ലഹരികേസിൽ നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ള അഞ്ച് പ്രതികളെയും വിചാരണ കോടതി വെറുതെവിട്ടു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കടവന്ത്രയിലെ ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിലാണ് കൊക്കെയ്‌നുമായി നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. ഏഴ് ഗ്രാം കൊക്കെയ്‌നുമായാണ് അഞ്ചുപേരെ പിടികൂടിയത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കൊക്കയ്ൻ ലഹരി കേസാണിത്.
കേസിൽ 2018 ഒക്ടോബറിലായിരുന്നു എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. പോലീസ് റെയ്ഡിന് മണിക്കൂറുകൾക്ക് മുമ്പ് ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ എന്നിവർ ഫോണിൽ പകർത്തിയ കൊക്കയ്‌നിന്റെ ചിത്രം അടക്കമുള്ള ഡിജിറ്റൽ തെളിവുകളും ഫൊറൻസിക് പരിശോധന ഫലവും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി വ്യകതമാക്കി.
എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.
പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശാസ്ത്രീയ തെളിവു നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു. പ്രതികളുടെ രക്‌തസാംപിളുകൾ അന്വേഷണ സംഘം ന്യൂഡൽഹി, ഹൈദരാബാദ് കെമിക്കൽ അനലറ്റിക്കൽ ലാബുകളിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്ൻ ഉപയോഗം കണ്ടെത്താനായില്ല. ന്യൂഡൽഹി ലാബിൽ കൊക്കെയ്ൻ കണ്ടെത്താനുള്ള സംവിധാനമില്ലെന്ന മറുപടിയും ലഭിച്ചു.
ഇവർക്കു കൊക്കെയ്ൻ നൽകിയ നൈജീരിയക്കാരൻ ഒക്കാവോ കോളിൻസ് ഉൾപ്പെടെയുള്ള പ്രതികളും അറസ്‌റ്റിലായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിൽ ഷൈൻ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായിരുന്നു.
content summary; shine tom chacko acquitted in cocaine case