January 14, 2025 |

സൗത്ത് കൊറിയയിൽ സ്വവർഗ ദമ്പതികൾക്കും നിയമ പരിരക്ഷ; വിവാഹം നിയമപരമാകാനുള്ള ആദ്യ പടിയോ?

ഫലം കണ്ടത് സ്വവർഗ ദമ്പതികളുടെ അവകാശ പോരാട്ടം

ദേശീയ ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷ ക്വിർ സമൂഹത്തിലേക്ക് കൂടി വ്യപിപ്പിക്കുന്ന ചരിത്ര വിധി പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ. സുപ്രീം കോടതിയുടെ ഈ വിധിയോടെ സ്വവർഗ വിവാഹവും നിയമാനുസൃതമാകുന്ന കാലവും വിദൂരമാകില്ലെന്ന പ്രതീക്ഷയിലാണ് ക്വിർ സമൂഹം. രാജ്യത്തെ സ്വവർഗ ദമ്പതികൾക്ക്, മറ്റു ദമ്പതികളെ പോലെ ദേശീയ ആരോഗ്യ ഇൻഷുറൻസിനായി രജിസ്റ്റർ ചെയ്യാം. ഇതിനുമുമ്പ്, പരമ്പരാഗത സാമൂഹ്യ കാഴ്ചപ്പാടിന്റെ ചട്ടങ്ങളിൽ ജീവിക്കുന്ന ദമ്പതികൾക്ക് മാത്രമേ ഇതുൾപ്പെടെയുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിച്ചിരുന്നുള്ളു. ക്വിർ സമൂഹത്തിനെ കൂടി പൊതു സമൂഹത്തിന്റെ കൂടുതൽ ബൈനറികളിലേക്ക് ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടിയായാണ് സാമൂഹ്യ പ്രവർത്തകർ വിധിയെ വിലയിരുത്തുന്നത്.

വ്യാഴാഴ്ച പുറത്തു വന്ന വിധിയിൽ, രാജ്യത്തെ പരമോന്നത കോടതി, സ്വവർഗ ദമ്പതികൾ, ഒരേ ലിംഗക്കാരായതിന്റെ പേരിൽ മാത്രം ദേശീയ ആരോഗ്യ ഇൻഷുറൻസ് ആശ്രിത കവറേജ് നിഷേധിക്കുന്നത് ഗുരുതരമായ വിവേചനമാണെന്ന് അടിവരയിട്ടു. ഇത് പൗരന്മാരുടെ “അന്തസ്സും മൂല്യങ്ങളും, അവരുടെ അവകാശങ്ങളും ലംഘിക്കുന്നു. സന്തോഷം, സ്വകാര്യത, സ്വാതന്ത്ര്യം, തുടങ്ങി നിയമപ്രകാരം തുല്യമായി പരിഗണിക്കപ്പെടാനുള്ള അവകാശങ്ങൾ എന്നിവക്ക്മേൽ ഏൽപ്പിക്കുന്ന ക്ഷതമാണെന്ന് കോടതി കണ്ടെത്തി.

സോ സിയോങ്-വൂക്ക് ആണ്  2021- ൽ ഈ പ്രശ്നത്തിനെതിരെ  നിയമപരമായി നീങ്ങുന്നത്. സോ തൻ്റെ പങ്കാളിയായ കിം യോങ്-മിന്നിൻ്റെ ആശ്രിതനായി ദേശീയ ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചിരുന്നു. ക്വിർ സമൂഹത്തെ പൊതുവായി പരിഗണിക്കണമെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ദക്ഷിണ കൊറിയയിലെ ആരോഗ്യ ഇൻഷുറൻസ് സേവന ദാതാക്കൾ അദ്ദേഹത്തിൻ്റെ അഭ്യർത്ഥന നിരസിക്കുകയും പകരം പ്രത്യേക പ്രതിമാസ ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ കോടതിയും ഈ തീരുമാനം ശരിച്ചുവച്ചു.

എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു അപ്പീൽ കോടതി കീഴ്‌ക്കോടതി വിധി റദ്ദാക്കി. ദക്ഷിണ കൊറിയൻ നിയമപ്രകാരമുള്ള പൊതു നിയമ വിവാഹത്തിനുള്ള വ്യവസ്ഥകൾ അനുസരിച്ചല്ല ഇരുവരുടെയും വിവാഹമെന്ന് അപ്പീൽ കോടതി അംഗീകരിച്ചു. എന്നാൽ, ദേശീയ ആരോഗ്യ ഇൻഷുറൻസിന് കീഴിൽ ആശ്രിത കവറേജിനായി രജിസ്റ്റർ ചെയ്യാൻ അവർക്ക് ഇപ്പോഴും അർഹതയുണ്ടെന്ന് കണ്ടെത്തി. കേസിൽ വ്യാഴാഴ്ച നടന്ന അന്തിമ വാദത്തിൽ, അപ്പീൽ കോടതിയുടെ വിധി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. സ്വവർഗ ദമ്പതികൾ പൊതു നിയമ പ്രകാരം വിവാഹിതരായ ദമ്പതികളെ പോലെ “സാമ്പത്തിക സഹവാസത്തിന് തുല്യമാണ്” എന്ന് വിധി പ്രസ്താവിച്ചു. “ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വിവാഹ സമ്പ്രദായത്തിൽ തുല്യത നേടുന്നതിനുള്ള ഒരു ചവിട്ടുപടിയായി ഇന്നത്തെ വിധി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ട സോ പറഞ്ഞു. “ഭർത്താവ്, ജീവിത പങ്കാളി എന്ന് സ്വയം വിശേഷിപ്പിക്കുമ്പോൾ, ദക്ഷിണ കൊറിയയിൽ തനിക്ക് ഒരിക്കലും നിയമപരമായി ആ പദവികൾ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ” കിം പറഞ്ഞു. എന്നാൽ ചില കാര്യങ്ങളെങ്കിലും കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post Thumbnail
പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന എംപിമാര്‍ക്ക് ജനത്തിന്റെ വധഭീഷണി; ദക്ഷിണ കൊറിയയില്‍ യൂന്‍ പുറത്തേക്കോ?വായിക്കുക

അവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റർനാഷണലിലെ കിഴക്കൻ ഏഷ്യൻ ഗവേഷകനായ ബോറാങ് ജാങ് വിധി ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. ” വ്യവസ്ഥാപിതമായ വിവേചനം ഇല്ലാതാക്കുന്നതിനും എല്ലാവരേയും ഉൾക്കൊള്ളുന്നതിനും ഒരു സുപ്രധാന ചുവടുവെപ്പ് ആണ് വിധി. അടിസ്ഥാനപരമായി ഉറപ്പുനൽകേണ്ട അവകാശങ്ങൾ സുരക്ഷിതമാക്കാൻ സ്വവർഗ ദമ്പതികൾ സഹിക്കേണ്ടിവരുന്ന ദൈർഘ്യമേറിയ ജുഡീഷ്യൽ പ്രക്രിയകളുടെ ഗൗരവമേറിയ ഓർമ്മപ്പെടുത്തലാണ് ഈ കേസ്.” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് എത്ര സ്വവർഗ ദമ്പതികൾ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നാൽ 2016 നും 2022 നും ഇടയിൽ, നിയമപരമായ വിവാ ഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നവർ സർക്കാർ കണക്കുകൾ പ്രകാരം 1ദശലക്ഷമാണ്. ദക്ഷിണ കൊറിയയിലെ യാഥാസ്ഥിതിക ക്രിസ്ത്യാനികൾ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനോ ലിംഗഭേദമോ പ്രായമോ ലൈംഗിക വ്യക്തിത്വമോ ഉള്ള ആളുകളെ സംരക്ഷിക്കുന്ന ഒരു വിവേചന വിരുദ്ധ നിയമം അവതരിപ്പിക്കുന്നതിനെതിരെ ദീർഘകാലമായി പ്രചാരണം നടത്തിവരുന്നു. എന്നാൽ നിലപാടുകൾ മാറുകയാണ്. നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, ദക്ഷിണ കൊറിയക്കാരിൽ 17 ശതമാനം പേർ മാത്രമാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചതെന്ന് സർവേ കമ്പനിയായ ഗാലപ്പ് കൊറിയ പറയുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തോടെ ഇത് 40 ശതമാനമായി ഉയർന്നു.

Content summary; South Korea’s Supreme Court said same-sex couples qualify for dependent coverage under the national health insurance

×