June 04, 2026 |

കടല്‍ കലിയില്‍ കണ്ണമാലി: ‘കരയേതാ കടലേതാ എന്നറിയില്ല, ഞങ്ങളിനി എവിടെ പോകാനാ…’

ഇതൊക്കെ സ്വാഭാവികമെന്ന് എംഎല്‍എ

കടലങ്ങ് വല്ലാണ്ട് കയറുവാ… പെരേട അകത്ത് നില്‍ക്കുമ്പോ തന്നെ പേടിയാകുവാ… ഇന്ന് കറുത്തവാവായതിനാല്‍ പകല്‍ അതിശക്തമായാണ് തിര കരയിലേക്ക് അടിച്ച് കയറുന്നത്. വേലിയേറ്റത്തിന്റെ ശക്തിയാല്‍ ഇനിയുള്ള ദിവസങ്ങള്‍ കടല്‍ കരയിലേക്ക് കയറിവരും. എല്ലാക്കൊല്ലവും കടല്‍ കയറുമ്പോള്‍ ഞങ്ങള്‍ പ്രതിഷേധിക്കും. അപ്പോ പലരും വന്ന് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് പോകും. പിന്നീട് ആരും തിരിഞ്ഞുനോക്കുക പോലുമില്ല തീരദേശവാസിയായ തങ്കമ്മ അഴിമുഖത്തോട് പറഞ്ഞു.

“പല വീടുകളും വെള്ളം കയറി താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കടല്‍ഭിത്തി വേണമെന്നത് കാലങ്ങളായുള്ള ഞങ്ങളുടെ ആവശ്യമാണ്. സ്ഥലം എംഎല്‍എ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറേയില്ല. കടല്‍ ഇപ്പോള്‍ മുറ്റത്തെത്തി നില്‍ക്കുകയാണ്.  ഞങ്ങളിനി എവിടെ പോകാനാ?” തങ്കമ്മ പറയുന്നു.

seashore

ചെല്ലാനം പഞ്ചായത്തിന്റെ വടക്കന്‍ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. തെക്കന്‍ പ്രദേശങ്ങളില്‍ 7.36 കിലോമീറ്ററില്‍ ടെട്രാപോഡ് കടല്‍ഭിത്തികളും ആറ് പുലിമുട്ടുകളും നിര്‍മിച്ചിട്ടുണ്ട്. ചെല്ലാനം പഞ്ചായത്തിലെ പുത്തന്‍തോട്, കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലും കൊച്ചി കോര്‍പറേഷനിലെ മാനാശേരി, സൗദി ബീച്ച് റോഡ് സ്ഥലങ്ങളിലുമാണ് കടലാക്രമണം ശക്തമായിരിക്കുന്നത്.

പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. മറ്റു ചിലരാകട്ടെ വെള്ളം കോരിക്കളഞ്ഞ് അടഞ്ഞുകൂടിയ മണ്ണൊക്കെ മാറ്റി അവിടെ തന്നെ കഴിയുന്നു. 200 ലധികം വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.

“12 കിലോമീറ്റര്‍ ദൂരത്തില്‍ ടെട്രാപോഡ് സ്ഥാപിക്കുമെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ ഫണ്ട് പ്രഖ്യാപിച്ചത്. 344.2 കോടി രൂപ വിനിയോഗിച്ച് 12 കിലോമീറ്ററില്‍ ടെട്രാപോഡും 15 പുലിമുട്ടും നിര്‍മിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എസ്റ്റിമേറ്റ് പുതുക്കിയതോടെ അത് 7.36 കിലോമീറ്ററും 6 പുലിമുട്ടുമായി ചുരുങ്ങി” ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ജനറല്‍ കണ്‍വീനര്‍ വിടി സെബാസ്റ്റിന്‍ അഴിമുഖത്തോട് പറഞ്ഞു.

“തെക്ക് പടിഞ്ഞാറ് ദിശയിലാണ് കാറ്റും ഓളവും ഉണ്ടാകാറ്. കടല്‍ഭിത്തിയുള്ള സ്ഥലങ്ങളിലുള്ള ഓളം നേരെ വടക്കോട്ട് തിരിഞ്ഞ് കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളിലേക്ക് കടല്‍ കുത്തിയൊഴുകും. കടല്‍ഭിത്തി ഇപ്പോള്‍ കെട്ടിയിരുന്ന ഭാഗത്തായിരുന്നു നേരത്തെ കടലാക്രമണം രൂക്ഷമായിരുന്നത്. എന്നാല്‍ ഇപ്പോഴത് നേരെ എതിര്‍ദിശയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

sea turbulence

സ്ഥലം എംഎല്‍എ കെജെ മാക്‌സിയോടും മന്ത്രി പി രാജീവിനോടും ഞങ്ങള്‍ പലതവണ ഇവിടുത്തെ ദുരിതത്തെ കുറിച്ച് പറഞ്ഞതാണ്. ഓരോ തവണ ചെല്ലുമ്പോഴും ഉടനെ ശരിയാക്കാമെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞ് വിടാറാണ് പതിവ്. 2019 ഒക്‌ടോബര്‍ 28 മുതല്‍ ഞങ്ങളിവിടെ സമരത്തിലാണ്. ഇന്ന് 2038 ദിവസമായി. കളക്ടറേയും നിരവധി തവണ ഞങ്ങള്‍ കണ്ടു. യാതൊരു നടപടിയും ഉണ്ടായിട്ടില്ല” വിടി സെബാസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ചെല്ലാനം-കൊച്ചി തീരസംരക്ഷണ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തുടരുന്നത്. എഡിബി ലോണ്‍ ലഭ്യമാക്കി ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണം പുനരാരംഭിക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ മണ്ണുമാന്തി എത്തിച്ച് താല്ക്കാലിക ഭിത്തി ഒരുക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതും ഉണ്ടായിട്ടില്ല.

” ‘കല്ലില്ലെങ്കില്‍ കടലിലേക്ക്’ എന്ന മുദ്രാവാക്യവുമായി ഞങ്ങള്‍ കടലിലിറങ്ങി വരെ സമരം ചെയ്തിരുന്നു. താഴ്ന്നവീടുകളെല്ലാം മുങ്ങി. പല വീടുകള്‍ക്ക് മുന്നിലും ചാക്കുകെട്ടുകള്‍ വച്ച് അടച്ചിരിക്കുകയാണ്. കരയേതാ കടലേതാ എന്നറിയാത്ത അവസ്ഥയാണ്. വീടുകള്‍ക്കകം നിറയെ മണ്ണും കയറി” പ്രദേശവാസിയായ നിഷ അഴിമുഖത്തോട് പറഞ്ഞു.

“ഇക്കഴിഞ്ഞ ഏപ്രില്‍ 11 ന് ഞങ്ങള്‍ നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് മെയ് 15 നകം മഴക്കാലപൂര്‍വ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്നായിരുന്നു കളക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്രദിവസമായിട്ടും യാതൊരു പ്രവര്‍ത്തനങ്ങളും നടന്നില്ല. കഴിഞ്ഞപ്രാവശ്യം കടല്‍ കയറിയശേഷമായിരുന്നു ജിയോബാഗ് ഇട്ടത്. അപ്പോഴേക്കും കടലേറ്റവും കഴിഞ്ഞ് നാല് വീടുകളും നശിച്ചു. ഇത്തവണയും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നും” നിഷ അഴിമുഖത്തോട് പറഞ്ഞു.

പുത്തന്‍തോട് മുതല്‍ വടക്കോട്ടുള്ള മേഖലകളായ കണ്ണമാലി, ചെറിയകടവ് മേഖലകളിലെ പല ഭാഗങ്ങളിലും വര്‍ഷങ്ങളായി കടല്‍ഭിത്തി തകര്‍ന്ന് കിടക്കുകയാണ്. ഇവയുടെ അറ്റകുറ്റപ്പണികള്‍ പോലും നടത്തിയിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ഇടറോഡുകള്‍ക്ക് പുറമെ പ്രധാന റോഡുകളും വെള്ളത്തിനടിയിലായി.

sea turbulence

വിഷയത്തില്‍ സ്ഥലം എംഎല്‍എ കെജെ മാക്‌സിയെ അഴിമുഖം ബന്ധപ്പെട്ടെങ്കിലും ഇവിടെ അങ്ങനെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഇതൊക്കെ സ്വാഭാവികമാണെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

കാലങ്ങളായി കടലാക്രമണത്തെ അതിജീവിക്കുമ്പോഴും തീരവാസികളോട് സര്‍ക്കാര്‍ പറയുന്നത് 10 ലക്ഷം രൂപ തരാം വീടും സ്ഥലവും ഒഴിഞ്ഞ് പോകണമെന്നാണ്. അതിപ്പോ എത്ര സെന്റ് സ്ഥലമുണ്ടെന്നൊന്നും കണക്കില്‍ പെടുത്താതെയാണ് ഭൂമി ഒഴിയാന്‍ ആവശ്യപ്പെടുന്നത്. എഴുതാനും വായിക്കാനും അറിയാത്ത പ്രായമായ പലരും ഇത്തരം ആവശ്യവുമായി വന്ന ഉദ്യോഗസ്ഥര്‍ കാണിച്ച പേപ്പറില്‍ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ എന്താണേലും മരിച്ചാലും ഇവിടം വിട്ട് പോകത്തില്ല. തീരവാസികളെ ഒഴിപ്പിച്ച് ഹൈവേ നിര്‍മിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. sea turbulence is severe in Kochi’s Kannamaly and Chellanam 

Content Summary: sea turbulence is severe in Kochi’s Kannamaly and Chellanam

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×