കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ കോച്ച് സ്റ്റീവ് കോപ്പല്‍ ടീം വിട്ടതിന്റെ കാരണം വിശദീകരിച്ചുള്ള വാര്‍ത്തയില്‍ തലക്കെട്ടില്‍ മാറ്റം വരുത്തി എഷ്യാനെറ്റ്. ‘കോപ്പലാശാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ കാരണം സി.കെ വിനീതെ’ന്ന തലക്കെട്ടോടെ ചാനലിന്റെ ന്യൂസ് വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയാണ് പിന്നീട് ‘കോപ്പലാശാന്‍ ബ്ലാസ്റ്റേര്‍സ് വിടാന്‍ കാരണം ഇതാണ്…’ എന്ന തലക്കെട്ടാക്കി ചാനല്‍ മാറ്റിയത്. വിനിതിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷമാണ് ചാനല്‍ തലക്കെട്ടില്‍ മാറ്റം വരുത്തിയത്.
വര്‍ത്ത ഷെയര്‍ ചെയ്ത ശേഷം ‘എന്നാലും എന്റെ ഏഷ്യാനെറ്റേ സത്യമായിട്ടും ഞാന്‍ ഒന്നു പേടിച്ചു, ആ ഹെഡ്‌ലൈനില്‍ ഇത്തിരി മാന്യത കാണിക്കാമായിരുന്നുവെന്നും നിങ്ങളുടെ വെബ്‌ഡെസ്‌കില്‍ ആ സാധനം ഉള്ള ആരും ഇല്ലെയെന്നും’ ചോദിച്ചായിരുന്നു കേരളതാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതിനെ തുടര്‍ന്ന് ചാനല്‍ തലക്കെട്ട് മാറ്റുകയായിരുന്നു. അതിനു ശേഷം ‘ഏഷ്യാനെറ്റ് അവരുടെ തെറ്റ് തിരുത്തി ഇനി മനുഷ്യരെ കബളിപ്പിക്കുന്ന രീതിയിലുള്ള തലകെട്ടുകള്‍ ഇനി ഉണ്ടാകാതിരിക്കട്ടെ’യെന്നും സി.കെ വിനീത് പോസ്‌ററിട്ടു.