April 28, 2025 |

ബില്‍ഡര്‍ ഡോട്ട് എഐ-വീഡിയോകോണ്‍ ബന്ധം, സിഇഒ സ്ഥാനം ഒഴിഞ്ഞ് സച്ചിന്‍ ദേവ് ദുഗല്‍

ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിൽ നിന്നും മറ്റു പല നി​ക്ഷേപകരിൽ നിന്നുമായി 450 മില്യൺ ഡോളർ ഇതിനകം സ്ഥാപനം കൈപ്പറ്റിയിട്ടുണ്ട്.

യുകെ ടെക് കമ്പനിയായ ബിൽഡർ ഡോട്ട് എഐയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞ് സ്ഥാപകൻ സച്ചിൻ ദേവ് ദു​ഗൽ. യുകെയിലെ ഏറ്റവും വലിയ ടെക് സ്റ്റാർട്ട് അപ്പുകളിൽ ഒന്നാണ് ബിൽഡർ ഡോട്ട് എഐ. മൈക്രോസോഫ്റ്റിന്റെയും സോഫ്റ്റ് ബാങ്കിന്റെയും പിന്തുണയോട് കൂടിയാണ് ബിൽഡർ ഡോട്ട് എഐ പ്രവർത്തിക്കുന്നത്. ആപ്പുകളും വെബ്സൈറ്റുകളും എഐയുടെ സഹായത്തോടെ വികസിപ്പിച്ച് നൽകുമെന്നതാണ് ലണ്ടൻ ആസ്ഥാനമായുള്ള ബിൽഡർ ഡോട്ട് എഐയുടെ പ്രധാന സവിശേഷത. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയിൽ നിന്നും മറ്റു പല നി​ക്ഷേപകരിൽ നിന്നുമായി 450 മില്യൺ ഡോളർ ഇതിനകം സ്ഥാപനം കൈപ്പറ്റിയിട്ടുണ്ട്. സാങ്കേതിക മികവിൽ ബിൽഡർ ഡോട്ട് എഐ വഹിക്കുന്ന പങ്കിന് മുമ്പ് യുകെ സർക്കാരിൽ നിന്ന് പ്രശംസ ഏറ്റു വാങ്ങിയിട്ടുണ്ട്.

ദു​ഗലിനെ ചീഫ് സ്ഥാനത്ത് നിന്ന് മാറ്റുമെന്നും എന്നാൽ സ്ഥാപകരിൽ ഒരാളായതിനാൽ ചീഫ് വിസാർഡ് എന്ന പദവി നൽകി കമ്പനിയുടെ ചുമതല നിലനിർത്തുമെന്നും ബിൽഡർ ഡോട്ട് എഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം കുറച്ചുകാലമായി ചർച്ചയിലായിരുന്നുവെന്നും കമ്പനിയുടെ വളർച്ചയ്ക്കും സേവനങ്ങൾ ആ​ഗോളതലത്തിലേക്ക് എത്തിക്കാനും ഇത്തരത്തിലൊരു മാറ്റം അനിവാര്യമാണെന്ന് കരുതുന്നതായി സ്ഥാനമാറ്റത്തെക്കുറിച്ച് ബിൽഡ‌‌‍ർ ഡോട്ട് എഐ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വർഷം നിരവവധി പ്രശ്നങ്ങൾ ആണ് സ്ഥാപനത്തിന് നേരിടേണ്ടി വന്നിരുന്നത്. ജീവനക്കാർ തുടരെ കമ്പനി വിട്ട് പോകുന്നതും, ദു​ഗലിന്റെ നേതൃത്വത്തിലെ അപാകതകളും, സേവനങ്ങൾ എത്തിക്കാൻ നേരിടുന്ന കാലതാമസം എന്നിവ ചർച്ചാവിഷയമായിരുന്നു. കാരണം കണ്ടെത്താനാവാത്ത സാങ്കേതിക തകരാറുകളോ, പെട്ടെന്നുള്ള ഉപഭോക്താക്കളുടെ പിൻമാറ്റമോ ആവാം കമ്പനിയുടെ തളർച്ചയുടെ കാരണമെന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു. 2018ലെ വിഡിയോകോൺ കമ്പനിയുമായി ബന്ധപ്പെട്ട കള്ളം പണം വെളുപ്പിക്കൽ കേസിൽ സച്ചിൻ ദേവ് ദു​ഗലിന്റെ ബന്ധം വെളിപ്പെടുത്തി ഇന്ത്യൻ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ് 2023ൽ സച്ചിനെതിരെ കേസെടുത്തിരുന്നു. ബിൽഡർ ഡോട്ട് എഐയും വീഡിയോകോണും തമ്മിലുള്ള ഇടപാടുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച സമൻസിനോട് സച്ചിൻ പ്രതികരിക്കുകയോ ഹാജരാവുകയോ ചെയ്തിരുന്നില്ല.

പിന്നീട് ദു​ഗലിനോട് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതി നിരസിച്ചിരുന്നു. ദു​ഗൽ വാറന്റിനെതിരെ പ്രതികരിക്കുകയും കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. കോടതി സമൻസ് അസാധുവാണെന്നും ദുഗ്ഗൽ ഇപ്പോഴും ഒരു സാക്ഷി മാത്രമാണെന്നും ദു​ഗലിന്റെ അഭിഭാഷകർ വാദിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് എന്ന നിലയിൽ മികവോടെ പ്രവർത്തിക്കാനും, ഉപഭോക്താക്കളുടെയും, ജീവനക്കാരുടെയും, നിക്ഷേപകരുടെയും മൂല്യം വർദ്ധിപ്പിക്കുന്നതിലുമായിരിക്കും താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് .ബിൽഡർ ഡോട്ട് എഐ മേധാവിയായി സ്ഥാനമേറ്റതിനു ശേഷം മൻപ്രീത് റാഷ്യ പറഞ്ഞു. ഈ മാറ്റം ബിൽഡർ ഡോട്ട് എഐക്ക് ഒരു പുതിയ തുടക്കമായിരിക്കുമെന്നും, പുതിയ കാഴ്ചപ്പാടും പ്രവർത്തന മികവും അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചയെ സഹായിക്കുമെന്ന് സച്ചിൻ ​ ദേവ് ദു​ഗൽ പറഞ്ഞു.

content summary: Sachin Dev Duggal, the founder of Builder.ai, one of the UK’s most well-funded tech start-ups, has resigned from his position as the company’s CEO

Leave a Reply

Your email address will not be published. Required fields are marked *

×