കേരളം മുഴുവന്‍ കണ്ണീരണിഞ്ഞ ആ ദിവസം കടന്ന് പോയിട്ട് ഇന്നത്തേക്ക് അരനൂറ്റാണ്ടായിട്ടും വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ മനസ്സില്‍ 50 വര്‍ഷം മുന്‍പത്തെ ഓര്‍മ്മകള്‍ ഇപ്പോഴും അനശ്വരമാണ്. മലയാളികള്‍ക്ക് മറക്കാനാവാത്ത അച്ഛന്‍ നല്‍കിയ എത്രയോ ഗാനങ്ങള്‍ പോലെ. 1975 ഒക്ടോബര്‍ 27ന് സന്ധ്യയ്ക്ക് വയലാറിന്റെ വീടായ രാഘവപ്പറമ്പില്‍ അച്ഛന്‍ അവസാനം എഴുതിയ ഗാനത്തിലെ വരിയിലെ പോലെ ‘അന്ത്യോദകം’ അര്‍പ്പിക്കുമ്പോള്‍ ഏകമകനായ ശരത്ചന്ദ്ര വര്‍മ്മയ്ക്ക് 15 വയസ് മാത്രമാണ് പ്രായം. അകാലത്തില്‍ അന്തരിച്ച അച്ഛന്റെ വാത്സല്യം നുകരാന്‍ കഴിയാത്ത ദുഃഖം ഇപ്പോഴുമുണ്ടെങ്കിലും എഴുതിയ ഗാനങ്ങള്‍ മൂളുമ്പോള്‍ ആ സാമീപ്യം മകന്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ അറിയുന്നു.
വീട്ടില്‍ വരുമ്പോള്‍ അച്ഛന്‍ മൂളുന്ന ഒരു ഗാനശകലം ശരത്തിന് ഓര്‍മ്മയുണ്ട്.
‘ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര്‍ വരും.
കരയുമ്പോള്‍ കൂടെ കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും’
അച്ഛന്റെ വരികളാണെന്ന് ഏറെ നാള്‍ ശരത് കരുതി. മുതിര്‍ന്നപ്പോള്‍ മനസിലായി അത് തമ്പിച്ചേട്ടന്റെ (ശ്രീകുമാരന്‍ തമ്പി) യുടേതാണെന്ന്. അദ്ദേഹത്തിനോട് ഈ പാട്ട് അച്ഛന്‍ മൂളാറുള്ള കാര്യം പറഞ്ഞപ്പോള്‍ ശ്രീകുമാരന്‍ തമ്പി അത്ഭുതത്തോടെ പറഞ്ഞു ‘എന്റെ പാട്ട് വയലാര്‍ മൂളി നടന്നു എന്ന് ഈ നിമിഷം വരെ എനിക്ക് അറിയില്ലായിരുന്നു. ഈ പാട്ടിന് ഒരു അല്‍ഭുതം കൂടിയുള്ളത് അതിന്റെ സംഗീതം വയലാറിന്റെ പ്രിയങ്കരനായ ദേവരാജന്‍ മാസ്റ്ററല്ല എന്നതാണ്. എം.ബി. ശ്രീനിവാസന്‍ കടല്‍ (1968) എന്ന സിനിമയ്ക്ക് വേണ്ടി ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നതാണ് ഈ ഗാനം.
‘വയലാര്‍ ഒരിക്കലും മറ്റ് ഗാനരചയിതാക്കളോട് അസൂയപ്പെടുകയോ അവരെ താഴ്ത്തിക്കെട്ടി സംസാരിക്കുകയോ ചെയ്തിരുന്നില്ല’ 1970 കളില്‍ നാന സിനിമാ വാരികയുടെ മദ്രാസ് സിറ്റി എഡിറ്ററായിരുന്ന കഴിഞ്ഞവര്‍ഷം അന്തരിച്ച പത്രപ്രവര്‍ത്തകനായ മധു വൈപ്പന എഴുതി, 1973 ലെ ഏറ്റവും മികച്ച ചലചിത്ര ഗാനരചയിതാവിനുള്ള അവാര്‍ഡ് (സിനിമ : സ്വപ്നം) ആദ്യമായി ഓ. എന്‍.എന്‍വി കുറുപ്പിന് ലഭിച്ചപ്പോള്‍ വയലാറിനെ പ്രകോപിപ്പിക്കാനായി മധു വൈപ്പന പറഞ്ഞു.
‘കണ്ടോ ആമ്പിള്ളേര് അവാര്‍ഡ് കൊണ്ടുപോയത്’
‘അവനും ഇരിക്കട്ടെടാ ഒരവാര്‍ഡ്. എല്ലാ കൊല്ലവും എനിക്ക് തന്നെ കിട്ടിയാല്‍ മതിയോ?’ എന്നായിരുന്നു വയലാര്‍ അതിന് മറുപടി പറഞ്ഞത്.
വീടിനടുത്തുള്ള പുരുഷോത്തമനാശാന്റെ കീഴില്‍ എഴുത്തോലയില്‍ എഴുതാന്‍ പഠിച്ച കാലം. വീട്ടില്‍ വന്ന ഒരു അതിഥി ശരത്തിനോട് ചോദിച്ചു. ‘എഴുതാനൊക്കെ പഠിച്ചോ? ഉവ്വെന്ന് കുഞ്ഞു ശരത്ത് തലയാട്ടി. എന്നാല്‍ എഴുത്, ഒന്നു കാണട്ടെ? അയാള്‍ പറഞ്ഞപ്പോള്‍ ശരത്ത് തൊട്ട് നിന്ന അച്ഛനെ നോക്കി. ഒരു ചെറു ചിരിയോടെ അച്ഛന്‍ ശരിയെന്ന് കണ്ണുകൊണ്ട് കാണിച്ചു.
ആദ്യം എഴുതാന്‍ പറഞ്ഞ അക്ഷരം തന്റെ കുഞ്ഞുവിരലിനാല്‍ കരിക്കട്ട കൊണ്ട് കുമ്മായം പൂശിയ ചുമരില്‍ ശരത്ത് എഴുതി ‘വ’ പിന്നെ അയാള്‍ പറഞ്ഞത് യ. ഏ! യ കഴിഞ്ഞല്ലേ വ ! എങ്കിലും ശരത്ത് എഴുതി പിന്നെ രണ്ടക്ഷരവും അതില്‍ ‘ല’ ക്ക് ദീര്‍ഘം ഇട്ടില്ല. വാക്ക് പൂര്‍ത്തിയാക്കി ‘വയലര്‍’ മിടുക്കന്‍ – അയാള്‍ പറഞ്ഞു. എന്നിട്ട് കരിക്കട്ട വാങ്ങി ദീര്‍ഘമിട്ട് ലാ എന്നാക്കി വായിക്കാന്‍ പറഞ്ഞു. അച്ഛനെ പേര് വിളിക്കാമോ ? എന്ന് ശങ്കിച്ച് നില്‍ക്കുമ്പോള്‍ അയാള്‍ തന്നെ വായിച്ചു. ‘ വയലാര്‍’ സന്തോഷത്തോടെ ശരത്ത് താന്‍ ആദ്യമായി അച്ഛന്റെ പേര് എഴുതിയത് നോക്കി ഉരുവിട്ടു – വയലാര്‍ – ഓര്‍മ്മകള്‍ മരിക്കുന്നില്ല!
മക്കളോടുള്ള വാത്സല്യം തന്റെ ഗാനങ്ങളില്‍ ചേര്‍ത്ത് വെയ്ക്കാന്‍ തിരക്കുകള്‍ക്കിടയിലും വയലാര്‍ മറന്നില്ല. മൂത്ത മകള്‍ ഇന്ദുലേഖ പ്രശസ്ത ഗാനത്തില്‍ കടന്നു വന്നത് അങ്ങനെയാണ് ‘തിരിച്ചടി’യിലെ ‘ഇന്ദുലേഖേ ഇന്ദുലേഖേ ഇന്ദ്രസദസിലെ നൃത്തലോലെ’. അനാര്‍ക്കലിക്ക് വേണ്ടി എഴുതിയ ‘നദികളില്‍ സുന്ദരി യമുനാ’ എന്ന ഗാനത്തിലൂടെ തന്റെ മകള്‍ യമുന സുന്ദരിയാണെന്ന് പറഞ്ഞു വെച്ച വയലാര്‍ ‘ശാരികെ ശാരികെ സിന്ധു ഗംഗാനദീതീരം വളര്‍ത്തിയെന്ന’ ഗാനത്തില്‍ മകള്‍ സിന്ധുവിനും സ്ഥാനം നല്‍കി.
ആ ഗാനത്തിന് ഒരു പ്രത്യേകതയുള്ളത് അത് നടന്‍ സത്യന്റെ അവസാന ചിത്രങ്ങളിലൊന്നായ ശരശയ്യ (1971)ക്ക് വേണ്ടി വയലാര്‍ എഴുതിയതാണ്. ആ പടത്തിന്റെ ജോലികള്‍ പൂര്‍ത്തിയായപ്പോഴാണ് സത്യന്‍ അന്തരിച്ചത്. മലയാളത്തിന്റെ അനശ്വര നടന്‍ സത്യന് നല്‍കുന്ന ആദരാഞ്ജലിയായി ഈ സിനിമയില്‍ സംവിധായകന്‍ തോപ്പില്‍ ഭാസിയുടെ ആവശ്യപ്രകാരം പെട്ടെന്ന് തന്നെ വയലാര്‍ എഴുതി, 20 മിനിറ്റിനുള്ളില്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണമൊരുക്കി പാടിപ്പിച്ച് റെക്കോഡിംഗ് ചെയ്യുകയായിരുന്നു എന്ന് മാധുരിയോടൊപ്പം ആ ഗാനം പാടിയ സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ ഒരിക്കല്‍ അനുസ്മരിക്കുകയുണ്ടായി. അതിലെ നായകന്‍ സത്യന്‍ അഭിനയിച്ച കഥാപാത്രമാണ് ഡോക്ടര്‍ തോമസ്. കുഷ്ഠരോഗത്തിനെതിരെ പൊരുതുന്ന ഭിഷഗ്വരന്‍ കൂടിയാണ് അയാള്‍. പടത്തിന്റെ അണിയറ ശില്‍പ്പികള്‍ അവസാനത്തെ സിനിമയായതിനാല്‍ സത്യന് ആദരവ് നല്‍കി – ഡോ. തോമസിനെ അനശ്വരമാക്കാനുള്ള ശ്രമത്തില്‍ ആ ‘ശരശയ്യ’യില്‍ തന്നെ തളര്‍ന്നു വീണ അനശ്വര നടന്‍ സത്യന് ഞങ്ങളുടെ ആദരാഞ്ജലികള്‍’ പടത്തിന്റെ പരസ്യങ്ങളിലെല്ലാം അച്ചടിച്ചിരുന്നു.
വയലാര്‍ ഒരിക്കലും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍, പ്രത്യേകിച്ചും കുടുംബകാര്യങ്ങള്‍ എവിടെയും എഴുതിയിട്ടില്ല. സ്‌നേഹസമ്പന്നയായ മകനെ മാത്രം ഓര്‍ത്ത് കഴിയുന്ന അമ്മയെ കുറിച്ച് മാത്രം ഒരിടത്ത് പരാമര്‍ശിച്ചു. ‘എനിക്ക് ജീവിതത്തിലേറ്റവും വലുത് എന്റെ അമ്മയാണ്. എന്നെ പ്രസവിച്ച് വളര്‍ത്തി ഇത്രത്തോളമാക്കിയ
അമ്മ !'(ഒരു കവിയുടെ ഡയറി’ 1981)).
വയലാറിന്റെ ഭാര്യ എഴുതിയ ‘ഇന്ദ്രധനുസ്സില്‍ തീരത്ത്’ എന്ന ഓര്‍മ്മക്കുറിപ്പില്‍ (2004) ല്‍ തന്റെ മക്കളെ കുറിച്ച് വയലാറിന്റെ ചിന്തകളും അവരെ കുറിച്ചുള്ള വിചാരങ്ങളും അല്‍പ്പമെങ്കിലും ഭാരതി തമ്പുരാട്ടി എഴുതിയിരിക്കുന്നു.
”ഇത്രയൊക്കെ ഞാന്‍ പറഞ്ഞെങ്കിലും നാലു മക്കളുടെ അച്ഛനായിരുന്ന അദ്ദേഹത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. അതും പറയേണ്ടതാണ്. മക്കളെ സ്‌നേഹിച്ചിരുന്ന അച്ഛനെക്കുറിച്ച് കോവിലകത്തുള്ളപ്പോള്‍ കൂട്ടുകാരനെപ്പോലെ അവരോടൊപ്പം കൂടിയിരുന്നു ചിരിച്ചും കളിച്ചും രസിച്ചിരുന്ന അച്ഛനെക്കുറിച്ച്.
പെണ്‍കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. അതറിഞ്ഞിട്ടാവാം ഈശ്വരന്‍ നാലുമക്കളില്‍ മൂന്ന് പേരെയും പെണ്ണായിട്ടുതന്നെ തന്നത്. പെണ്‍കുട്ടികളെക്കുറിച്ച് ചില സങ്കല്പങ്ങളൊക്കെ ഉണ്ടായിരുന്നു അദ്ദേഹത്തിന്.
പെണ്‍മക്കള്‍ നാലുകെട്ടിനുള്ളില്‍ ഒതുക്കത്തോടെ ജീവിക്കേണ്ടവരാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വേഷത്തിലൊക്കെ അവര്‍ക്ക് അല്‍പ്പം ആഡംബരം വേണമെന്ന നിര്‍ബന്ധവും. മദ്രാസില്‍ നിന്നു അവര്‍ക്കുവേണ്ടി ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ അദ്ദേഹം തയ്പിച്ചുകൊണ്ടുവരും. മുന്നുപേരും വളര്‍ന്നു സ്ത്രീകളായി മാറുമ്പോള്‍ ഒരേ നിറത്തിലുള്ള സാരിയണിഞ്ഞ് വരുന്നതിനെക്കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞു രസിക്കുമായിരുന്നു. പക്ഷേ ആഡംബരവും ഫാഷനുമൊക്കെ വേഷത്തില്‍ മാത്രം മതി. ജീവിതത്തിന്റെ മറ്റുകാര്യങ്ങളില്‍ ധാരാളിത്തം ഒട്ടും അനുവദിച്ചിരുന്നില്ല അദ്ദേഹം” ഭാരതി തമ്പുരാട്ടി എഴുതി.
”കോവിലകത്ത് കാര്‍ ഉണ്ടെങ്കിലും മക്കള്‍ ഒരു ദിവസംപോലും അതില്‍ കയറി സ്‌കൂളില്‍ പോകാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. മറ്റു കുട്ടികള്‍ക്കൊപ്പം നടന്നുതന്നെ പോയാല്‍ മതി തന്റെ മക്കളും. സാധാരണക്കാരുടെ കുട്ടികളുമായി സഹകരിച്ചുതന്നെ മക്കള്‍ വളരണമെന്ന് നിര്‍ബന്ധമായിരുന്നു അദ്ദേഹത്തിന്.”
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂളുകളില്‍ സേവനവാരം ആഘോഷിക്കാറുണ്ടല്ലോ. കുട്ടികള്‍ക്ക് അതിന്റെ ആവശ്യത്തിനുള്ള ചൂല്, കുട്ട, മണ്‍വെട്ടി തുടങ്ങിയ സാധനങ്ങളൊക്കെ അദ്ദേഹം തന്നെ നേരത്തേ സംഘടിപ്പിച്ചുവച്ചിരിക്കും. മക്കള്‍ അത്തരം കാര്യങ്ങളില്‍ പങ്കെടുക്കുന്നതില്‍ വലിയ സന്തോഷമായിരുന്നു അച്ഛന്. കോവിലകത്തെ കുട്ടികള്‍ എന്ന അഹന്തയൊന്നുമില്ലാതെ മക്കള്‍ വളരണം അതായിരുന്നു ഇത്തരം കാര്യങ്ങളോടൊക്കെ അദ്ദേഹം പ്രത്യേക താല്പര്യം പ്രകടിപ്പിക്കാന്‍ കാരണം. പെണ്‍കുട്ടികള്‍ക്കു പരീക്ഷയുടെ ഫലം വരുമ്പോഴൊക്കെ മാര്‍ക്ക് അല്പം കുറഞ്ഞാലും അദ്ദേഹം അതു പ്രശ്നമാക്കാറില്ല. അവരെ വഴക്കും പറയാറില്ല. അവരുടെ പെരുമാറ്റരീതികളില്‍ മാത്രമാണ് അദ്ദേഹം നൂറുശതമാനം മാര്‍ക്ക് പ്രതീക്ഷിച്ചിരുന്നത്. അക്കാര്യത്തില്‍ മക്കള്‍ അദ്ദേഹത്തെ നിരാശ പ്പെടുത്തിയതുമില്ല.
എന്നാല്‍ ശരത്തിനോടുള്ള സമീപനം അങ്ങനെയായിരുന്നില്ല. അവന്റെ പഠനകാര്യങ്ങളിലൊക്കെ കര്‍ശനക്കാരനായിരുന്നു അദ്ദേഹം. അവനെ ഡോക്ടറാക്കണമെന്ന മോഹമായിരുന്നു മനസ്സില്‍. സേവനം ജീവിത ലക്ഷ്യമാക്കിയ ഒരു ചികിത്സകന്‍. മകന്‍ അങ്ങനെയായിത്തീരാന്‍ അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചു. കോവിലകത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നപ്പോള്‍ മകന്റെ ഭാവി മനസ്സില്‍ കണ്ടുകൊണ്ടുതന്നെ ചില പരിഷ്‌ക്കാരങ്ങള്‍ അദ്ദേഹം വരുത്തിയിരുന്നു. തന്റെ മകനിലൂടെ കോവിലകത്ത് സാധാരണ മനുഷ്യരുടെ സാന്നിദ്ധ്യം തുടര്‍ന്നുകൊണ്ടുപോകണം എന്നൊരു വിചാരവും അതിന്റെ പിന്നിലുണ്ടായിരുന്നു.”
”പക്ഷേ അത് മോഹിക്കാന്‍ മാത്രമേ കാലം അദ്ദേഹത്തെ അനുവദിച്ചുള്ളു. മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമാക്കാന്‍ വിധി കൂട്ടുനിന്നില്ല” ഭാരതി തമ്പുരാട്ടി അനുസ്മരിച്ചു.
‘സ്വര്‍ണ്ണചിറകടിച്ചാ വെളിച്ചം സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ച് പോയി’ എന്ന് താനെഴുതിയ വരികളെ അന്വര്‍ത്ഥമാക്കി, 47-ാം വയസ്സില്‍ വയലാര്‍ അകാലത്തില്‍ അന്തരിക്കുമ്പോള്‍ മലയാള ചലചിത്ര ഗാനരംഗത്തെ ഏറ്റവും തിരക്കുകളുള്ള, ഏറ്റവും അധികം ഗാനങ്ങളെഴുതിയ ഗാനരചയിതാവായിരുന്നു.
വയലാറിന്റെ ഉറ്റ സുഹൃത്തും, മലയാള നാട് വാരികയുടെ ഉടമ – എഡിറ്ററും സിനിമാ നിര്‍മാതാവുമായ കൊല്ലത്തെ എസ്.കെ. നായര്‍ വയലാറിന്റെ മരണശേഷം പുറത്തിറക്കിയ മലയാള നാട് വാരിക വയലാര്‍ പതിപ്പില്‍ വയലാറിന്റെ പാട്ടെഴുത്തിനേയും പ്രതിഫലത്തെയും സമീപനത്തേയും കുറിച്ച് തുറന്നെഴുതി
‘സിനിമാക്കാരെപ്പറ്റി സാമാന്യേന ഒരു ധാരണയുണ്ട്. അതിഗംഭീരമായ വരവുള്ളവരാണെന്ന്. കുട്ടന്റെ (വയലാര്‍) കാര്യമെടുക്കാം. ഒരു സിനിമയില്‍ പാട്ടെഴുതുന്നതിന് ഏറ്റവും വലിയ പ്രതിഫലം രണ്ടായിരം രൂപയാണ്. (1975 ലെ 2000 രൂപ. ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റിന് അന്ന് വില 4000 രൂപ). വയലാര്‍ രാമവര്‍മ്മ റേറ്റ് പറഞ്ഞ് പാട്ടെഴുതിയതായി ആരും പറയുമെന്ന് തോന്നുന്നില്ല. പലരും ഒന്നും തന്നെ കൊടുക്കാതെ പാട്ടുകളെഴുതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഒരു സംഭവം പറയാം. ഒരു പുതിയ നിര്‍മ്മാതാവ് കുട്ടനുമായി ദീര്‍ഘമായ ആലോചനകള്‍ പടമെടുപ്പിനെപ്പറ്റി നടത്തി. അവസാനം നിര്‍മ്മാതാവിന്റെ ഹോട്ടല്‍ ബില്ല് (തൊള്ളായിരം രൂപയോളം) വണ്ടിക്കൂലിക്കും കുട്ടന് കൊടുക്കേണ്ടിവന്നു.
”പ്രതാപിയായ തിരുമേനി മദിരാശിയിലായാലും, വയലാറിലായാലും ഉച്ചയ്ക്ക്, കൂടെ ഊണ് കഴിക്കുവാന്‍ പത്തുപതിനഞ്ചു പേരെങ്കിലും കാണും. സിനിമയിലെ പാട്ടുകളെഴുതുവാനുള്ള മദിരാശിയിലെ താമസം വയലാറിനൊരു നഷ്ടക്കച്ചവടമായിരുന്നു എന്നു തീര്‍ത്ത് പറയുവാനെനിക്കു കഴിയും. കടം വാങ്ങിവച്ച രൂപയായാലും ഒരു സുഹ്യത്ത് വന്നു ചോദിച്ചാല്‍ അപ്പൊഴെടുത്തു കൊടുക്കുന്ന വ്യാപാര കൗശലമേ പാവം വയലാറിനുണ്ടായിരുന്നുള്ളു” വയലാറിനെ ചുറ്റിപ്പറ്റിയുള്ള സിനിമാ രംഗത്തെ മുതലെടുപ്പിനെ കുറിച്ച് എസ്.കെ. നായര്‍ എഴുതി.
കേരളത്തിലേറ്റവും കൂടുതല്‍ ജനങ്ങളുടെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ച കുടുംബമാണ് വയലാര്‍ രാമവര്‍മ്മയുടേത്. ഒരാള്‍ക്കും കിട്ടാത്ത സ്‌നേഹാദരവ് ജീവിച്ചിരിക്കുമ്പോഴും മരണശേഷവും വയലാറിനും കുടുംബത്തിനും ലഭിച്ചു. അത്രമാത്രം അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവര്‍ ജാതി മത ഭേദമില്ലാതെ രാഷ്ട്രീയമില്ലാതെ ഒരാളെ മരണശേഷവും ആദരിക്കുക! മലയാളക്കരയില്‍ അത്യപൂര്‍വ്വ സംഭവമാണ് അത്. വയലാറിന്റെ മരണശേഷം രൂപീകരിച്ച വയലാര്‍ ട്രസ്റ്റ് ആ ജനകീയാംഗീകാരത്തിന് സാക്ഷ്യമാണ്.
വയലാറിന്റെ മരണശേഷം തൃശൂരില്‍ വെച്ച് നടന്ന സംസ്ഥാന ചലചിത്ര അവാര്‍ഡ് ചടങ്ങില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌ക്കാരം വാങ്ങാനെത്തിയത് ശരത് ചന്ദ്രവര്‍മ്മയായിരുന്നു. പുരസ്‌കാരം നല്‍കിയ കെ. കരുണാകരന്‍ വയലാറിന്റെ മകനെ സ്റ്റേജില്‍ വെച്ച് ആശ്ലേഷിച്ചത് വികാര നിര്‍ഭരമായ ഒരു രംഗമായി’. പിന്നീട് അതിന്റെ ഫോട്ടോ റവന്യൂ ബോര്‍ഡിന്റെ മാസികയായ ‘ധരണി’ യില്‍ പുറം കവറില്‍ അച്ചടിച്ചു വന്നു.
1966 ല്‍ മദ്രാസില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന ‘അന്വേഷണം’ വാരികയില്‍ വയലാര്‍ ഒരു ചോദ്യോത്തര പംങ്തി കൈകാര്യം ചെയ്തിരുന്നു. അതില്‍ കോഴിക്കോട് നിന്ന് ഓരാള്‍ എഴുതി ചോദിച്ചു.
വയലാറിന്റെ മറുപടി ‘നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ചലചിത്ര സംഗീത സംവിധായകനാരാണ്?”
‘പരവൂര്‍ ദേവരാജന്‍. ദേവരാജന്റെ ശാസ്ത്ര ബോധവും ഒറിജിനാലിറ്റിയും, ക്രിയേറ്റീവ് സിന്‍സിയറിറ്റിയും എനിക്കിഷ്ടമാണ്’. 134 സിനിമയില്‍ അവര്‍ ഒന്നിച്ചു. 750 ലേറെ കാവ്യങ്ങള്‍ക്ക് ഈണം നല്‍കി.
വയലറിനെ കുറിച്ച് ദേവരാജന്‍ മാസ്റ്റര്‍ പറയുന്നു. ‘പാവം പഞ്ചപാവം. വൈരാഗ്യമോ ഇല്ലാത്ത ഒരു സാധു മനുഷ്യന്‍. നിര്‍മാതാക്കളോട് കൃത്യമായ പ്രതിഫലം ചോദിച്ചുവാങ്ങാന്‍ പോലുമറിയില്ലായിരുന്നു അദ്ദേഹത്തിന്. അത്രയും പാവം. അമ്മയെ ദൈവത്തെക്കാള്‍ വലിയ വിഗ്രഹമായി കണ്ടു ആ മനുഷ്യന്‍. അതു കൊണ്ടാണ് അമ്മേ അമ്മേ അവിടത്തെ മുന്‍പില്‍ ഞാനാര് ദൈവമാര് എന്നെഴുതിയത്. ആ പാട്ടിന്റെ വരികളില്‍ അമ്മയോടുള്ള വയലാറിന്റെ സ്‌നേഹം മുഴുവനുണ്ട്.
മദ്യപാനിയായ വയലാര്‍ ഒരിക്കലും എന്റെ സംഗീതത്തില്‍ ഇടപെട്ടിട്ടില്ല. മദ്യപിച്ച് ലക്കുകെട്ട് ഒരിക്കലും എനിക്കുവേണ്ടി എഴുതിയിട്ടില്ല. മറിച്ചുള്ള അനുഭവകഥനങ്ങളെല്ലാം നുണയാണ്. മദ്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന് പുറത്തുവന്ന ശേഷമേ അദ്ദേഹം പാട്ടെഴുതാന്‍ ഇരിക്കൂ; പൂര്‍ണ ബോധത്തോടെ. അപ്പോഴേക്കും ആ മനുഷ്യന്‍ മറ്റൊരാളായി മാറിക്കഴിഞ്ഞിരിക്കും. ഗാനസൃഷ്ടിയുടെ നിമിഷങ്ങളില്‍ എനിക്ക് ആവശ്യമായ ഏകാന്തത അദ്ദേഹം അനുവദിച്ചു തന്നിട്ടുമുണ്ട്.’ ദേവരാജന്‍ മാസ്റ്റര്‍ ആ ബന്ധം മരണശേഷവും തന്റെ സംഗീതാര്‍ച്ചനകളില്‍ ഏകനായി തുടര്‍ന്നു.
1977 മുതല്‍ ആരംഭിച്ച ആദ്യത്തെ വയലാര്‍ അവാര്‍ഡ് ചടങ്ങിന് ശേഷം നടക്കുന്ന വയലാര്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഗാനമേള എല്ലാ വര്‍ഷവും വയലാര്‍ അവാര്‍ഡ് ദിനം ദേവരാജന്‍ മാസ്റ്റര്‍ നടത്തി. ഈ വയലാര്‍ ഗാനമേള തന്റെ ആരോഗ്യസ്ഥിതി മോശമാകും വരെ മുടങ്ങാതെ ഒരു തപസ്യ പോലെ തുടര്‍ന്നു. ആദ്യത്തെ വര്‍ഷം യേശുദാസും രണ്ടാമത്തെ വര്‍ഷം ജയചന്ദ്രനും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രീകാന്തും, ജി വേണുഗോപാല്‍ വരെ ഈ ഗാനസന്ധ്യയില്‍ പാടി. മാധുരിയായിരുന്നു പ്രധാന ഗായിക.
1992 ല്‍ എം.ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാന്‍’ എന്ന ചിത്രത്തിലൂടെ വയലാറിന്റെ മകന്‍ എഴുതിയ ആദ്യ ഗാനത്തിന് ഈണമിടാന്‍ ഒരു നിയോഗം പോലെ ദേവരാജന്‍ മാസ്റ്റര്‍ എത്തി. വയലാര്‍ ശരത്തിന്റെ ആദ്യ ഗാനം’ മാഘമാസം മല്ലികപ്പൂ കോര്‍ക്കും കാവില്‍’ യേശുദാസും ലേഖയും പാടി. മകന്റെ ഗാനരചനാ പ്രവേശനത്തിന് ഒരു ഓര്‍മ്മക്കുറിപ്പെന്ന പോലെ തന്റെ കയ്യില്‍ സൂക്ഷിച്ചിരുന്ന ഉപയോഗിക്കാത്ത വയലാറിന്റെ വരികള്‍ ചിട്ടപ്പെടുത്തി ഒരു വയലാര്‍ ഗാനം അതില്‍ ഉള്‍പ്പെടുത്തി
‘സുഭഗേ സുഭഗേ നാമിരുവരുമി
സുരഭി സരസ്സില്‍ വിരിഞ്ഞു ‘
ഉഷസോ നീയോ ഉദയേന്ദുലേഖയോ
ഒരു ചുംബനത്തില്‍ പൊതിഞ്ഞു. അങ്ങനെ അച്ഛനും മകനും എഴുതിയ ദേവരാജന്‍ ടച്ചുള്ള രണ്ട് മനോഹര ഗാനങ്ങള്‍ കൂടി നമുക്ക് കേള്‍ക്കാനായി. അച്ഛനും മകനും എഴുതിയ വരികള്‍ ചിട്ടപ്പെടുത്തിയ മലയാള ചലച്ചിത്രഗാനരംഗത്തെ ഏക സംഗീത സംവിധായകന്‍ എന്ന ബഹുമതിയും ദേവരാജന്‍ മാസ്റ്റര്‍ക്കാണ്.
ഇതിന് മുന്‍പ് ‘പി.എ. ബക്കര്‍ സംവിധാനം ചെയ്ത ”പ്രേമലേഖനം’ എന്ന ചിത്രത്തിലെ (1985)
‘താമരപ്പൂക്കളും ഞാനുമൊന്നിച്ചാണീ
താമസിക്കുന്നതീ നാട്ടില്‍’. എന്ന വയലാര്‍ ഗാനം ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി ആ സിനിമയില്‍ ഉപയോഗിച്ചിരുന്നു. പാടിയത് യേശുദാസ് തന്നെ. പ്രേമലഹരിയും കാവ്യലഹരിയും സമ്മേളിച്ച വയലാര്‍ ദേവരാജന്‍ സ്പര്‍ശം പോലെ തന്നെ, രണ്ട് മനോഹര ഗാനങ്ങള്‍ ഇന്നും നാം കേള്‍ക്കുന്നു.
”ശ്രുതിയും ലയവുംപോലെ പരസ്പരം ഇഴചേര്‍ന്ന മനസ്സുകളായിരുന്നു വയലാര്‍ – ദേവരാജന്‍മാരുടേത് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ പറയുന്നു. ‘അക്ഷര വയലായിരുന്നു അച്ഛന്‍; ദേവരാജന്‍ മാസ്റ്റര്‍ സംഗീത വെയിലും. വയലാര്‍ ദേവരാജന്‍ എന്നത് ഒരൊറ്റ വ്യക്തിയുടെ പേരാണെന്ന് വിശ്വസിച്ചിരുന്ന എത്രയോ പേരെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. വയലാറില്‍നിന്ന് വേറിട്ട് ദേവരാജനും, ദേവരാജനില്‍നിന്ന് വേറിട്ട് വയലാറിനും ഒരു അസ്തിത്വമില്ല.
‘രാത്രിയുടെ നിശബ്ദ യാമങ്ങളിലാണ് അച്ഛന്‍ എഴുതിയിരുന്നത്. രാത്രി രണ്ടര മൂന്നു മണിയോടെ എണീറ്റിരുന്ന് എഴുതാന്‍ തുടങ്ങും. മീനുകള്‍ പോലും ഉറങ്ങുന്ന സമയം എന്നാണ് അച്ഛന്‍ പറയാറുള്ളത്. ഞാനും അങ്ങനെയാണ്. മറ്റുള്ളവരെല്ലാം ഉറങ്ങുന്നതുകൊണ്ടു ദൈവത്തിന്റെ നോട്ടം നേരിട്ട് നമുക്കു കിട്ടും.’ അച്ഛന്റെ മകന്‍ പറയുന്നു.
Content Summary: Vayalar Ramavarma’s son, Sarathchandra Varma, with his memories
This post was last modified on October 27, 2025 3:31 pm
Leave a Comment