കണ്ണൂര്‍ പട്ടാന്നൂര്‍ കെപിസി ഹയര്‍സെക്കന്ററി സ്‌കൂളിന് കീഴില്‍ കഴിഞ്ഞ 13 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌കൂളാണ് കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍, യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ച് പൂട്ടിയ മാനേജ്‌മെന്റിന്റെ നടപടിയില്‍ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും. മധ്യവേനലവധിക്കായി സ്‌കൂള്‍ അടച്ച് മൂന്ന് ദിവസം കഴിഞ്ഞാണ് മാനേജ്മെന്റ്, സ്‌കൂള്‍ അടച്ച് പൂട്ടിയ വിവരം അറിയിച്ചതെന്ന് രക്ഷിതാവ് രാജീവന്‍ അഴിമുഖത്തോട് പറഞ്ഞു.
“മാര്‍ച്ച് മൂന്നിന് പ്രിന്‍സിപ്പാള്‍ ഒരു എമര്‍ജന്‍സി മീറ്റിങ് ഉണ്ടെന്നും ബാഡ് ന്യൂസാണെന്നും മാത്രമാണ് പറഞ്ഞത്. കാര്യം ഒന്നും വ്യക്തമാക്കിയില്ല. അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ആകെ പ്രയാസമായി. എന്താണ് സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ രക്ഷിതാക്കള്‍ മീറ്റിങിനായി ചെന്നു. പ്രിന്‍സിപ്പാളും മാനേജരും അസിസ്റ്റന്റ് മാനേജരുമാണ് മീറ്റിങില്‍ പങ്കെടുത്തത്.

കുട്ടികള്‍ കുറവാണെന്നൊന്നുമല്ല നമ്മളോട് പറഞ്ഞത്. ഒരു കോമ്പൗണ്ടില്‍ രണ്ട് സ്‌കൂള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സമ്മര്‍ദമാണ് ഉണ്ടാകുന്നത്. കെപിസി സ്‌കൂളിന്റെ എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനായി കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടച്ചുപൂട്ടുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ ഉണ്ടാകില്ല. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കുട്ടികളെ എന്താന്നുവച്ചാ ചെയ്തോളൂ എന്നായിരുന്നു മാനേജ്‌മെന്റിന്റെ പ്രതികരണം. തുടര്‍ന്ന് മൂന്നുപേരും മീറ്റിങില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇവര്‍ പുറത്ത് നിന്ന് എന്തെങ്കിലും ചര്‍ച്ച ചെയ്യുകയാണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. അര മണിക്കൂര്‍ കഴിഞ്ഞിട്ടും മൂന്നുപേരെയും കാണാത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ നോക്കിയപ്പോള്‍ മൂന്നുപേരും സ്‌കൂളില്‍ നിന്നും പോയിരുന്നു. മാനേജ്മെന്റ് പിന്നീട് ഇതുവരെ നമ്മളോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ലെന്നും” രാജീവന്‍ വ്യക്തമാക്കുന്നു.
“ഇതുകഴിഞ്ഞ് ഒരു ദിവസം കെപിസി ഹയര്‍സെക്കന്ററി സ്‌കൂളില്‍ മാനേജ്മെന്റ് അധ്യാപകര്‍ക്കായി ഒരു മീറ്റിങ് വച്ചിരുന്നു. ഞങ്ങള്‍ അവിടെ ചെന്ന വിവരം അറിഞ്ഞതോടെ ആ മീറ്റിങ് മാനേജ്മെന്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. പിന്നെ ഞങ്ങള്‍ പട്ടാന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രണ്ടാഴ്ചയോളം ആയിട്ടും ഇതുവരെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഞങ്ങളെ വിളിക്കുകയോ എന്താണെന്ന് തിരക്കുകയോ പോലും ഉണ്ടായിട്ടില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ സ്‌കൂള്‍ അടച്ച് പൂട്ടിയത് സംബന്ധിച്ച് ഞങ്ങള്‍ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കളക്ട്രേറ്റില്‍ നിന്നും സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവരെ മാറിമാറി വിളിച്ചെങ്കിലും ഇവരാരും ഫോണ്‍ എടുത്തില്ല” എന്നും രാജീവന്‍ അഴിമുഖത്തോട് പറഞ്ഞു.
കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ, പട്ടാന്നൂര്‍, കൊളപ്പ, കൊടോളിപ്രം, മട്ടന്നൂര്‍, കൊളോളം, ആയിപ്പുഴ, കരടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. അഡ്മിഷന്‍ സമയത്ത് വാങ്ങിയ പൈസ പോലും മാനേജ്‌മെന്റ് ആര്‍ക്കും തിരികെ നല്‍കിയിട്ടില്ല.
“കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പട്ടാന്നൂര്‍ കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ഞാന്‍. ഇത്ര വര്‍ഷം ജോലി ചെയ്തിട്ടും യാതൊരു നഷ്ടപരിഹാരവും മാനേജ്മെന്റ് തരാതെയാണ് ഞങ്ങളെ പിരിച്ച് വിട്ടിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ഞങ്ങള്‍ക്ക് ശമ്പളം കിട്ടുന്നില്ലായിരുന്നു. സ്‌കൂള്‍ പൂട്ടുകയാണെന്ന് പറഞ്ഞതോടെ ഞങ്ങള്‍ ശമ്പളം ചോദിച്ചപ്പോഴൊക്കെ തരാന്‍ കാശില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. പിന്നെ ഒരു ഡേറ്റ് മാനേജ്മെന്റ് തന്നെ പറഞ്ഞു. പക്ഷേ അന്നും കാശ് തന്നില്ല. തുടര്‍ന്ന് ഞങ്ങള്‍ അധ്യാപകര്‍ എല്ലാവരും ചേര്‍ന്ന് ലേബര്‍ കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ച വിവരം അറിഞ്ഞതോടെ തൊട്ടടുത്ത ദിവസം ഞങ്ങളുടെ മുടങ്ങിക്കിടന്ന ശമ്പളം തന്നു. ഒപ്പം മുദ്രപത്രത്തില്‍, ഇനി സ്‌കൂളുമായി യാതൊരു ബന്ധമില്ലെന്നും തരാനുള്ള എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നും എഴുതി വാങ്ങിക്കുകയായിരുന്നുവെന്ന്” പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത അധ്യാപിക അഴിമുഖത്തോട് പറഞ്ഞു.
“ഞങ്ങള്‍ 10 അധ്യാപകരാണ് ഉണ്ടായിരുന്നത്. സാധാരണക്കാരായ രക്ഷിതാക്കളാണ് ഇവിടെ കുട്ടികളെ പഠിപ്പിച്ചിരുന്നത്. മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് അവര്‍ ഈ സ്‌കൂളില്‍ ചേര്‍ത്തത്. ഈ നിലവാരമുള്ള സ്‌കൂള്‍ ഇവിടെ അടുത്തൊന്നും വേറെയില്ല. അതാണ് പല രക്ഷിതാക്കളെയും അലട്ടുന്ന കാര്യം.
മാര്‍ച്ച് 28 നാണ് പ്രിന്‍സിപ്പാള്‍ ഞങ്ങള്‍ ടീച്ചേഴ്സിനോട് സ്‌കൂള്‍ അടച്ചുപൂട്ടുന്ന കാര്യം പറയുന്നത്. മാനേജ്മെന്റ് ഒരു ടീച്ചേഴ്സ് മീറ്റിങ് പോലും നടത്തിയില്ല. പ്രിന്‍സിപ്പലിന് മാനേജ്മെന്റിന്റെ കളികളൊക്കെ അറിയാമായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ മറ്റൊരു ജോലി ഉടനെ കണ്ടെത്തുന്നതും ഏറെ പ്രയാസമാണെന്നും” അധ്യാപിക അഴിമുഖത്തോട് വ്യക്തമാക്കി.
കെപിസി മാനേജ്മെന്റ് അധികൃതര്‍ കല്ലൂരില്‍ മറ്റൊരു സ്‌കൂള്‍ വിലയ്ക്കെടുത്തിട്ടുണ്ട്. അതാണ് ഈ സ്‌കൂള്‍ വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം. പട്ടാന്നൂര്‍ സ്‌കൂള്‍ പൂട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു കല്ലൂരിലെ സ്‌കൂള്‍ വാങ്ങിയത്. കല്ലൂരിലെ യുപി സ്‌കൂളില്‍ നിരവധി കുട്ടികള്‍ പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കെപിസി ഹൈസ്‌കൂളിലേക്ക് അവിടെ നിന്നും കുട്ടികളെ കൊണ്ടുവരാമെന്ന ലക്ഷ്യമാണ് മാനേജ്മെന്റിന് ഉള്ളതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
നിലവില്‍ 50 ഓളം കുട്ടികളാണ് പട്ടാന്നൂര്‍ കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നത്. കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി സ്‌കൂള്‍ മാനേജ്മെന്റ് അധികൃതര്‍ നോട്ടീസ് ഉള്‍പ്പെടെ അച്ചടിച്ച് രക്ഷിതാക്കള്‍ക്കും കൊടുത്തിരുന്നു. കൂടാതെ 40 ഓളം കുട്ടികള്‍ വരുന്ന അധ്യയനവര്‍ഷം പുതിയതായി അഡ്മിഷന്‍ എടുക്കുന്നുണ്ടെന്നും മാനേജ്മെന്റ് തങ്ങളെ അറിയിച്ചിരുന്നതായും രക്ഷിതാക്കള്‍ പറയുന്നു.

പട്ടാന്നൂരില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതും സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ കുട്ടികളെ പഠിപ്പിക്കാനും കഴിയുന്ന വിദ്യാലയമായിരുന്നു കെപിസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. സ്‌കൂളിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മികച്ച പഠന നിലവാരമുള്ള മറ്റൊരു സ്‌കൂള്‍ കണ്ടെത്തേണ്ട ആശങ്കയിലാണ് രക്ഷിതാക്കള്‍. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും കുട്ടികളും കഴിഞ്ഞദിവസങ്ങളില്‍ പ്രതിഷേധവുമായി സ്‌കൂളിന് മുന്നില്‍ അണിനിരന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന വാശിയിലാണ് സ്‌കൂള്‍ അധികൃതര്‍.
സ്‌കൂള്‍ അടച്ചുപൂട്ടിയ മാനേജ്‌മെന്റിന്റെ പ്രതികരണത്തിനായി പല തവണ പ്രിന്‍സിപ്പാളിനെയും സ്‌കൂള്‍ മാനേജരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും തന്നെ ഫോണ്‍ എടുക്കുന്നില്ല. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ അഡ്മിഷനായി വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും പുതിയ ജോലിക്കായി അധ്യാപകരും നെട്ടോട്ടത്തിലാണ്. School closed without warning; students and teachers are worried
Content Summary: School closed without warning; students and teachers are worried
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.