തെലുഗ് സിനിമ മേഖലയിലെ ചൂഷണങ്ങള്‍
മലയാള സിനിമയില്‍ കോലിളക്കമുണ്ടാക്കി കൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇതര ഭാഷ സിനിമ ഇന്‍ഡസ്ട്രികളിലും പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. തെലുഗ് സിനിമ മേഖലയില്‍ നിന്ന് അത്തരമൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ലൈംഗികാതിക്രമം, തൊഴില്‍ ചൂഷണം തുടങ്ങി തെലുഗ് സിനിമ ലോകത്ത് നടക്കുന്ന തെറ്റായ കാര്യങ്ങള്‍, പ്രത്യേകിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ റിപ്പോര്‍ട്ട് ആരും കാണാതെ അടച്ചു വച്ചിരിക്കുകയാണെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെലുഗ് സിനിമ ഇന്‍ഡസ്ട്രിയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിച്ച് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2019 ഏപ്രിലില്‍ അന്നത്തെ കെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. 2022 ജൂണില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനോ അതിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന ചര്‍ച്ചകളും വീണ്ടും തെലുഗ് സിനിമ മേഖലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനെ ചൂടു പിടിപ്പിച്ചിരിക്കുകയാണ്.
ഭാരത് രാഷ്ട്രസമതി സര്‍ക്കാരിലെ മന്ത്രിയായിരുന്ന തലസാനി ശ്രീനിവാസ യാദവിനെ ഈ വിഷയത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ബന്ധപ്പെട്ടിരുന്നു. മുന്‍ മന്ത്രി പറയുന്നത്, ആ റിപ്പോര്‍ട്ട് ഒന്നിലും ഒരു വ്യക്തത നല്‍കാത്ത റിപ്പോര്‍ട്ട് ആയിരുന്നുവെന്നാണ്. അതിന്മേല്‍ യാതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും മുന്‍ മന്ത്രി അവകാശപ്പെടുന്നു. ‘ ഉപമസമിതി ഒരുപാട് പേരെ അഭിമുഖം ചെയ്യുക ഉള്‍പ്പെടെ അവരുടെ ജോലികള്‍ നന്നായി ചെയ്തിരുന്നു. പക്ഷേ, അവരുടെ റിപ്പോര്‍ട്ട് എന്തെങ്കിലും വിഷയങ്ങള്‍ പ്രത്യേകമായി എടുത്തു പറയുകയോ, നടപടി നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയോ ചെയ്തിരുന്നില്ല’ എന്നാണ് ശ്രീനിവാസ് യാദവ് സമര്‍ത്ഥിക്കുന്നത്.
എന്നാല്‍ മുന്‍മന്ത്രിയുടെ വാദഗതികള്‍ തള്ളിയാണ് ഉപസമിതി അംഗമായിരുന്ന കൊണ്ടവീട്ടി സത്യവതി സംസാരിച്ചത്. ഭൂമിക വുമന്‍ കളക്ടീവിന്റെ പ്രൊജക്ട് ഡയറക്ടര്‍ കൂടിയായ സത്യവതി സംസ്ഥാനത്തെ പ്രമുഖ സ്ത്രീപക്ഷ പ്രവര്‍ത്തകയുമാണ്. അവര്‍ പറയുന്നത്, തെലുഗ് സിനിമ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ്. ലൈംഗിക ചൂഷണം സിനിമ മേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ട്. സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ വരെയുള്ളവരോട് ഞങ്ങള്‍ സംസാരിച്ചിരുന്നു, അവര്‍ പറഞ്ഞ കാര്യങ്ങളും ഞങ്ങള്‍ കണ്ടെത്തിയതുമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ക്ക് പുറത്ത് പറയാന്‍ കഴിയില്ല. അത് സര്‍ക്കാരിന്റെ ജോലിീയാണ്’. സത്യവതി പറയുന്നു. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിടുമെന്നാണ് പ്രതീക്ഷയെന്നും സത്യവതി പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ പുറത്തു വിട്ടതിനു പിന്നാലെ, തെലങ്കാന സര്‍ക്കാരും അവരുടെ കൈയിലുള്ള റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് തെലുഗ് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ തന്നെ ആവശ്യം ഉയര്‍ത്തുന്നുണ്ട്. സമാന്തയെ പോലുള്ള മുന്‍നിര അഭിനേതാക്കള്‍ ഇതേ ആവശ്യം സോഷ്യല്‍ മീഡിയായില്‍ പങ്കുവയ്ക്കുകയും ചെയ്തു. എത്രയും വേഗം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊതുജനസമക്ഷം വെളിപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.
തെലുഗ് അഭിനേത്രിയായ ശ്രീ റെഡ്ഡി ഉയര്‍ത്തിയ ചില ആരോപണങ്ങള്‍ വലിയ വാര്‍ത്തകളും വിവാദങ്ങളുമായെങ്കിലും അവ പെട്ടെന്ന് തന്നെ അണഞ്ഞു പോവുകയും ചെയ്തിരുന്നു. 2018 ഏപ്രില്‍ 7 ന് തെലുഗ് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഫിലിം നഗറിലുള്ള ഓഫിസിന് മുന്നില്‍ ശ്രീ റെഡ്ഡി അര്‍ദ്ധനഗ്നയായി പ്രതിഷേധം സംഘടിപ്പിച്ചതും രാജ്യാന്തരതലത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തെലുഗ് സിനിമ ലോകത്ത് നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചായിരുന്നു പ്രമുഖ താരങ്ങളുടെ പേരുകള്‍ സഹിതം ശ്രീ റെഡ്ഡി ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വുമണ്‍ ആന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഓര്‍ഗനൈസേഷന്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ച്, തെലുഗ് സിനിമ വ്യവസായത്തില്‍ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
2019 ഏപ്രിലില്‍ മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവു ഒരു ഉന്നത തല സമിതി രൂപീകരിച്ചു. സംവിധായകര്‍, നിര്‍മാതാക്കള്‍, പൊലീസ് കമ്മീഷണര്‍മാര്‍, വനിത ശിശു വികസ വകുപ്പ് ഉദ്യോഗസ്ഥര്‍, തെലങ്കാന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, സിനിമ ഇന്‍ഡസ്ട്രി യൂണിയനുകള്‍, സീരിയല്‍ രംഗത്ത് നിന്നുള്ളവര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരുന്നു കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റിയുടെ കീഴിലാണ് ഒരു ഉപസമതി രൂപീകരിക്കുന്നത്. ഉപസമിതി 20 ഓളം മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി സംസാരിക്കുകയും ചെയ്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകള്‍, സൈഡ് ആര്‍ട്ടിസ്റ്റുകള്‍, ഡാന്‍സര്‍മാര്‍ തുടങ്ങി ഏറ്റവുമധികം ചൂഷണത്തിന് വിധേയരാകുന്ന വിഭാഗങ്ങളെ ഉപസമിതി പ്രത്യേകം കണ്ടു സംസാരിച്ചു. മന്ത്രിയായിരുന്ന തലസാനി ശ്രീനിവാസ് യാദവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമ്മീഷണര്‍ അരവിന്ദ് കുമാറുമായിരുന്നു ഉപസമതിയുടെ മേല്‍നോട്ട ചുമതല വഹിച്ചത്.
വേതനം നല്‍കാതിരിക്കല്‍, രേഖാമൂലമുള്ള കരാറുകളുടെ അഭാവം, വേതനത്തിലെ അസമത്വം, തൊഴിലിടത്തെ അസൗകര്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉപസമിതിയോട് സംസാരിച്ചവരില്‍ ഭൂരിഭാഗവും പറഞ്ഞത്. പരാതികള്‍. സ്ത്രീകള്‍ക്ക് പ്രത്യേത വിശ്രമ മുറിയോ, ശുചിമുറി സൗകര്യങ്ങളോ പോലും ലഭ്യമാക്കുന്നില്ലെന്നും നിരവധി സ്ത്രീകള്‍ പരാതിപ്പെട്ടിരുന്നു.
കോവിഡ് മഹാമാരിയും ലോക്ഡൗണും ഉപസമിതിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും 2022 വരെ കമ്മിറ്റി പഠനം തുടര്‍ന്നിരുന്നു.
സത്യവതി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്, തെലുഗ് സിനിമ ഒരു അസംഘടിത മേഖലയാണെന്നാണ്. ഇവിടെ ആര്‍ക്കും ഒന്നിനോടും ഉത്തരവാദിത്തമില്ല, ലൈംഗിക ചൂഷണത്തിന്‍മേലുള്ള പരാതികള്‍ ഉള്‍പ്പെടെ ആരും ഒരു പരാതിയും കേള്‍ക്കുന്നില്ല. അവസരം കിട്ടാന്‍ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങണം. വനിത ജൂനിയര്‍ താരങ്ങളാണ് ലൈംഗിക ചൂഷണത്തിന്റെ പ്രധാന ഇരകള്‍”- സത്യവതി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്ന കാര്യങ്ങളാണിത്.
സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍, സ്ത്രീകളുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തി സിനിമ നയങ്ങള്‍ രൂപീകരിക്കണമെന്ന് ഉപസമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശം നല്‍കിയിരുന്നു. 2022 ലാണ് ‘ സെക്ഷ്വല്‍ ഹരാസ്‌മെന്റ് ആന്‍ഡ് ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്‍ ഇന്‍ ദ തെലുഗ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍ഡസ്ട്രീസ്’ എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.
എന്നാല്‍ കെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ പ്രസ്തുത റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ തയ്യാറാകാതെ അതെ ഷെല്‍ഫില്‍ വയ്ക്കുകയാണുണ്ടായത്. കേരളത്തില്‍ സംഭവിച്ചതുപോലെ, നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പഴയ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ തയ്യാറാകുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്. sexual harassment in telugu film industry sub committee report telangana govt did not it make public
Content Summary; sexual harassment in telugu film industry sub committee report telangana govt did not it make public