ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ കീഴടങ്ങുമ്പോള്‍ അത് ദക്ഷിണാഫ്രിക്കയുടെ അഞ്ചാമത്തെ ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിയായിരുന്നു. 1992, 1999, 2007, 2015 കാലങ്ങളിലെ പരാജയത്തിന് സമാനമായി 2023-ല്‍ മറ്റൊന്നുകൂടി സംഭവിച്ചു.
അന്നെല്ലാ കുറ്റവും ഏല്‍ക്കേണ്ടി വന്നത് സെമിയില്‍ സെമിയില്‍ നാല് പന്ത് നേരിട്ട് റണ്ണൊന്നും എടുക്കാതെ മടങ്ങിയ ക്യാപ്റ്റനായിരുന്നു. ആ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 145 റണ്‍സ് മാത്രമായിരുന്നു നായകന്റെ സമ്പാദ്യം. 35 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ടീമിന്റെ പരാജയത്തിന് ആദ്യം വിചാരണ ചെയ്യപ്പെടുക എവിടെയും നായകന്‍ ആണല്ലോ!
ഓസ്ട്രേലിയയെ വീഴ്ത്തി ലോക ടെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുമ്പോള്‍ അതേ നായകന്‍ വാഴ്ത്തപ്പെടുകയാണ്. തെംബ ബവുമ എന്ന ആ കുറിയ മനുഷ്യന്‍ ഇന്ന് ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുകയാണ്.
ബവുമ പരാജയപ്പെട്ടപ്പോഴെല്ലാം അയാള്‍ മറ്റാരെക്കാളും മോശമായി അധിക്ഷേപിക്കപ്പെട്ടിരുന്നു. അയാളുടെ നിറവും രൂപവും വച്ചുള്ള കളിയാക്കലുകളും അധിക്ഷേപങ്ങളും ക്രിക്കറ്റിനെയെന്നല്ല, ഏത് കായിക ഇനത്തെയും പിന്തുടരുന്നവര്‍ക്ക് യോജിച്ചതായിരുന്നില്ല. അതൊരിക്കലും മാനുഷികവുമായിരുന്നില്ല. പക്ഷേ ബവുമ അത്തരത്തിലെല്ലാം ആക്ഷേപിക്കപ്പെട്ടു.
ലോകത്തോട് പൊരുതി വന്നവരാണ് ആഫ്രിക്കയിലെ കറുത്തവംശജര്‍. ആ പോരാട്ടവീര്യം ബവുമയിലുമുണ്ട്. തെംബ എന്ന വാക്കിന് ‘പ്രതീക്ഷ’ എന്നാണര്‍ത്ഥമുണ്ട്. എത്രയൊക്കെ വിമര്‍ശനങ്ങളിലൂടെ കടന്നു പോകുമ്പോഴും ഒരു രാജ്യത്തിന്റെ മൊത്തം പ്രതീക്ഷ ബവുമ ചുമലിലേറ്റിയിരുന്നു. ഒരു ഐസിസി കിരീടം എന്ന സ്വപ്നം പലതവണയാണ് പ്രോട്ടീസിന് ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടമായത്. ഗ്രൗണ്ടുകളില്‍ നിന്നും കണ്ണീരോടെ അവരുടെ എത്രയെത്ര മഹാരഥന്മാരാണ് മടങ്ങിയത്.അവര്‍ക്കായി, എന്നെങ്കിലും ഒരിക്കല്‍ ക്രിക്കറ്റ് ലോകത്തിന്റെ നെറുകിയില്‍ കയറി നിന്ന് ഞങ്ങളും ആഘോഷിക്കുമെന്ന പ്രതീക്ഷ കൈവിടാതിരുന്ന ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ക്കായി തെംബ ബവുമ വിജയിച്ചിരിക്കുന്നു.
ഫീല്‍ഡിലെ ശാന്തതയും കൗശലവും പറഞ്ഞ് മഹേന്ദ്ര സിംഗ് ധോണിയടക്കമുള്ള നായകന്മാര്‍ വാഴ്ത്തപ്പെടുമ്പോള്‍, ഒരിക്കലും പറഞ്ഞു കേള്‍ക്കാത്ത പേരാണ് തെംബ ബവുമ. എന്നാല്‍ അയാള്‍ എത്ര മികച്ച നായകനാണെന്ന് തെളിയിച്ച മത്സരം കൂടിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ടീമിന് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറായൊരു നായകന്‍.
കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കാന്‍ ഇറങ്ങുമ്പോള്‍ 100 ശതമാനം ഫിറ്റായിരുന്നില്ല ബവുമ. അസുഖം മൂലം രണ്ട് കളികളില്‍ കളിച്ചിരുന്നില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരിക്കു മാറാതെയാണ് സെമിയിലും കളിക്കാനിറങ്ങിയത്. വ്യക്തിഗതമായി അയാള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല, പക്ഷേ, ടീമിനുവേണ്ടി അയാള്‍ തന്റെ വേദനകള്‍ മറക്കുകയായിരുന്നു.
ലോഡ്സില്‍ രണ്ടാം ഇന്നിംഗ്‌സില്‍ കളിച്ച ക്ലാസ് ക്രിക്കറ്റ് കണ്ട് ലോകം വാഴ്ത്തുമ്പോഴും അയാള്‍ വേദന അനുഭവിക്കുന്നുണ്ടായിരുന്നു. കാലിനേറ്റ പരിക്ക് വകവച്ചില്ല. വയ്യാത്ത കാലും വച്ചാണ് മാര്‍ക്രവുമായി ചേര്‍ന്ന് സിംഗിളും ഡബിളും ഓടിയെടുത്തത്. നിര്‍ണായകമായ 66 റണ്‍സ് നേടിയത്.
ബവുമ എന്ന ക്യാപ്റ്റനെയും കളിക്കാരനെയും ദക്ഷിണാഫ്രിക്കയുടെ മുന്‍ പരിശീലകന്‍ റോബ് വാള്‍ട്ടര്‍ ഒരിക്കല്‍ പറഞ്ഞത്, ബവുമയെ കുറിച്ചോര്‍ത്ത് തനിക്ക് അഭിമാനമേ ഉള്ളൂവെന്നാണ്. ‘രാജ്യത്തിന്റെ ലോകകപ്പ് നിര്‍ഭാഗ്യം മാറ്റാനായില്ലെങ്കിലും പരിക്കേറ്റ നായകന്‍ ബവുമയെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുകയാണ്’ എന്നായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം വാള്‍ട്ടര്‍ പ്രസ്താവിച്ചത്.
‘നിന്നെയോര്‍ത്ത് ഞാന്‍ എത്രത്തോളം അഭിമാനം കൊള്ളുന്നു. നിങ്ങള്‍ക്കറിയാമല്ലോ, അവിശ്വസനീയമാംവിധമാണ് അവന്‍ തന്റെ സംഘത്തെ ഈ രാത്രി വരെ നയിച്ചത്. ഈ ടൂര്‍ണമെന്റില്‍ ഞങ്ങളെ ആദ്യസ്ഥാനത്തേക്ക് എത്തിച്ചത് അവനായിരുന്നു. ആളുകള്‍ അതൊക്കെ മറക്കും, അതുകൊണ്ടാണ് അവന്‍ അറിയാന്‍ വേണ്ടി, ഈ ടീമില്‍ അവന്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അവനെയോര്‍ത്ത് എത്രത്തോളം അഭിമാനം കൊള്ളുന്നുവെന്നും ഞാന്‍ പറയുന്നത്”. ഓസ്‌ട്രേലിയുമായുള്ള സെമി ഫൈനല്‍ തോല്‍വിക്കുശേഷം ദക്ഷിണാഫ്രിക്കന്‍ കോച്ചിന്റെ ഈ വാക്കുകള്‍ ബവുമ എന്ന ക്രിക്കറ്ററെക്കുറിച്ച് അയാളെ പരിഹസിക്കുന്ന ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നതായിരുന്നു.
മറ്റൊരു കളിക്കാരനെക്കാളും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുള്ള ഈ അഞ്ചടി ആറിഞ്ചുകാരന്‍ തന്റെ രാജ്യത്തിനു വേണ്ടി സഹിച്ച വേദനയും കാണിച്ച ഉത്തരവാദിത്തവും കൈയടിച്ച് പുകഴത്തേണ്ടതാണ്. 2021-ല്‍ ക്വിന്റന്‍ ഡികോക്കില്‍ നിന്നും ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്ന കറുത്ത വര്‍ഗക്കാരനായ ആദ്യ നായകനായി ബവുമ മാറുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടുന്ന കറുത്തവര്‍ഗക്കാരനാകാനും ബവുമയ്ക്ക് നിയോഗമുണ്ടായിരുന്നു. ചരിത്രത്തെ തനിക്കൊപ്പം ചേര്‍ത്തൊരു കളിക്കാരനാണ് തെംബ ബവുമ. അതുകൊണ്ട് വെറുമൊരു ക്രിക്കറ്റ് കളിക്കാരനായി മാത്രമല്ല ബവുമയെ അടയാളപ്പെടുത്തേണ്ടത്. നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടൊരു ജനതയുടെ പ്രതിനിധിയാണ്. അയാളുടെ വിജയങ്ങള്‍ അതുകൊണ്ട് തന്നെ ആഘോഷിക്കപ്പെടേണ്ടതാണ്.
ലോക ക്രിക്കറ്റിലെ ഏറ്റവും കുറിയവനായ കളിക്കാരന്‍(5.6 ഫീറ്റ്) എന്നു വിളിക്കുമ്പോഴും കളി മികവിലും നായകത്വത്തിലും ഈ 35 കാരന്‍ ഏറെ ഉയരത്തില്‍ നില്‍ക്കുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ ബവുമ ക്യാപ്റ്റന്‍ എന്ന നിലയിലും ഏറെ മുന്നിലാണ്. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിദഗ്ധനാണയാള്‍. അക്രമണോത്സുകമായ ഫീല്‍ഡിംഗും, കൃത്യമായ ഇടവേളകളില്‍ വരുത്തുന്ന ബൗളിംഗ് ചെയ്ഞ്ചുകളും ബവുമയുടെ നായകമികവ് അടയാളപ്പെടുത്തുന്നതാണ്. എത്രവലിയ സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോഴും ബവുമ എന്ന നായകന്‍ പരിഭ്രാന്തനാകുന്നില്ല; മൈതാനാത്താണെങ്കിലും ഡഗ് ഔട്ടിലാണെങ്കിലും.
കളിക്കളത്തില്‍ മാത്രമല്ല, കളത്തിനു പുറത്തും അയാള്‍ ഉത്തരവാദിത്വവും സംഘടനാബോധവുമുള്ള നായകനാണ്. പലവിധ സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് നേരിട്ടപ്പോഴും ബവുമ എന്ന നായകന്റെ പ്രശംസനീയമാംവിധമുള്ള സംഘടനാശേഷി ലോകം കണ്ടതാണ്. 2021 ലെ ടി-ട്വന്റി ലോകകപ്പിനിടയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശമായിരുന്നു കളിക്കാര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി കൈ മുഷ്ടി ഉയര്‍ത്തി ബ്ലാക് ലീവ് മാറ്റര്‍ പ്രസ്ഥാനത്തിന് പിന്തുണയര്‍പ്പിക്കണമെന്ന്. എന്നാല്‍, ടീമിലെ സുപ്രധാന താരമായ ക്വിന്റന്‍ ഡീകോക്ക് ആ നിര്‍ദേശം അവഗണിച്ചു. അന്ന് ടീമില്‍ പടലപ്പിണക്കം ഉണ്ടാകാതെയും ബോര്‍ഡും ടീമും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാതെയും നോക്കിയത് നായകനായ ബവുമയായിരുന്നു. അയാള്‍ എപ്പോഴും തന്റ ടീമിന് പിന്നില്‍ ഉറച്ചു നില്‍ക്കുന്ന നായകനാണ്.
കേവലമൊരു കായിക മത്സരത്തിനുള്ള സംഘത്തെ നയിക്കുന്നവനല്ല, മറിച്ച് തന്റെ ഉത്തരവാദിത്തം അതിനേക്കാളൊക്കെ വലുതാണെന്ന് സ്വയം മനസിലാക്കിയിട്ടുണ്ട് ബവുമ. ഇതുവരെ തന്നെപ്പോലൊരു നായകനെ ദക്ഷിണാഫ്രിക്കക്കാര്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിനറിയാം. അങ്ങനെയുള്ളവര്‍ക്ക് താനവരുടെ പ്രതിനിധിയാണെന്നും അറിയിക്കാനും ഒപ്പം മാതൃകയാകനുമുള്ള ഉത്തരവാദിത്തബോധം ബവുമയ്ക്കുണ്ട്.
വിജയിക്കുമ്പോള്‍ ഒപ്പം നില്‍ക്കുകയും പരാജയപ്പെടുമ്പോള്‍ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്. റണ്‍സ് നേടാത്തതിലും ടീം തോറ്റതിലുമൊക്കെ തെംബ ബവുമ എന്ന നായകന്‍ ഒരുപാട് കളിയാക്കപ്പെട്ടിട്ടുണ്ട്, കുറ്റപ്പെടുത്തലുകള്‍ കേട്ടിട്ടുണ്ട്. എത്ര കല്ലേറ് കൊണ്ടിട്ടുണ്ടെങ്കിലും അയാള്‍ ഒരു പരാജിതനായ മനുഷ്യനല്ല; ഇന്നത് കാലം തെളിയിച്ചിരിക്കുന്നു.പേര് പോലെ തന്നെ അയാള്‍ ഒരു രാജ്യത്തിന്റെ പ്രതീക്ഷയാണ്. South Africa world Test championship victory and captain Temba Bavuma
Content Summary; South Africa world Test championship victory and captain Temba Bavuma
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.