‘VS’ ആ രണ്ടക്ഷരത്തിന് വേണ്ടി ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കിൽ അത് അനീതി, അന്ത്യാഞ്ജലി നേർന്ന് SNDP യൂത്ത് മൂവ്മെന്റും

സമാനതകളില്ലാത്ത അതുല്യ നേതാവ്

തൻ്റെ ജീവിതം മുഴുവൻ ജനങ്ങൾക്കുവേണ്ടി പോരാടിയ നേതാവ്, കേരളത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ വി.എസ്, ഒരു യുഗത്തിൻ്റെ അന്ത്യം കുറിച്ച്‌ കൊണ്ടാണ് കടന്നു പോകുന്നത്. നൂറ്റൊന്ന് വർഷം നീണ്ടൊരു ജീവിതം, അതിലേറെ വർഷങ്ങൾ കേരളത്തിൻ്റെ മണ്ണിനും മനുഷ്യനും വേണ്ടി ഉഴിഞ്ഞുവെച്ച പോരാട്ടവീര്യം. വി.എസ്. അച്യുതാനന്ദൻ, ആ പേര് ഒരു വികാരമായിരുന്നു, അവസാന ശ്വാസം വരെ സാധാരണക്കാരൻ്റെ ശബ്ദമായി നിലകൊണ്ട പോരാളി.

പ്രായവും രോഗവും പതിയെ കവർന്നെടുത്ത, അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയ ജനസാഗരം അത് തെളിയിക്കുന്നതായിരുന്നു. സമാനതകളില്ലാത്ത വിഎസ് എന്ന അതുല്യ നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ച് SNDP യൂത്ത് മൂവ്മെന്റ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ…

‘ഒരു രാഷ്ട്രീയ നേതാവിനോടോ പാർട്ടിയോടോ ആഭിമുഖ്യം കാണിക്കുന്ന യാതൊരു പോസ്റ്റുകളും ഈ ഹാൻഡിലിൽ നിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പിച്ചിരുന്നു. എന്നും നേരിനും ശരിക്കും ജനങ്ങൾക്കുമൊപ്പം നിൽക്കാനാണ് ഞങ്ങൾക്കിഷ്ടം. പക്ഷേ സാംസ്കാരിക നവകേരളം വിടചൊല്ലുന്ന ‘VS’ ആ രണ്ടക്ഷരത്തിന് വേണ്ടി ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കിൽ അത് കേരളത്തോടും ശ്രീനാരായണീരോടും ചെയ്യുന്ന അനീതിയായി മാറും.

എന്നും ജനങ്ങളോടൊപ്പം ചേർന്ന് നടന്ന നേതാവാണ് വി. എസ്. എല്ലാ ജാതി-മത-രാഷ്ട്രീയത്തിൽ ഉള്ളവർക്കും ഒരുപോലെ പ്രിയപ്പെട്ടവൻ. എന്നും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ കാവലാളും അഭ്യുദയകാംക്ഷിയുമായിരുന്നു വി. എസ്. കള്ളന്മാർക്കും കൊള്ളക്കാർക്കും സമുദായത്തെ ഒറ്റി ചോരയൂറ്റി കുടിക്കുന്നവർക്കും എതിരെ നിന്ന് പൊരുതിയ ആൾ’

ആ മഹത് വ്യക്തിത്വത്തിന് SNDP യൂത്ത് മൂവ്മെന്റിന്റെ ആദരാഞ്ജലികൾ…

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment