രണ്ടാഴ്ച മുമ്പ് അദ്ദേഹം കേരളത്തിലെത്തിയിരുന്നു.

Content summary: RSS Chief Mohan Bhagwat Urges Hindus to Embrace Traditional Dress, Eat Local Food, and Avoid Speaking English in Kerala

Mohan Bhagwat Cherukolpuzha Hindu Convention

Leave a Reply

Your email address will not be published. Required fields are marked *

×