June 04, 2026 |
Share on

കുടുംബ വാഴ്ചയെ ചൊല്ലി കോൺഗ്രസ്; കുടുംബത്തിൽ നിന്ന് പുറത്താകുമോ തരൂർ

കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചു

കോണ്‍ഗ്രസിനുള്ളിലെ ‘വിമത ശബ്ദം’ എന്നറിയപ്പെടുന്ന ശശി തരൂര്‍ എം.പി., വീണ്ടും പാര്‍ട്ടിക്കുള്ളില്‍ വലിയ അസ്വസ്ഥതകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമ സംഘടനയായ പ്രോജക്ട് സിന്‍ഡിക്കേറ്റിന് വേണ്ടി ‘കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി’ എന്ന വിഷയത്തില്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമാകുന്ന നടപടികളും പരസ്യപ്രസ്താവനകളും മാത്രം നടത്തുന്ന തരൂര്‍, ഇതോടെ മുന്നണിക്കും നേതൃത്വത്തിനും പൂര്‍ണമായും അവമതിപ്പ് സൃഷ്ടിക്കുകയാണ്.

നെഹ്‌റു-ഗാന്ധി കുടുംബത്തിനുള്ള വിമര്‍ശനം

തരൂരിന്റെ ലേഖനത്തിലെ വിമര്‍ശനങ്ങള്‍ കേവലം കുടുംബവാഴ്ച എന്ന പൊതുവിഷയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അത് കാലാകാലങ്ങളായുള്ള നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനത്തെ ചോദ്യം ചെയ്യുന്നതാണ്.

‘കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം, ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.

Also Read : തരൂരിനെ തളയ്ക്കാനാകാതെ കോൺഗ്രസ്സ്; പറന്നിറങ്ങുമോ ബിജെപി?

നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന രീതി വരണമെന്ന് പറയുന്ന തരൂര്‍, ഇന്ത്യന്‍ രാഷ്ട്രീയം കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യ വാഗ്ദാനമായ ‘ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ യാഥാര്‍ത്ഥ്യമാകില്ലെന്നും ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.’

കഴിഞ്ഞ നാല് തവണകളിലായി കോണ്‍ഗ്രസിന്റെ എം.പി.യായ തരൂരിന്റെ ഈ തുറന്നുപറച്ചില്‍, കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കാനാണ് സാധ്യത.

തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍

നെഹ്‌റു-ഗാന്ധി കുടുംബത്തിനെതിരെ തരൂര്‍ നടത്തിയ പരസ്യപ്രസ്താവന, കഴിഞ്ഞ കുറേ മാസങ്ങളായുള്ള തുറന്നുപറച്ചിലുകളുടെ തുടര്‍ച്ച മാത്രമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് തരൂര്‍ രംഗത്ത് വന്നിരുന്നു. ‘കേരളം സാമ്പത്തിക നവീകരണത്തിന്റെയും സുസ്ഥിര വളര്‍ച്ചയുടെയും മാതൃകയായി വേറിട്ട് നില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു’ എന്ന തരൂരിന്റെ വിലയിരുത്തല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ കടുത്ത വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കുന്നതിനായി യു.എസിലേക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും പോയ സര്‍വകക്ഷി പ്രതിനിധി സംഘത്തെ നയിച്ചപ്പോഴും കോണ്‍ഗ്രസ് എം.പി.യായ തരൂര്‍ പാര്‍ട്ടിയില്‍ അസ്വസ്ഥതയുണ്ടാക്കി. ഈ വിദേശ പര്യടനത്തിനിടെ, ഉറി ഭീകരാക്രമണത്തിന് മറുപടിയായി 2016-ല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയാണ് ഇന്ത്യ ആദ്യമായി നിയന്ത്രണ രേഖ (എല്‍.ഒ.സി.) ലംഘിച്ചതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

നെഹ്‌റു-ഗാന്ധി കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള തരൂരിന്റെ ലേഖനം ഇതിനോടകം തന്നെ വലിയ വിവാദമായിട്ടുണ്ട്. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം, ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.

Also Read : തരൂരിൽ തട്ടി കോൺഗ്രസ്; മനക്കോട്ട കെട്ടി ബിജെപി, ചരടുവലികൾ ലക്ഷ്യം കാണുമോ?

പിന്തുടര്‍ച്ചാവകാശ പാരമ്പര്യം പുലര്‍ത്തുന്ന കോണ്‍ഗ്രസ് നേതൃമാറ്റം ആഗ്രഹിക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും തരൂരിന്റെ ഈ തുറന്നുപറച്ചിലുകള്‍ കൂടുതല്‍ ആത്മവിശ്വാസമാണ് നല്‍കുക. ഇത് പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നത പരസ്യമാക്കുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകും.

Content Summary: Shashi Tharoor’s article has become a challenge to the Congress

Leave a Reply

Your email address will not be published. Required fields are marked *

×