February 19, 2025 |

ഒന്നും ചെയ്യാതെയുമിരിക്കു; സ്‌പേസ് ഔട്ട് മത്സരത്തിലെ വിജയി നിങ്ങളായിരിക്കും

ഹൃദയമിടിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ കണ്ടെത്തുക

ദക്ഷിണ കൊറിയയിലെ സിയോളിൽ, പ്രശസ്തമായ ജിയോങ്‌ബോക്‌ഗുങ് കൊട്ടാരത്തിന് മുന്നിൽ, നനഞ്ഞ യോഗ മാറ്റുകളിൽ ഇരിക്കുന്ന ഡസൻ കണക്കിന് ആളുകളുടെ ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ശൂന്യകാശത്തേക്ക് ചിന്താഭാരമില്ലാതെ ഉറ്റു നോക്കികൊണ്ടിരുന്ന ഇവർ ഡോക്ടർമാരുടെ വസ്ത്രവും, സ്കൂൾ യൂണിഫോമും, ഓഫീസ് ഫോർമൽസും വരെ ധരിച്ചിരുന്നു. എന്തിനാണ് ഇവർ ഒത്തുകൂടിയത് ?space-out game

അന്താരാഷ്‌ട്ര “സ്‌പേസ് ഔട്ട് മത്സര”ത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികളായിരുന്നു ഇവർ. സാധാരണയായി കണ്ടുവരുന്ന മത്സരങ്ങളിൽ നിന്ന് മാറി സ്‌പേസ് ഔട്ടിൽ വലിയ നിബന്ധനകൾ ഒന്നുമില്ല, മത്സരാർത്ഥികൾ വെറുതെ ഇരുന്നാൽ മാത്രം മതി. ഇരിക്കുന്നതിനിടക്ക് എപ്പോഴെങ്കിലും ഇവർ ഉറങ്ങുകയാണെങ്കിൽ മത്സരത്തിൽ നിന്ന് പുറത്താകും. ഇവരുടെ ഹൃദയമിടിപ്പ് സംഘാടകർ പരിശോധിച്ചു കൊണ്ടിരിക്കും. ഈ ഹൃദയമിടിപ്പ് ഒരേ പോലെ തുടരുന്ന വ്യക്തി ആയിരിക്കും മത്സരത്തിൽ വിജയിക്കുക.

2014-ൽ പ്രാദേശിക കലാകാരൻ വൂപ്‌സ്യാങ് ആണ് സ്പേസ്-ഔട്ട് മത്സരം ആദ്യമായി സംഘടിപ്പിച്ചത്. വർഷങ്ങൾ തോറും ഈ മത്സരത്തിന്റെ ഖ്യാതിയും വർധിച്ചു. വിഷ്വൽ ആർട്ട് എന്ന് വിളിക്കപ്പെടുന്ന ഈ മത്സരം തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് മാറി വെറുതെ സമയം ചെലവഴിക്കുന്നതിന്റെ പ്രാധാന്യം കൂടി വെളിപ്പെടുത്തുന്നുണ്ട്. ചുറ്റുപാടുമുള്ള ലോകം  തിരക്കിലാണെങ്കിലും ചില സമയങ്ങളിൽ വിശ്രമിക്കേണ്ടതിന്റെ ആവശ്യകത മത്സരം പറയുന്നുണ്ട്.

മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ആളുകൾ പലപ്പോഴും വളരെ ദൈർഘ്യമേറിയ മണിക്കൂർ ആളുകൾ ജോലി ചെയ്യുന്നത് ദക്ഷിണ കൊറിയയിലാണ്. 2018-ൽ, പ്രതിവാര ജോലി സമയം 52 ആയി കുറച്ചെങ്കിലും ജോലിയും ക്ഷീണവും മാറ്റമില്ലാതെ തുടർന്നു. എന്നാൽ 2023 ൽ, പരമാവധി ആഴ്ചയിലെ ജോലി സമയം 69 മണിക്കൂറായി ഉയർത്താൻ സർക്കാർ നിർദേശം വച്ചിരുന്നു. സർക്കാരിന്റെ പുതിയ നയം വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിയമം പിൻവലിക്കാൻ ദക്ഷിണ കൊറിയൻ ഗവണ്മെന്റ് നിരബന്ധിതരായിരുന്നു. രാജ്യത്തെ വിദ്യാർത്ഥികളും ഈ സമ്മർദത്തിന് കീഴിലാണ്. ” എജ്യൂക്കേഷൻ ഫീവർ” എന്ന് വിളിക്കുന്ന അവസ്ഥയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. സ്വകാര്യ അക്കാദമികളിലെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പഠനവും, തുടർന്ന് രാജ്യത്തെ മുൻനിര സർവകലാശാലകളിൽ ഉന്നത പഠനത്തിന് ചേരാനും, ഉയർന്ന കമ്പനികളിൽ ജോലി നേടാനുമുള്ള പ്രതീക്ഷയാണ് ഇവരെ സമ്മർദത്തിലേക്ക് നയിക്കുന്നത്.

19-34 വയസ് പ്രായമുള്ളവരെ ലക്ഷ്യമിട്ട് 2022-ൽ സർക്കാർ നടത്തിയ ഒരു സർവേയുടെ കണ്ടെത്തലുകൾ ഭയപ്പെടുത്തുന്നതായിരുന്നു. മൂന്നിൽ ഒന്ന് യുവാക്കൾക്ക് തങ്ങളുടെ ഭാവിയെ കുറിച്ച് വലിയ ആശങ്കയുണ്ട്, അതായത് രാജ്യത്തെ 37.6% ആളുകളും ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നു. ജോലിയുടെ അമിതഭാരം അനുഭവപ്പെടുന്നവർ  21.1% ശതമാനമാണ്, ജോലിയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചവർ  14.0% വും ജോലിയിലും ജീവിതത്തിലും  അസന്തുലിതാവസ്ഥ നേരിടുന്ന 12.4% യുവാക്കളും രാജ്യത്തുണ്ട്. ഇക്കാരണങ്ങളാൽ ഇവരിൽ മാനസിക ശാരീരിക തളർച്ച അനുഭവപ്പെട്ടതായി കണ്ടെത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സ്പേസ്-ഔട്ട് മത്സത്തിന് പ്രാധാന്യം ലഭിച്ചത്. ടോക്കിയോ, തായ്‌പേയ്, ബീജിംഗ്, റോട്ടർഡാം തുടങ്ങിയ നഗരങ്ങളിലാണ് മുമ്പ് മത്സരം നടന്നത്. സ്വദേശികളെ കൂടാതെ ഫ്രാൻസ്, നേപ്പാൾ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, മലേഷ്യ എന്നിവടങ്ങളിൽ നിന്നും ആളുകൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അപ്രതീക്ഷിതമായി എത്തിയ മഴ ആശങ്ക ഉണ്ടാക്കിയെങ്കിലും, കുടയും ഡിസ്പോസിബിൾ പോഞ്ചോകളും കയ്യിൽ കരുതിയ മത്സരാർത്ഥികളെ മഴ ബാധിച്ചില്ല. മത്സരം പുരോഗമിക്കുന്നതിനിടെ ചിലർ ആകാശം നോക്കി നിലത്ത് കിടന്നു, മറ്റു ചിലർ ധ്യാനത്തിനിരിക്കുന്ന അവസ്ഥയിൽ ഇരുന്നു. ചില സാഹചര്യങ്ങളിൽ സ്‌പേസ് ഔട്ട് ചെയ്യാൻ മത്സരം ആളുകളെ സഹായിക്കുമെന്ന് ഹോസ്റ്റ് അഭിപ്രായപ്പെട്ടു.

മത്സരത്തിൽ വിജയം നേടിയത് ചിലിയിൽ നിന്നുള്ള വാലൻ്റീന വിൽച്ചസ് ആയിരുന്നു. ദക്ഷിണ കൊറിയയിൽ സൈക്കോളജി കൺസൾട്ടൻ്റായി ജോലി ചെയ്യുകയാണ് വാലൻ്റീന. ഒരു വിനോദമെന്ന നിലക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. എന്നാൽ മത്സരത്തിൽ നിന്ന് നേടിയ അനുഭവം തന്റെ രോഗികൾക്ക് കൂടി പകർന്നു കൊടുക്കാൻ സാധിക്കുന്നതാണെന്നും അവർ പറഞ്ഞു.

Content summary; A game called the ‘space-out ‘ is for the most relaxed people in the world. space-out game

×