ഭിന്നശേഷിക്കാർക്കും ചലന പരിമിതിയുള്ളവർക്കും റെയിൽവേ യാത്ര കൂടുതൽ എളുപ്പമാക്കാൻ ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. ഇന്ത്യൻ റെയിൽവേയിൽ ഇത്തരമൊരു പദ്ധതി ആദ്യമായാണ് നടപ്പിലാക്കുന്നത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.
കാൽനടയായി സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകൾ കൂടുതൽ പ്രാപ്യമാക്കാൻ നിരവധി മാറ്റങ്ങൾ ഇതിനകം കൊണ്ടുവന്നിട്ടുള്ള തിരുവനന്തപുരം ഡിവിഷൻ, യാത്രാനുഭവം കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുകയാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ അധികൃതർ അഴിമുഖത്തോട് പ്രതികരിച്ചു.
2017-ൽ, ട്രെയിൻ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്ന റാമ്പുകൾ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ റെയിൽവേ ഡിവിഷൻ എന്ന ഖ്യാതി തിരുവനന്തപുരം ഡിവിഷൻ നേടിയിരുന്നു. ഈ നൂതന പദ്ധതിയുടെ തുടർച്ചയായാണ് പുതിയ മൊബൈൽ ആപ്പ് വരുന്നത്. വീൽചെയറിൽ എത്തുന്ന യാത്രക്കാർക്ക് അവരുടെ യാത്രയെക്കുറിച്ച് സ്റ്റേഷൻ അധികൃതരെ മുൻകൂട്ടി അറിയിക്കാൻ ഈ ആപ്പ് വഴി സാധിക്കും. ആപ്ലിക്കേഷൻ നിലവിൽ പ്ലാനിംഗ് സ്റ്റേജിൽ ആണ്. ഒരുപാട് സ്റ്റേഷനുകളിൽ നടപ്പിലാക്കാൻ പദ്ധതിയുണ്ട്.
സാധാരണ വീൽചെയറുകൾ ട്രെയിനിന്റെ ഇടുങ്ങിയ വാതിലുകളിലൂടെയും ഇടനാഴികളിലൂടെയും കടന്നുപോയി യാത്രക്കാരൻ ഇരിക്കുന്ന സീറ്റിനടുത്തെത്താൻ ബുദ്ധിമുട്ടാണ്. ഇത് വീൽചെയർ ഉപയോഗിക്കുന്ന യാത്രക്കാർക്ക് വലിയ അസൗകര്യമുണ്ടാക്കുന്നു, ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു എൻജിഒയുമായി സഹകരിച്ച് 15 സ്റ്റേഷനുകളിൽ ലൈറ്റ് വെയിറ്റ് ആയിട്ടുള്ള കസ്റ്റമൈസ്ഡ് വീൽചെയർ റാമ്പുകൾ നിലവിൽ പൂർത്തിയാക്കിയിട്ടുണ്ട്. യാത്രക്കാരൻ ഇരിക്കുന്ന സീറ്റിന്റെ അടുത്ത് വരെ വീൽചെയറിൽ എത്താൻ ഇത് സഹായിക്കും. ഒരു പോർട്ടറുടെ ചെറിയ സഹായം മാത്രം മതിയാകും വീൽചെയർ സീറ്റിനടുത്തെത്തിക്കാൻ.
ശാരീരിക പരിമിതികൾ അനുഭവിക്കുന്നവർക്ക് പ്രത്യേകം ക്രമീകരിച്ച ശുചിമുറികളും റാമ്പുകളും വീൽചെയറുകളും നിലവിൽ പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്. ഇവയ്ക്ക് പുറമെയാണ് പുതിയ പദ്ധതികൾ കൂടി ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. യാത്ര തുടങ്ങുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ എന്നിവ ആപ്പ് വഴി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലൂടെ, ആവശ്യമായ സഹായങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാൻ റെയിൽവേയ്ക്ക് സാധിക്കും. നിലവിൽ, വീൽചെയർ യാത്രക്കാർക്ക് റെയിൽവേയുടെ 139 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയോ സ്റ്റേഷൻ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ ചെയ്യാം.
പുതിയ ആപ്പിന്റെ വരവോടെ ഈ നടപടിക്രമങ്ങൾ പൂർണ്ണമായും ലളിതമാകും. ആപ്ലിക്കേഷനിൽ കൂടുതൽ ഫീച്ചറുകളും ഓപ്ഷനുകളും ഉൾപ്പെടുത്തുന്നതിനായി സാങ്കേതിക വിദഗ്ധരുമായി ചേർന്നുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഈ വർഷം തന്നെ ആപ്പ് പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി 2017-ൽ തിരുവനന്തപുരം ഡിവിഷൻ അവതരിപ്പിച്ച റാമ്പുകൾക്ക് ഏകദേശം 60 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ഇവ കൈകാര്യം ചെയ്യാൻ കുറഞ്ഞത് രണ്ട് പേരുടെ സഹായം വേണ്ടിയിരുന്നു. പുതിയ റാമ്പുകൾ കൂടുതൽ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാണെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
ഈ വർഷം ഡിവിഷനിലെ തിരക്കേറിയ എല്ലാ സ്റ്റേഷനുകളിലും ഇവ വിന്യസിക്കാൻ പദ്ധതിയുണ്ട്. പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാർ കടന്നുപോകുന്ന തിരുവനന്തപുരം സെൻട്രൽ, കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷൻ, തൃശൂർ, ഗുരുവായൂർ എന്നി സ്റ്റേഷനുകൾക്കാകും ആദ്യ ഘട്ടത്തിൽ പുതിയ റാമ്പുകൾ ലഭ്യമാക്കുക.
ഈ ഡിജിറ്റൽ മുന്നേറ്റങ്ങളിലൂടെയും ഭൗതിക സാഹചര്യങ്ങളിലെ മെച്ചപ്പെടുത്തലുകളിലൂടെയും ഭിന്നശേഷിയുള്ള യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും സൗകര്യത്തോടെയും സഞ്ചരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ.
content summary: Southern Railway’s plans app to assist wheelchair users
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.