129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിപാലനത്തിനായി കോടതി രൂപീകരിച്ച മേൽനോട്ട സമിതി കൂടുതൽ പ്രവർത്തനക്ഷമമാകുന്നു എന്ന് പരിശോധിക്കാൻ കേരള, തമിഴ്‌നാട് സർക്കാരുകളോട് വാക്കാൽ ആവശ്യപ്പെട്ട് സുപ്രീം കോടതി. അല്ലെങ്കിൽ 2021ലെ പുതിയ ഡാം സേഫ്റ്റി ആക്ട് പ്രകാരം വിഭാവനം ചെയ്തിരിക്കുന്ന നിയമപരമായ കമ്മിറ്റിക്ക് ജോലികൾ നൽകണമെന്നാണ് കോടതി നിർദേശിച്ചത്.
”ഈ കമ്മിറ്റികളിൽ ഏതാണ് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുക? 2021ലെ നിയമത്തിന് കീഴിലുള്ള കമ്മിറ്റിയാണെങ്കിൽ ഓവർലാപ്പുകളും അനാവിശ്യ പ്രശ്‌നങ്ങളും ഒഴിവാക്കാൻ കഴിയും.” ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
വിശദമായ സബ്മിഷനുകൾ കേൾക്കുന്നതിനായി കോടതി കേസ് ഫെബ്രുവരി 19ലേക്ക് മാറ്റിവച്ചു.
2021ലെ നിയമത്തിലെ സെക്ഷൻ 5 പ്രകാരം ഡാം സുരക്ഷ സംബന്ധിച്ച് ദേശീയ സമിതി രൂപീകരിക്കേണ്ടതുണ്ട്. കേന്ദ്ര ജല കമ്മീഷൻ ചെയർപേഴ്‌സണാണ് സമിതിയെ നയിക്കുക, സർക്കാരിൻ്റെയും സംസ്ഥാനങ്ങളുടെയും പ്രതിനിധികളും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് മൂന്ന് വിദഗ്ധരും ഈ സമിതിയിൽ ഉൾപ്പെട്ടിരിക്കണം. സെക്ഷൻ 6 പ്രകാരം, അണക്കെട്ട് തകരുന്നത് തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും സൃഷ്ടിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ജോലി.
ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തുനിന്നും വ്യക്തമായ സഹകരണം ഉണ്ടെങ്കിൽ കാര്യങ്ങൾ പരിഹരിക്കപ്പെടുമെന്ന് തമിഴ്‌നാടിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെ പറഞ്ഞു.
എന്നാൽ ഇത് തടയുകയാണ് കേരളത്തിൻ്റെ ഉദ്ദേശമെന്ന് നഫാഡെ വിമർശിച്ചു. കേരളത്തിൽ തമിഴ്നാടിന് അണക്കെട്ടുണ്ടെന്നും അത് പരിപാലിക്കാൻ തമിഴ്നാട്ടുകാർ ആഗ്രഹിക്കുന്നില്ലെന്നും കേരളത്തിന് വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷയെ കുറിച്ച് കേരളം പരാതി പറയുകയും അതേസമയം അത് പരിപാലിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ മനഃപൂർവം തടയുകയുമാണെന്ന് തമിഴ്‌നാട് നേരത്തെ ആരോപിച്ചിരുന്നു.
അണക്കെട്ടിൻ്റെ സുരക്ഷയെക്കുറിച്ച് കേരളം ആശങ്കകൾ ഉന്നയിക്കുന്നുണ്ടെങ്കിലും ശേഷിക്കുന്ന അറ്റകുറ്റ പണികൾ പൂർത്തിയാക്കുന്നതിന് തമിഴ്‌നാടിന് ആവശ്യമായ വസ്തുക്കളും യന്ത്രങ്ങളും കൊണ്ടുപോകുന്നതിനുള്ള അനുമതി തടയുകയാണ് സംസ്ഥാനമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് അപേക്ഷയിൽ പറഞ്ഞു.
സാധാരണ വാർഷിക അറ്റകുറ്റപ്പണികൾ പോലും കേരളം വൈകിപ്പിക്കുകയാണെന്ന് തമിഴ്‌നാട് വാദിച്ചു. ഡാം സേഫ്റ്റി ആക്ട്, 2021 പ്രകാരം അധികാരമുള്ള പരിഷ്‌ക്കരിച്ച സൂപ്പർവൈസറി കമ്മിറ്റി, അണക്കെട്ടിൻ്റെ ബലപ്പെടുത്തലിനും മറ്റ് പ്രവർത്തനങ്ങൾക്കും കേരളം അനുവദിക്കുകയും സഹായിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അതിൽ പറയുന്നു.
2021-ൽ, തമിഴ്‌നാടിന്റെ അധീനതയിലുള്ള “നശിച്ചുകൊണ്ടിരുന്ന” മുല്ലപ്പെരിയാർ അണക്കെട്ട് അടച്ച് പുതിയത് നിർമ്മിക്കണമെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ ശക്തമായി വാദിച്ചു. കാലാവസ്ഥാ വ്യതിയാനം, കനത്ത മഴ, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്‌നങ്ങൾ ദുരന്തത്തിനുള്ള കൂടുതൽ സാധ്യതയെ എടുത്ത് കാണിക്കുന്നുവെന്നും കേരളം വാദിച്ചു.
content summary; SC asks Kerala, Tamil Nadu to address on which committee will be ‘more effective’ to watch over Mullaperiyar dam