January 19, 2025 |

യുഎസ്എയ്ക്ക് ചരിത്ര വിജയം നല്‍കിയ ഇന്ത്യന്‍ ടെക്കി

ഒരിക്കല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്നെ കരയിപ്പിച്ച പാകിസ്താനോട് അമേരിക്കന്‍ കുപ്പായത്തിലൂടെ പകരം വീട്ടല്‍

2010 ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം അവസാനിക്കുമ്പോള്‍ സൗരഭ് നേത്രവാല്‍ക്കര്‍ എന്ന പയ്യന്‍ തകര്‍ന്ന ഹൃദയവുമായാണ് ഗ്രൗണ്ട് വിട്ടത്. മഴ പ്രധാന റോള്‍ വഹിച്ചൊരു ത്രില്ലര്‍ മത്സരത്തില്‍ ബാബര്‍ അസം എന്ന എതിരാളിക്കു മുന്നില്‍ ഇന്ത്യയുടെ കുട്ടികള്‍ക്ക് അടിപതറി. saurabh netravalkar indian computer engineer who playing for usa in t20 world cup gave his team a historical super over win against pakistan

പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം, വിജയിയുടെ ആഹ്ലാദവുമായി സൗരഭ ഗ്രൗണ്ട് വിടുമ്പോള്‍ നിരാശ പടര്‍ന്ന മുഖവുമായി ബാബര്‍ അസം മറുവശത്തുണ്ടെന്നത് കാലമൊരുക്കിയ കൗതുകം. കഥയില്‍ ഒരു വ്യത്യാസം മാത്രം; ഇത്തവണ സൗരഭ് ഇന്ത്യന്‍ ജേഴ്‌സിയിലായിരുന്നില്ല,അയാളുടെ ദേഹത്ത് യുഎസ്എയുടെ കുപ്പാമയമായിരുന്നു.

പാകിസ്താനെ തകര്‍ത്ത ‘ നേത്ര’ എക്‌സ്പ്രസ്
ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനും ആതിഥേയരായ യുഎസ്എയും തമ്മില്‍ നടന്ന ത്രില്ലര്‍ മാച്ചില്‍, സൂപ്പര്‍ ഓവറില്‍ പാകിസ്താനെ കണ്ണീരു കൂടിപ്പിച്ചത് ഇന്ത്യക്കാരനായ സൗരഭ് നേത്രവാല്‍ക്കറിന്റെ ‘ സൂപ്പര്‍’ ഒവറായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി നേടാനായത് 159 റണ്‍സാണ്. നൊസ്തുഷ് കെഞ്ചിഗെയുടെയും സൗരഭ് നേത്രവാല്‍ക്കറുടെയും സ്‌പെല്ലുകളാണ് പാകിസ്താനെ പിടിച്ചുകെട്ടിയത്. നൊസ്തുഷ് നാല് ഓവറില്‍ 30 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍, സൗരഭ് നാലോവറില്‍ വെറും പതിനെട്ട് റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് രണ്ടു വിക്കറ്റുകളാണ്. 43 പന്തില്‍ 44 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാക് നിരയിലെ ഒന്നാമന്‍. 25 പന്തില്‍ 40 റണ്‍സ് നേടിയ ഷദാബ് ഖാന്റെ പ്രകടനവും നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎസ്എയ്ക്കു വേണ്ടി ക്യാപ്റ്റന്‍ മൊനാക് പട്ടേല്‍ 38 പന്തില്‍ 50 റണ്‍സ് അടിച്ചു. 26 പന്തുകളില്‍ 35 ഉം 36 ഉം റണ്‍സുകള്‍ നേടിയ ആന്‍ഡ്രിയസ് ഗോസും ആരോണ്‍ ജോനെസും ടീമിനെ വിജയിത്തിനടുത്ത് എത്തിച്ചു. അവസാന ഓവറില്‍, അവസാന പന്തില്‍ നേടിയ ഫോര്‍ അടക്കം 14 റണ്‍സ് അടിച്ചു കൂട്ടിയ നിതീഷ് കുമാറാണ് മത്സരം സൂപ്പര്‍ ഓവറില്‍ എത്തിച്ചത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയത് യുഎസ്എയാണ്. പാകിസ്താന് വേണ്ടി ബോളെറിയാന്‍ എത്തിയത് മുഹമ്മദ് അമീര്‍. ആരോണ്‍ ജോനസും ഹര്‍മീത് സിംഗും ചേര്‍ന്ന് 18 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക് ബാറ്റര്‍മാരെ നേരിടാന്‍ യുഎസ്എ നിയോഗിച്ചത് സൗരഭിനെയായിരുന്നു. ആദ്യ പന്തില്‍ ഇഫ്തിക്കര്‍ അഹമ്മദിന് ഒന്നും ചെയ്യാനായില്ല. എന്നാല്‍ അടുത്ത പന്തില്‍ സൗരഭിനെ മിഡ് വിക്കറ്റിലൂടെ അതിര്‍ത്തി കടത്തി ഇഫ്തിക്കര്‍. മൂന്നാം പന്തില്‍ വീണ്ടും സൗരഭിന് പിഴച്ചു, വൈഡ്. അടുത്ത പന്ത് ലോംഗ് ഓഫിലൂടെ ബൗണ്ടറി പായിക്കാന്‍ നോക്കിയ ഇഫ്തിക്കറിനെ അത്ഭുതപ്പെടുത്തിയൊരു ഡൈവിംഗ് ക്യാച്ചിലൂടെ മിലിന്ദ് കുമാര്‍ കൈയിലൊതുക്കി. ശേഷിക്കുന്ന മൂന്നു പന്തില്‍ 14 റണ്‍സ് എന്ന ലക്ഷ്യമായി പാകിസ്താന്. നാലമത്തെ പന്ത് വീണ്ടും വൈഡ്. അടുത്ത പന്തില്‍ യുഎസ്എയുടെ നിര്‍ഭാഗ്യം പോലെ ലെഗ് ബൈ ഫോര്‍. അടുത്ത പന്തില്‍ രണ്ട് റണ്‍സ്. ഇതോടെ അവസാന പന്തില്‍ പാകിസ്താന്‍ ലക്ഷ്യം ഏഴ് റണ്‍സായി. ഒരു സിക്‌സ് പിറന്നാല്‍ കളി വീണ്ടും സൂപ്പര്‍ ഓവറിലേക്ക്. സിക്‌സ് പറത്താന്‍ തന്നെ ലക്ഷ്യമിട്ടാണ് ഷദാബ് നിന്നത്. എന്നാല്‍ സൗരഭ് തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഷദാബിനെ കൊണ്ട് വെറുമൊരു സിംഗിള്‍ മാത്രം എടുപ്പിച്ച് ആ മുംബൈക്കാരന്‍ യുഎസ്എയ്ക്ക് ചരിത്ര വിജയം നല്‍കി.

Post Thumbnail
വൈറൽ ആയൊരു പുസ്തകവും, അതിലും വൈറലായൊരു കവർ ഡിസൈനുംവായിക്കുക

അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ ഹീറോ
നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നു രണ്ടു വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് യുഎസ്എ. ഇനിയുള്ളത് ഇന്ത്യയും അയര്‍ലണ്ടുമായുള്ള മത്സരങ്ങളാണ്. ഇതില്‍ ഒരു വിജയം നേടിയാല്‍ സൂപ്പര്‍ എട്ടില്‍ കടക്കാനുള്ള സാധ്യത നില്‍ക്കുകയാണ്. അതായത് സൗരഭ് നേത്രവാല്‍ക്കറിന് തന്റെ ലീവ് നീട്ടിയേടുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

അതേ, ഇന്ത്യയിലെ കളിക്കാരെ പോലെ, പൂര്‍ണമായും ക്രിക്കറ്റില്‍ നില്‍ക്കുന്നയാളല്ല സൗരഭ്. ഒരിക്കല്‍ അയാളുടെ സ്വപ്‌നം മുഴുവന്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നതായിരുന്നുവെങ്കിലും, സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. ടീം ഇന്ത്യയില്‍ തനിക്കായൊരു ഇടം കിട്ടാന്‍ പോകുന്നില്ലെന്നതും അമേരിക്കയിലേക്ക് കുടിയേറുന്നതിന് കാരണമായിരുന്നു.

1991 ഒക്ടോബര്‍ 16 ന് മുംബൈയില്‍ ജനിച്ച സൗരഭ് മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. സൗരഭിനൊപ്പം അണ്ടര്‍ 19 ല്‍ കളിച്ചവരായിരുന്നു കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, സന്ദീപ് ശര്‍മ എന്നിവര്‍.

2010 അണ്ടര്‍ 19 ലോകകപ്പില്‍ സൗരഭ് ആയിരുന്നു ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. ആറ് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. പാകിസ്താനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും സൗരഭ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. അഞ്ചോവറില്‍ ഒരു മെയ്ഡന്‍ അടക്കം 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. മഴ മൂലം 23 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ നേടിയ 114 റണ്‍സ് മൂന്നു പന്തുകളും രണ്ടു വിക്കറ്റുകളും മാത്രം ശേഷിക്കെ പാകിസ്താന്‍ മറി കടക്കുകയായിരുന്നു.

ഒരുകാലത്ത് ഈ ഇടങ്കയ്യന്‍ മീഡിയം പേസര്‍ ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയാകുമെന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്നു. യുവരാജും റെയ്‌നയും ഉത്തപ്പയുമൊക്കെ അയാളുടെ സഹ മുറിയന്മാരായിരുന്നു. വിരാടിനെയും സാക്ഷാല്‍ ധോണിയെയും അയാളുടെ പന്തുകള്‍ വിറപ്പിച്ചിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനം തനിക്ക് വഴികള്‍ തുറക്കുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. എന്നാല്‍ വിചാരിച്ചതുപോലെയൊന്നും നേടാന്‍ ഇന്ത്യയില്‍ സൗരഭിന് കഴിഞ്ഞില്ല. 2013 ല്‍ മുംബൈയ്ക്കായി രഞ്ജി കളിച്ചു. ക്രിക്കറ്റില്‍ തന്നെ നില്‍ക്കാനായി പൂനെയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചു. രണ്ടു വര്‍ഷത്തിനപ്പുറം, മികച്ച അക്കാദമിക് പശ്ചാത്തലമുള്ള സൗരഭിന് ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം കിട്ടി. അവിടുത്തെ പഠനം കഴിഞ്ഞതിനു പിന്നാലെയാണ് ഒറാക്കിളില്‍ നിന്നുള്ള ഓഫര്‍. അതോടെയാണ് ഇന്ത്യയില്‍ നിന്നും തന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ മാറ്റിവച്ച് അയാള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നത്.

ഇടങ്കയന്‍ പേസറായ ഒറാക്കള്‍ എഞ്ചിനീയര്‍
2015ലാണ് സൗരഭ് യുഎസ്എയില്‍ എത്തുന്നത്. കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗ്രാജ്വേറ്റ് ടീച്ചിംഗ് അസിസ്റ്റന്റായിരുന്ന സൗരഭ് 2016 ല്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദം സ്വന്തമാക്കി. സാന്‍സ്ഫ്രാന്‍സിസ്‌കോയിലെ വിഖ്യാതമായ ഒറാക്കളില്‍ ജോലി ലഭിച്ചതോടെ ക്രിക്കറ്റിനനൊപ്പം കമ്പ്യൂട്ടറും അയാളുടെ കരിയറായി. എങ്കിലും ക്രിക്കറ്റിനെ പൂര്‍ണമായി ഒഴിവാക്കാന്‍ അയാള്‍ക്ക് ആയില്ല. നിയോഗമെന്ന പോലെ ക്രിക്കറ്റ് വീണ്ടും സൗരഭിനെ തേടി വന്നുകൊണ്ടിരുന്നു. അമേരിക്കയിലെ പ്രാദേശിക ടീമുകള്‍ക്കായി അയാള്‍ മികച്ച പ്രകടനങ്ങള്‍ നടത്തി. സൗരഭിന്റെ കളി മികവ് അയാളെ യുഎസ്എ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ പദവിയില്‍ വരെയെത്തിച്ചു.

നേത്ര എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന 32 കാരനായ സൗരഭ് ഇപ്പോള്‍ കാത്തിരിക്കുന്നത്, മുംബൈ ക്രിക്കറ്റില്‍ തന്റെ സീനിയര്‍ ആയിരുന്ന രോഹിത് ശര്‍മയെയും, ആഭ്യന്തര മത്സരങ്ങളിലെ പിച്ചുകളില്‍ തന്റെ പ്രധാന എതിരാളിയായിരുന്ന വിരാട് കോഹ്‌ലിയെയും നേരിടാനാണ്.

Post Thumbnail
അവ ഉപബോധ മനസിനെ വരെ വരുതിയിലാക്കുന്നു: മുന്നറിയിപ്പുമായി ജാക്ക് ഡോര്‍സിവായിക്കുക

Content Summary; saurabh netravalkar indian computer engineer who playing for usa in t20 world cup gave his team a historical super over win against pakistan

×