ഗുവാഹത്തിയില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസത്തെ കളിക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഷുക്രി കോണ്‍റാഡ് നടത്തിയ ‘ഗ്രോവല്‍’ പരാമര്‍ശം ചരിത്രത്തിന്റെ തുടര്‍ച്ചയായി മാറുമെന്നായിരുന്നു മുന്‍ താരങ്ങളും ഇന്ത്യന്‍ ആരാധകരും കരുതിയത്. പക്ഷേ, വെസ്റ്റീന്‍ഡീസിന്റെ തന്റേടം ടീം ഇന്ത്യക്കില്ലാതെ പോയി.
ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ലീഡ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇന്ത്യയെ ഫോള്‍ ഓണ്‍ ചെയ്യാന്‍ വിട്ടില്ല എന്ന ചോദ്യത്തിന് കോണ്‍റാഡ് നല്‍കിയ മറുപടി, ഇന്ത്യന്‍ ടീമിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു.
‘ഇന്ത്യന്‍ താരങ്ങള്‍ കഴിയുന്നത്ര സമയം ഗ്രൗണ്ടില്‍ ഉണ്ടായിരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഒരു വാചകം കടമെടുത്ത് പറയുകയാണെങ്കില്‍, അവര്‍ ശരിക്കും ‘ഗ്രോവല്‍’ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. മത്സരത്തില്‍ നിന്ന് അവരെ പൂര്‍ണമായും പുറത്താക്കി, അവസാന ദിവസവും ഇന്ന് വൈകുന്നേരം ഒരു മണിക്കൂറും പിടിച്ചുനില്‍ക്കാന്‍ ഞങ്ങള്‍ അവരോട് പറയുകയായിരുന്നു’, എന്നാണ് കോണ്‍റാഡിന്റെ വാക്കുകള്‍.
കോണ്‍റാഡ് ഉപയോഗിച്ച ‘ഗ്രോവല്‍’ എന്ന വാക്കാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. യാചിക്കുക, നിലംപറ്റിക്കുക, നിന്ദ്യമായി പെരുമാറുക എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം.
ഈ വാക്ക് ഇതിനു മുമ്പും ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്ന് സംഭവിച്ചത് ക്രിക്കറ്റ് ചരിത്രത്തില്‍, ഒരു വീരേതിഹാസം പോലെ രചിക്കപ്പെടുകയും ചെയ്തു.
1976-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് സീരീസിന് മുന്നോടിയായി ഇംഗ്ലണ്ടിന്റെ നായകന്‍ ടോണി ഗ്രെയ്ഗ് ഉപയോഗിച്ച അതേ വാക്കാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്. അന്ന് ഗ്രെയ്ഗിന്റെ പരാമര്‍ശം വെസ്റ്റിന്‍ഡീസ് ടീമിനെ പ്രകോപിപ്പിക്കുകയും, തുടര്‍ന്ന് അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 3-0ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ചരിത്ര വിജയം കരീബിയന്‍ സംഘം നേടുകയും ചെയ്തു.
ഈ ചരിത്രമായിരുന്നു കോണ്‍റാഡിന്റെ പരാമര്‍ശത്തിന് പിന്നാലെ മുന്‍താരങ്ങളുടെയും ആരാധാകരുടെയും പ്രതികരണത്തില്‍ ഉണ്ടായിരുന്നത്.
മുന്‍ ഇന്ത്യന്‍ താരങ്ങളായ. അനില്‍ കുംബ്ലെ, ചേതേശ്വര്‍ പൂജാരെ, പാര്‍ത്ഥീവ് പട്ടേല്‍, ആകാശ് ചോപ്ര എന്നിവര്‍ കോണ്‍റാഡിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തക്കതായ മറുപടി ടീം ഇന്ത്യ നല്‍കുമെന്നും അവര്‍ കരുതി.
ഈ വാക്കിന് ഒരു വലിയ ചരിത്രമുണ്ട്. അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇതേ വാക്കാണ് വെസ്റ്റിന്‍ഡീസ് ടീമിനെതിരെ ഉപയോഗിച്ചത്. അതിന്റെ ഫലങ്ങള്‍ നമുക്ക് അറിയാം. ഇപ്പോള്‍ സീരീസ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയേക്കാം. ഇത്തരം വാക്കുകളാണ് ഒരു ടീമിന് പൊരുതാനുള്ള കരുത്തായി മാറുന്നത്. ഇന്ത്യ അവരുടെ ശക്തി കാണിക്കേണ്ടതുണ്ട്. ഞങ്ങള്‍ പോരാടും എന്നായിരുന്നു അനില്‍ കുംബ്ലെ ചൊവ്വാഴ്ച്ച പറഞ്ഞത്.
ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍, അത് ഇന്ത്യന്‍ ടീം നല്ല അവസ്ഥയിലല്ല എന്നാണ് അവര്‍ അര്‍ത്ഥമാക്കുന്നതെന്നായിരുന്നു ചേതേശ്വര്‍ പൂജാരയുടെ പ്രതികരണം. ഇത് ഹൃദയത്തില്‍ തറച്ചുകയറുന്ന വാക്കുകളാണ്. അത്തരമൊരു കാര്യം നിങ്ങളുടെ ഹൃദയത്തെ കുത്തുമ്പോള്‍ നിങ്ങള്‍ മെച്ചപ്പെടും. ഒന്നാമതായി, ഇന്ന് നിങ്ങള്‍ കളിക്കേണ്ടിവരും. തുടര്‍ന്ന് നിങ്ങള്‍ ഈ വാക്കുകള്‍ വളരെക്കാലം ഓര്‍മ്മിക്കേണ്ടിവരും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിന് ഉചിതമായ ഉത്തരം നല്‍കണമെങ്കില്‍, ഡബ്ല്യുഡിസി ഫൈനലില്‍ നിങ്ങള്‍ മികച്ച പ്രകടനം നടത്തണം. ഇന്ത്യന്‍ ടീം ഡബ്ല്യുഡിസി ഫൈനലില്‍ എത്തുമെന്നും അവിടെ ദക്ഷിണാഫ്രിക്കയെ നേരിടുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അങ്ങനെ നമുക്ക് അവിടെ ഉചിതമായ ഉത്തരം നല്‍കാന്‍ കഴിയും. ഈ സംഭവത്തില്‍ നിന്നും നമ്മള്‍ പഠിക്കേണ്ടതുണ്ട്, പൂജാര പറഞ്ഞു.
വളരെ മോശമായ പരാമര്‍ശമാണ് കോണ്‍റാഡ് നടത്തിയിട്ടുള്ളതെന്നും ടോണി ഗ്രിഗിന്റെ വാക്കുകളെയാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. ടോണി ഗ്രീഗിന്റെ ആ അഭിപ്രായത്തിന് വെസ്റ്റ് ഇന്‍ഡീസ് ബൗണ്‍സറുകള്‍ ഉപയോഗിച്ച് മറുപടി നല്‍കിയതിനെത്തുടര്‍ന്ന് അവര്‍ക്ക് നിയമങ്ങള്‍ പകുതിയില്‍ മാറ്റേണ്ടിവന്നു. അത് ഒരു വിപ്ലവം സൃഷ്ടിച്ചു. എന്നായിരുന്നു ചോപ്രയുടെ മറുപടി.
പ്രസ്താവന നടത്തുമ്പോള്‍ കോച്ച് ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും അപമാനകരമായ പരാമര്‍ശമാണ് കോച്ച് നടത്തിയതെന്നുമായിരുന്നു പാര്‍ത്ഥീവ് പട്ടേല്‍ വിമര്‍ശിച്ചത്. കോണ്‍റാഡ് ഇതിന് ക്ഷമാപണം നടത്തണമെന്നും പാര്‍ത്ഥീവ് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു.
നിര്‍ഭാഗ്യവശാല്‍ മുന്‍താരങ്ങളും രാജ്യവും പ്രതീക്ഷപോലെയല്ല കാര്യങ്ങള്‍ നടന്നത്. തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ദക്ഷിണാഫ്രിക്കയോട് ഇന്ത്യ നേരിട്ടത്. 408 റണ്‍സിന്റെ പരാജയം. മാത്രമല്ല, ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കുകയും ചെയ്തു, അതും ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത്. വിന്‍ഡീസിന്റെ തന്റേടം ഇന്ത്യക്കില്ലാതെ പോയി.
Content Summary: South African Cricket team coach Shukri Conrad’s ‘Grovel’ remarks sparks outrage and the history of grovelling in cricket